ടിക്കാറാം മീണയ്ക്ക് പി ശശിയുടെ വക്കീൽ നോട്ടീസ്; നടപടി ആത്മകഥയിലെ വെളിപ്പെടുത്തലിൽ

തിരുവനന്തപുരം: പി.ശശി ടിക്കാറാം മീണയ്ക്കെതിരെ വക്കീൽ നോട്ടീസ് അയച്ചു. ടിക്കാറാം മീണയുടെ ആത്മകഥയിൽ തനിക്കെതിരായി നടത്തിയ പരാമർശത്തിലാണ് ഇപ്പോൾ പി.ശശി നോട്ടീസ് അയച്ചത്. പരാമർശം പിൻവലിച്ച് നിരുപാധികം മാപ്പ് പറഞ്ഞില്ലെങ്കിൽ 50 ലക്ഷം രൂപ നഷ്ടപരിഹാരം തരണമെന്നാണ് പി.ശശി നോട്ടീസിൽ പറയുന്നത്. ഈ പരാമ‍ർശങ്ങളടങ്ങിയ ആത്മകഥ പ്രസിദ്ധീകരിക്കരുതെന്നും നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട്.

നായനാർ സർക്കാരിന്റെ കാലത്ത് തന്നെ അകാരണമായി സസ്പെന്റ് ചെയ്തതിനും സ്ഥലം മാറ്റിയതിനും പിന്നിൽ അന്നത്തെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി.ശശിയായിരുന്നു എന്നാണ് ആത്മകഥയിൽ മീണ ആരോപിക്കുന്നത്. തൃശ്ശൂർ കളക്ടറായിരിക്കെ വ്യാജകള്ള് നിർമ്മാതാക്കൾക്കെതിരെ നടപടിയെടുത്തതിന്റെ പേരിൽ ഇ.കെ.നയനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി.ശശി ഇടപെട്ട് തന്നെ സ്ഥലം മാറ്റിയെന്നാണ് ആത്മകഥയിൽ മീണയുടെ വെളിപ്പെടുത്തൽ. വയനാട് കളക്ടറായിരിക്കെ സസ്പെൻഡ് ചെയ്തതിന് പിന്നിലും പി.ശശിയെന്നും ടിക്കറാം മീണയുടെ ആത്മകഥയിലുണ്ട്. കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ ഭക്ഷ്യമന്ത്രിയായിരുന്ന ടി.എച്ച് മുസ്തഫ പ്രതികാരബുദ്ധിയോടെ പെരുമാറിയെന്നും മീണ പറയുന്നു.

Loading...