സിപിഎമ്മില്‍ കൂടുതലുമുള്ളത് ചിരിക്കാത്ത ധാര്‍ഷ്ട്യക്കാര്‍,ശൈലജയ്ക്ക് ഹൃദ്യമായി ചിരിക്കാനെങ്കിലും അറിയാം;മുല്ലപ്പള്ളി

തിരുവനന്തപുരം: മന്ത്രി കെ.കെ ശൈലജ ടീച്ചറെ കൊവിഡ് റാണിയെന്നും നിപ രാജകുമാരിയെന്നും വിളിച്ച് അപമാനിച്ചതിന് പിന്നാലെ വലിയ വിമര്‍ശനമാണ് മുല്ലപ്പള്ളിക്ക് നേരിടേണ്ടി വന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വരെ രൂക്ഷമായ ഭാഷയിലാണ് മുല്ലപ്പള്ളിയെ വിമര്‍ശിച്ചത്. എന്നാലിപ്പോള്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജയെ സഹോദരിയായിട്ടേ എന്നും കണ്ടിട്ടുള്ളൂവെന്നാണ് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചിരിക്കുന്നത്. അവരെ അധിക്ഷേപിച്ച് സംസാരിച്ചിട്ടില്ലെന്നും എന്നാല്‍ രാഷ്ട്രീയമായി പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

തികച്ചും ആകസ്മികമായി, നര്‍മ്മത്തോടെ സരസമായി പറഞ്ഞ കാര്യങ്ങളാണ് വളച്ചൊടിച്ച് വിവാദമാക്കാന്‍ ചിലര്‍ ശ്രമിച്ചതെന്നുംമുല്ലപ്പള്ളി. നിപയെ പ്രതിരോധിച്ചത് ആരോഗ്യ പ്രവര്‍ത്തകരുടെ മിടുക്കായിരുന്നു. മുഖ്യമന്ത്രി ചുമതലപ്പെടുത്തിയ ആരോഗ്യമന്ത്രിയോ എക്‌സൈസ് മന്ത്രിയോ ട്രാന്‍സ്‌പോര്‍ട്ട് മന്ത്രിയോ അവിടേക്ക് തിരിഞ്ഞു നോക്കിയിരുന്നില്ല. അതാണ് ഞാന്‍ പറഞ്ഞത്. അവര്‍ മോണിട്ടര്‍ ചെയ്തിട്ടുണ്ടാവാം. എന്നാല്‍ ജനങ്ങള്‍ക്ക് ആത്മവിശ്വാസം പകരാന്‍ അവിടെയെത്തിയിരുന്നില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Loading...

ശൈലജയുമായും കുടുംബവുമായും തനിക്ക് ദീര്‍ഘവര്‍ഷത്തെ സൗഹൃദമുണ്ട്.തിരിച്ചും സ്‌നേഹ ബഹുമാനത്തോടെ മാത്രമേ അവര്‍ പെരുമാറിയിട്ടുമുള്ളൂവെന്നും മുന്‍പും ജനങ്ങളെ ആകര്‍ഷിക്കും വിധം നല്ല രീതിയില്‍ പെരുമാറുന്ന മന്ത്രിയാണ് ശൈലജയെന്നും മുല്ലപ്പള്ളി. ഒന്നുമല്ലെങ്കിലും ഹൃദ്യമായി ചിരിക്കാന്‍ അവര്‍ക്ക് അറിയാം. ചിരിക്കാത്ത ധാര്‍ഷ്ട്യമുള്ള നേതാക്കളാണ് സി.പി.എമ്മില്‍ കൂടുതല്‍. റോക്ക് സ്റ്റാറിന്റെ അര്‍ത്ഥം അറിയാത്ത ആളൊന്നുമല്ല ഞാന്‍. പത്രസമ്മേളനത്തില്‍ തടവുകാരിയാക്കി മുഖ്യമന്ത്രി ശൈലജയെ നോക്കുകുത്തിയാക്കിയിരിക്കുകയാണ്. ശബ്ദിക്കാന്‍ അവകാശമില്ല. ആരോഗ്യ മന്ത്രിയെന്ന നിലയില്‍ ശൈലജയ്ക്ക് കാര്യങ്ങള്‍ നന്നായി വിശദീകരിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ അതിനവസരം നല്‍കാത്തത് മുഖ്യമന്ത്രിയുടെ ഉപജാപക സംഘത്തിന്റെ ഗൂഢാലോചനയാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.