ജനങ്ങളെ സഹായിക്കണമെങ്കില്‍ ചട്ടങ്ങളില്‍ മാറ്റം വരുത്തണം: ഉമ്മന്‍ ചാണ്ടി

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ചട്ടങ്ങളില്‍ വരുന്ന തടസ്സങ്ങളാണ് പല പരാതികള്‍ക്കും പരിഹാരം കാണാന്‍ സാധിക്കാത്തതെന്നും ചട്ടങ്ങളില്‍ മാറ്റം വരുത്തി ജനങ്ങളെ സഹായിക്കാന്‍ സര്‍ക്കാര്‍ വേണ്ടത് ചെയ്യുമെന്നും മുഖ്യമന്ത്രി. ജനസമ്പര്‍ക്ക പരിപാടിയുടെ മൂന്നാഘട്ടമായ `കരുതല്‍– 2015′ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്‌ടി ഉദ്‌ഘാടനംചെയ്‌തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മുന്‍പുനടത്തിയ ജനസമ്പര്‍ക്ക പരിപാടികളുടെ അടിസ്ഥാനത്തില്‍ പൊതുനന്മയ്ക്കു തടസങ്ങളാകുന്ന നിരവധി ചട്ടങ്ങളില്‍ മന്ത്രിസഭ ഇതിനോടകം മാറ്റം വരുത്തിയിട്ടുണ്ട്. എല്ലാ പരാതികള്‍ക്കും പരിഹാരം കാണാന്‍ പറ്റില്ലെന്ന്‌ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്‌. എന്നാല്‍, കിട്ടുന്ന പരാതിയില്‍ ന്യായമായിട്ടുള്ളതിനു പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു.

Loading...

തിരുവനന്തപുരം ജില്ലയില്‍ 16,253 പരാതികളാണു ലഭിച്ചിരുന്നത്‌. ഇതില്‍ 15,810 പരാതികള്‍ നേരത്തേതന്നെ പരിശോധിച്ചു വിവിധ വകുപ്പുകളിലേക്ക്‌ അയച്ചു. രാത്രി വൈകിയും അപേക്ഷകളും പരാതികളുമായി മുഖ്യമന്ത്രിയെ കാണാന്‍ ആളുകള്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ എത്തി. കഴിഞ്ഞ ദിവസം വരെയുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ക്കു മാത്രം 3.28 കോടി രൂപയുടെ സഹായമാണു ജനസമ്പര്‍ക്കത്തില്‍ വിതരണം ചെയ്‌തത്‌. ഇതുകൂടാതെ വൈകുന്നേരം വരെ നല്‍കിയത്‌ 35.30 ലക്ഷം രൂപയുടെ സഹായമാണ്‌. നേരത്തേ അപേക്ഷിച്ചവരില്‍ ഏറ്റവും അര്‍ഹരായ 164 പേരുടെ അപേക്ഷകളാണു മുഖ്യമന്ത്രി നേരിട്ടു വേദിയില്‍ പരിഗണിച്ചത്‌. ചുരുങ്ങിയ സമയത്തിനുള്ളില്‍ പകുതിയിലധികം പരാതികളില്‍ തീരുമാനമെടുത്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സമര്‍പ്പിച്ച 5,784 അപേക്ഷകളില്‍ 5,567ലും തീരുമാനമെടുത്തു. ഇക്കുറി രോഗികള്‍ക്കും കിടപ്പിലായവര്‍ക്കും സഹായങ്ങളെത്തിക്കാന്‍ ഉദ്യോഗസ്ഥരെ പരാതിക്കാരുടെ വീടുകളില്‍ എത്തിക്കാനുള്ള സൌകര്യവും ഒരുക്കിയിട്ടുള്ളതായി മുഖ്യമന്ത്രി അറിയിച്ചു