നരേന്ദ്ര മോദി ഇന്ത്യയുടെ മുഖ്യ പരിഷ്കര്‍ത്താവ്: ഒബാമ

വാഷിങ്ടണ്‍: നരേന്ദ്രമോദി ഇന്ത്യയുടെ മുഖ്യ പരിഷ്കര്‍ത്താവാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ച് ടൈം മാഗസിനിലാണ് യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമയുടെ ഈ കുറിപ്പ്. ലോകത്തിലെ സ്വാധീനമുള്ള 100 വ്യക്തികളെ പറ്റി ടൈം മാഗസിന്‍ പ്രസിദ്ധീകരിച്ച പതിപ്പില്‍ മോദിയെ പരിചയപ്പെടുത്തിയാണ് ഒബാമയുടെ കുറിപ്പ്. ഇന്ത്യയുടെ മുഖ്യപരിഷ്കര്‍ത്താവാണ് മോദി. ചായക്കച്ചവടക്കാരനില്‍ നിന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയായ മോദിയുടെ ഉയര്‍ച്ച ഇന്ത്യയുടെ കൂടി ഉയര്‍ച്ചയെയാണ് കാണിക്കുന്നതെന്ന് ഒബാമ പറയുന്നു. ദാരിദ്ര്യ നിര്‍മാര്‍ജനം, വിദ്യാഭ്യാസ പുരോഗതി, സ്ത്രീ ശാക്തീകരണം എന്നീ കാര്യങ്ങളില്‍ മോദിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഒരു ഡിജിറ്റല്‍ രാജ്യമാണ് മോദിയുടെ സങ്കല്‍പത്തിലെ ഇന്ത്യ. യോഗയുടെ ഉപാസകനായ മോദി ട്വിറ്ററിലൂടെ ജനങ്ങളുമായി സംവദിക്കുന്നെന്നും ഒബാമ പറഞ്ഞു. അതേസമയം ഒബാമയുടെ അഭിനന്ദനങ്ങള്‍ക്ക് മോദി ട്വിറ്ററിലൂടെ നന്ദി പറഞ്ഞു. ‘പ്രിയപ്പെട്ട ഒബാമ, ഹൃദയസ്പര്‍ശിയും പ്രോത്സാഹനാജനകവുമായ വാക്കുകളാണ് നിങ്ങളുടേത്. നന്ദി’ മോദി ട്വിറ്ററില്‍ കുറിച്ചു.