ഗൈനക്കോളജിസ്റ്റ് അവധിയില്‍: ഇ.എന്‍.ടി ഡോക്ടര്‍ പ്രസവം എടുത്തു

ചെറുതോണി: സകല മെഡിക്കല്‍ നിയമങ്ങളും കാറ്റില്‍പറത്തി ഗൈനക്കോളജി ഡോക്ടര്‍ അവധിയെടുത്ത് അടിച്ചുപൊളിക്കാന്‍ പോയപ്പോള്‍ ഇ.എന്‍.ടി ഡോക്ടര്‍ ഗൈനക്കോളജിസ്റ്റായി വേഷമിട്ടു. ഇടുക്കി മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രസവത്തിനെത്തിയ യുവതിക്ക്‌ ഒടുവില്‍ ഇ.എന്‍.ടി ഡോക്‌ടര്‍ തുണയായി. ഈസ്‌റ്റര്‍ അവധിയാഘോഷിക്കാന്‍ പോയ ഗൈനക്കോളജി ഡോക്‌ടര്‍മാരുടെ അഭാവത്തിലാണ്‌ ഇ.എന്‍.ടി. ജനറല്‍ മെഡിസിന്‍ ഡോക്‌ടര്‍ നവാസിന്റെ സമയോചിത ഇടപെടല്‍ യുവതിയുടെ ജീവന്‍ രക്ഷിച്ചത്‌.

പ്രസവവേദനയെത്തുടര്‍ന്ന്‌ മെഡിക്കല്‍ കോളജിലെത്തിയ യുവതിയെ പരിശോധിക്കാന്‍ ഗൈനക്കോളജിസ്‌റ്റ്‌ ഡ്യൂട്ടിയിലുണ്ടായിരുന്നില്ല. കഠിന വേദനയെത്തുടര്‍ന്ന്‌ ഫ്‌ളൂയിഡ്‌ ഒഴുകുന്നതിനൊപ്പം കുട്ടിയുടെ തല വെളിയില്‍ വന്ന അവസ്‌ഥയിലാണ്‌ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. യുവതിയുടെ അവസ്‌ഥ വിളിച്ചറിയിച്ച ആശുപത്രി ജീവനക്കാരോട്‌ കേസ്‌ മറ്റെവിടേക്കെങ്കിലും റഫര്‍ ചെയ്യാനാണ്‌ ഗൈനക്കോളജി ഡോക്‌ടര്‍ നിര്‍ദ്ദേശിച്ചത്‌.

Loading...

ഈ അവസ്‌ഥയില്‍ യുവതിയെ മറ്റൊരാശുപത്രിയിലേക്കു മാറ്റുന്നത്‌ അപകടകരമായതിനാല്‍ ഡോക്‌ടര്‍ നവാസിന്റെ നേതൃത്വത്തിലുള്ള സംഘം ജൂനിയര്‍ ഡോക്‌ടര്‍മാരായ ഡോ. അംബിക, ഡോ. മീര എന്നിവരുടെ സഹായത്തോടെ പ്രസവം എടുക്കുകയായിരുന്നു. തുടര്‍ന്ന്‌ ഡോക്‌ടര്‍ നവാസ്‌ സ്വന്തം കാര്‍ അയച്ച്‌ കട്ടപ്പന സെന്റ്‌ ജോണ്‍സ്‌ ആശുപത്രിയില്‍നിന്ന്‌ ഗൈനക്കോളജിസ്‌റ്റായ ഡോക്‌ടര്‍ സഫ്രാസിനെ വരുത്തി യുവതിക്ക് വൈദ്യസഹായം ഉറപ്പാക്കി.

യുവതിയുടെ ആദ്യ പ്രസവം പത്തുവര്‍ഷം മുമ്പ്‌ നടന്നതു മൂലം ഇപ്പോഴത്തെ സാഹചര്യം നിര്‍ണയിക്കുന്നതിന്‌ ബുദ്ധിമുട്ട്‌ നേരിട്ടതുകൊണ്ടാണ്‌ കട്ടപ്പനയില്‍നിന്നു ഡോക്‌ടറെ വരുത്തിയത്‌. രണ്ടു ഗൈനക്കോളജിസ്‌റ്റുമാര്‍ ജോലി ചെയ്യുന്ന മെഡിക്കല്‍ കോളജില്‍ ഒരാള്‍ അവധിക്ക്‌ പോകുമ്പോള്‍ മറ്റൊരാള്‍ ഡ്യൂട്ടിയിലുണ്ടാകണമെന്ന്‌ നിയമമുണ്ട്‌. എന്നാല്‍ ഇതും ഇവിടെ പാലിക്കപ്പെട്ടിട്ടില്ലെന്നാണ്‌ ആരോപണം.