നികുതി കുടിശ്ശിക: റിപ്പോര്‍ട്ടര്‍ മേധാവി എംവി നികേഷ് കുമാറിനെ കോടതി ജാമ്യത്തില്‍ വിട്ടു.

കൊച്ചി: സേവന നികുതി കുടിശിക വരുത്തിയതിന് സെന്‍ട്രല്‍ എക്‌സൈസ് വിഭാഗം അറസ്റ്റ് ചെയ്ത റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവി എംവി നികേഷ് കുമാറിനെ കോടതി ജാമ്യത്തില്‍ വിട്ടു. കുടിശിക ഇനത്തില്‍ 1.10 കോടി രൂപ അടച്ചതിന്റെ രേഖകള്‍ ഹാജരാക്കിയ സാഹചര്യത്തിലാണ് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള കോടതി ജാമ്യത്തില്‍ വിട്ടത്.

ഒന്നര കോടിയോളം വരുന്ന കുടിശിക തുക പരിച്ചെടുക്കുന്നതിനാണ് സെന്‍ട്രല്‍ എക്‌സൈസ് വിഭാഗം നിയമ നടപടികള്‍ സ്വീകരിച്ചത്. രാവിലെ റിപ്പോര്‍ട്ടര്‍ ചാനലില്‍ ഓഫീസിലെത്തിയ സെന്‍ട്രല്‍ എക്‌സൈസ് സംഘം നികേഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഈ ഘട്ടത്തില്‍തന്നെ കുടിശികയില്‍ ഒരുഭാഗം അടച്ചാല്‍ അറസ്റ്റ് ഒഴിവാക്കാമെന്ന് ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു.

Loading...

50 ലക്ഷത്തിന്റെ മുകളില്‍ കുടിശികയുള്ള ആരെയും സെന്‍ട്രല്‍ എക്‌സസൈസ് വകുപ്പിന് സ്വമേധയാ അറസ്റ്റ് ചെയ്യാനുള്ള അധികാരം ഉണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം.

കുടിശിക തുക രാവിലെ തന്നെ അടയ്ക്കുമെന്ന് അറിച്ചെങ്കിലും ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് എത്തും മുന്പ് സെന്‍ട്രല്‍ എക്‌സൈസ് സംഘം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഉച്ചയോടെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള കോടതി ഹാജരാക്കുകയും ചെയ്തു. ഹൈക്കോടതി ഉത്തരവും 1.10 കോടി രൂപ അടച്ച ഡിഡിയുടെ പകര്‍പ്പും ഹാജരാക്കിയ സാഹചര്യത്തില്‍ നികേഷ് കുമാറിനെ വൈകിട്ടോടെ കോടതി വിട്ടയച്ചു.

രാവിലെ ചാനലിന്റെ കളമശ്ശേരിയിലുള്ള ഓഫീസിലെത്തിയ സെന്‍ട്രല്‍ എക്‌സൈസ് സംഘം നികേഷ് കുമാറിനെ ക്യാബിനിനുള്ളില്‍ തടഞ്ഞു വച്ചുവെന്നും നികേഷിനെ ചാനലിലെ മറ്റാരുമായും സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും പരാതി ഉയര്‍ന്നിരുന്നു എന്നാണ് അറിയാനാവുന്നത്. അന്തരിച്ച സിഎംപി നേതാവ് എംവി രാഘവന്റെ മകനാണ് നികേഷ് കുമാര്‍.