ഉമ്മന്‍ ചാണ്ടിയുടെ ഫേസ്ബുക്ക് പേജില്‍ ലൈക്കുകളും സുഖമുള്ള വാക്കുകളും മാത്രം മതി: ഫേസ്ബുക്കില്‍ ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു

കുറ്റിപ്പുറം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഒഫീഷ്യല്‍ ഫേസ്ബുക് പേജില്‍ നിന്ന് അസുഖകരമായ കമന്റുകള്‍ നീക്കം ചെയ്യുന്നതായി ഫേസ്ബുക്കില്‍ പരാതി. വിമര്‍ശനാത്മകവും അശ്ലീലപരവുമായ എല്ലാ കമന്റുകളും ഇടുന്ന ഉടന്‍ ഡിലീറ്റ് ചെയ്യപ്പെടുകയാണെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

യമനില്‍ കുടുങ്ങിയ മലയാളി നഴ്സുമാരെ രക്ഷപ്പെടുത്താന്‍ നടപടികളെടുക്കാന്‍ പ്രധാനമന്ത്രിയോട് നിര്‍ദേശിച്ചു എന്ന സ്റ്റാറ്റസിനോടുള്ള വിമര്‍ശ പ്രതികരണങ്ങള്‍ കഴിഞ്ഞ ദിവസം തമസ്കരിക്കപ്പെട്ടു.‘പ്രധാനമന്ത്രിയോട് നിര്‍ദേശിക്കാന്‍ മുഖ്യമന്ത്രിക്കാകുമോ? പ്രധാനമന്ത്രിയോട് അപേക്ഷിച്ചു എന്നതല്ലേ ശരി’ എന്ന കമന്റ് ഡിലീറ്റ് ചെയ്യപ്പെട്ടു എന്നതിനെ കുറിച്ചാണ് പരാതിക്കാരന്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഈ കമന്‍റിന് 1000 ലൈക്ക് കവിഞ്ഞതോടെയാണ് ഡിലീറ്റ് ചെയ്തത്. ഈ പ്രവണതക്കെതിരെ സോഷ്യല്‍ മീഡിയകളില്‍ ശക്തമായ വിമര്‍ശനമാണ് നടന്നുകൊണ്ടിരിക്കുന്നത്.

Loading...

വിമര്‍ശിക്കുന്നവരെ ബ്ളോക്ക് ചെയ്യുന്നത് മുഖ്യമന്ത്രിയുടെ പേജില്‍ സ്ഥിരമാണെന്നും ആക്ഷേപമുണ്ട്. ഇക്കാര്യത്തില്‍ പ്രതിഷേധിച്ചു കൊണ്ട് ‘ഉമ്മന്‍ചാണ്ടി ബ്ളോക്കിയവരുടെ പേജ്’ എന്ന എന്ന പേരില്‍ ഒരു പേജ് തന്നെ ഉണ്ടാക്കിയിട്ടുണ്ട്. ഫേസ്ബുക് പോസ്റ്റുകളിള്‍ ബദല്‍ ആശയങ്ങള്‍ മുന്നോട്ട് വെക്കുമ്പോള്‍ സമചിത്തതയോടെ നോക്കിക്കാണുന്നതിന് പകരം വായടപ്പിയ്ക്കുന്ന രീതിക്കെതിരായാണ് ഈ പേജ്.

എന്നാല്‍ ഈ വിഷയങ്ങള്‍ ഒന്നും അദ്ദേഹം അറിയുന്നില്ലെന്നും, മുഖ്യമന്ത്രിക്ക് വേണ്ടി പേജ് കൈകാര്യം ചെയ്യുന്നയാളാണ് പോസ്റ്റുകള്‍ ഇടുന്നതും എടുത്തുമാറ്റുന്നതെന്നും പലര്‍ക്കും അറിഞ്ഞുകൂടാ. ആ വ്യക്തിക്ക് പറ്റുന്ന അബദ്ധങ്ങള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ ഡിലീറ്റ് ചെയ്യുന്നത് പതിവാണ്. അതിന് ഉമ്മന്‍ ചാണ്ടിയെ പഴിപറയുന്നത് ശരിയല്ല എന്ന് വാദിക്കുന്നവരുമുണ്ട്.

https://www.facebook.com/oommenchandy.official?fref=ts