യെച്ചൂരിയോ, രാമചന്ദ്രനോ: ആരാവും പുതിയ സി.പി.ഐ(എം) ജനറൽ സെക്രട്ടറി?

വിശാഖപട്ടണം: പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് മാറുന്ന സാഹചര്യത്തില്‍ ആരാവും അടുത്ത സി.പി.ഐ(എം) ജനറല്‍ സെക്രട്ടറി എന്നതിനെപ്പറ്റി ചര്‍ച്ചകള്‍ മുറുകുന്നു. സി.പി.എം പാർട്ടി കോൺഗ്രസിന് തിരശ്ശീല വീഴാൻ രണ്ടു ദിവസംകൂടി മാത്രമെ ശേഷിക്കുന്നുള്ളു. എന്നാല്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ആരെന്ന് ഇതുവരെയും തീരുമാനമായിട്ടില്ല. സി.പി.എമ്മിന്റെ ചരിത്രത്തിൽ മുൻപൊരിക്കലും ഇങ്ങനെ ഒരു സസ്പെൻസ് ഉണ്ടായിട്ടില്ല. പുതിയ സെക്രട്ടറി സീതാറാം യെച്ചൂരിയോ, എസ്. രാമചന്ദ്രൻ പിള്ളയോ ആയിരിക്കാനാണ് സാധ്യതകള്‍ എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പാർട്ടി നേതൃത്വത്തിൽ ഇനിയും അഭിപ്രായ സമന്വയം ഉണ്ടായിട്ടില്ല. ഒടുവിൽ വോട്ടെടുപ്പ് വേണ്ടി വരുമോ എന്ന സന്ദേഹവുമുണ്ട്. വോട്ടെടുപ്പ് നടന്നാൽ അത് പുതിയ ചരിത്രമാവും. ജനറൽ സെക്രട്ടറിയെ നിശ്ചയിക്കാൻ ഇതുവരെ വോട്ടെടുപ്പ് നടന്നിട്ടില്ല. പാർട്ടി കോൺഗ്രസ് തുടങ്ങുന്നതിന് മുൻപ് ജനറൽ സെക്രട്ടറി ആരെന്ന് തീരുമാനിക്കപ്പെടാറാണ് പതിവ്.

Loading...

പ്രകാശ് കാരാട്ട് മാറുന്നതോടെ സീതാറാം യെച്ചൂരി സ്വാഭാവികമായും അടുത്ത ജനറൽ സെക്രട്ടറി ആകുമെന്നാണ് നേരത്തേ കരുതിയിരുന്നത്. എന്നാൽ പാർട്ടി കോൺഗ്രസ് അടുത്തു വന്നതോടെ എസ്. രാമചന്ദ്രൻപിള്ളയുടെ പേരും ശക്തമായി ഉയർന്നു വന്നു. ഇപ്പോഴാകട്ടെ വ്യക്തമായ രണ്ട് അപ്രഖ്യാപിത സ്ഥാനാർത്ഥികളായി ഇരുവരും മാറിയിരിക്കുന്നു. രണ്ടു പേർക്കും അനുകൂലമായും പ്രതികൂലമായുമുള്ള വാദമുഖങ്ങളും പ്രചരിക്കുന്നു. രണ്ടു പേരും കേന്ദ്ര കമ്മിറ്റിയിലെത്തിയത് 1985 ലാണ്. പി.ബിയിൽ 92 ലും. പ്രകാശ് കാരാട്ട് കഴിഞ്ഞാൽ സി.പി.എമ്മിന്റെ മുഖമായി ദേശീയ തലത്തിലും അന്തർദ്ദേശീയ തലത്തിലും കണക്കാക്കപ്പെടുന്നത് സീതാറാം യെച്ചൂരിയാണ്. സൈദ്ധാന്തിക തലത്തിലും യെച്ചൂരിക്ക് മികവ് കൂടും. ദേശീയ തലത്തിൽ മറ്റു പാർട്ടി നേതാക്കളുമായുള്ള ബന്ധവും യെച്ചൂരിക്കാണ്.

സംഘടനാ ചുമതലയുള്ള സെക്രട്ടറി എന്നതാണ് എസ്.ആർ.പിക്കുള്ള പ്രധാന അനുകൂല ഘടകം. സാധാരണ സംഘടനാ ചുമതലയുള്ള സെക്രട്ടറിമാരാണ് ജനറൽ സെക്രട്ടറി പദത്തിലെത്താറ്. പാർട്ടി കേരളാ ഘടകത്തിന്റെ മിക്കവാറും പിന്തുണയും എസ്.ആർ.പിക്കുണ്ട്. രാജ്യത്തെ ഏറ്റവും പ്രബല പാർട്ടി ഘടകമാണ് കേരളത്തിലേത്. ഇപ്പോൾ തമിഴ്‌നാട് ഘടകത്തിന്റെ പിന്തുണയും എസ്.ആർ.പിക്ക് ലഭിച്ചതായി പ്രചാരണമുണ്ട്. വി.എസിനോട് ആഭിമുഖ്യം പുലർത്തുന്ന നിലപാടാണ് യെച്ചൂരി സ്വീകരിക്കാറുള്ളത് എന്നതാണ് കേരള ഘടകത്തെ യെച്ചൂരിക്ക് എതിരാക്കുന്നത്.

അതേസമയം പശ്ചിമബംഗാൾ ഘടകം യെച്ചൂരിക്കൊപ്പം നിലയുറപ്പിച്ചിരിക്കുന്നു. കേരളത്തിലെ സംഘടനാ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി തന്നെ എസ്.ആർ.പിക്കെതിരെ പ്രചാരണവും നടക്കുന്നു. 99ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി നയത്തിന് വിരുദ്ധമായി പി.ഡി.പിയുമായി കേരളത്തിൽ സംഖ്യമുണ്ടാക്കിയപ്പോൾ പ്രകാശ് കാരാട്ടിനൊപ്പം സംഘടനാ ചുമതലയുള്ള എസ്.ആർ.പിക്കും അത് തടയാനായില്ല എന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. ജനതാദളും ആർ.എസ്.പിയും കേരളത്തിൽ ഇടതു മുന്നണി വിട്ടപ്പോഴും കേന്ദ്ര നേതൃത്വത്തിൽ ഇവർക്ക് അത് തടയാൻ കഴിഞ്ഞില്ല. രണ്ടു പേരും രംഗത്ത് ഉറച്ചു നിൽക്കുകയാണെങ്കിലും മത്സരത്തിന് സാദ്ധ്യത കുറവാണെന്നാണ് നേതാക്കൾ പറയുന്നത്. പുതുതായി തിരഞ്ഞെടുക്കുന്ന 87 അംഗ കേന്ദ്ര കമ്മിറ്റിയാണ് ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കേണ്ടത്. കേരളത്തിൽ നിന്ന് 14 പേരും പശ്ചിമ ബംഗാളിൽ നിന്ന് 15 അംഗങ്ങളുമുണ്ട്. പുതിയ ജനറൽ സെക്രട്ടറിയുടെ തിരഞ്ഞെടുപ്പിൽ സ്ഥാനം ഒഴിയുന്ന ജനറൽ സെക്രട്ടറിയുടെ നിലപാട് വളരെ നിർണായകമാണ്. അദ്ദേഹം ഒരു പേര് പ്രഖ്യാപിച്ചാൽ സാധാരണ എതിർപ്പുണ്ടാവാത്തതാണ്.