പിന്നാക്ക വിഭാഗക്കാരനായ എംബിഎക്കാരന് പാക്കിങ് ജോലി; ഡിപ്ലോമക്കാരിക്ക് ഡെപ്യൂട്ടി മാനേജർ പദവി

കോഴിക്കോട്. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനില്‍ പിന്നാക്ക വിഭാഗക്കാരനായ ജോലിക്കാരെ അപമാനിക്കുകയും തരംതാഴ്ത്തുകയും ചെയ്തതായി പരാതി. രാഷ്ട്രീയ സ്വാധീനമുള്ള ഡിപ്ലോമക്കാരിക്ക് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ഡെപ്യൂട്ടി മാനേജര്‍ പദവിയും ഉയര്‍ന്ന ശമ്പളവും നല്‍കിയപ്പോള്‍ എംബിഎ ബിരുദവും പത്തു വര്‍ഷത്തോളം പ്രവൃത്തി പരിചയവുമുള്ള യുവാവിന് സമ്മാനിച്ചത് വെയര്‍ഹൗസിലെ പാക്കിങ് ജോലിയാണ്.

പിന്നാക്ക വിഭാഗക്കാരനായ യുവാവ്, ജാതി പറഞ്ഞുള്ള അധിക്ഷേപം കൂടി സഹിക്കാതായതോടെ സംസ്ഥാന പട്ടികജാതി പട്ടിക വര്‍ഗ കമ്മിഷനു മുമ്പാകെ പരാതി നല്‍കി. ആദ്യ സിറ്റിങ്ങില്‍ ബന്ധപ്പെട്ട അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് ഉത്തരവാദപ്പെട്ടവര്‍ നേരിട്ട് എത്താന്‍ കമ്മിഷന്‍ നിര്‍ദേശം നല്‍കി. എംബിഎ ബിരുദത്തോടെ 2013 ല്‍ മാനേജ്‌മെന്റ് ട്രെയിനിയായി കോര്‍പറേഷനില്‍ എത്തിയ യുവാവ് അസിസ്റ്റന്റ് മാനേജര്‍ തസ്തിക പ്രതീക്ഷിച്ചിരുന്നപ്പോഴാണ് കാരുണ്യ ഫാര്‍മസി സംഭരണ കേന്ദ്രത്തില്‍ പാക്കര്‍ തസ്തികയിലേക്കു മാറ്റിയത്.

Loading...

എട്ടാം ക്ലാസ് ആണ് ഈ തസ്തികയുടെ യോഗ്യത. തന്നെ അവഹേളിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ സംവരണത്തിന്റെ ആനുകൂല്യത്തില്‍ എംബിഎ എടുത്ത ആള്‍ക്ക് അര്‍ഹതപ്പെട്ട ജോലിയാണ് തന്നിരിക്കുന്നത് എന്നായിരുന്നു മറുപടിയെന്ന് യുവാവ് നല്‍കിയ പരാതിയില്‍ പറയുന്നു. പരാതി നേരിട്ട് കേള്‍ക്കാന്‍ മാനേജിങ് ഡയറക്ടര്‍ തയാറായില്ല.

എംഫാം അടിസ്ഥാന യോഗ്യത നിശ്ചയിച്ച ഡപ്യൂട്ടി മാനേജര്‍ തസ്തികയിലേക്ക് ഡിപ്ലോമക്കാരിക്ക് സ്ഥാനക്കയറ്റം നല്‍കിയ ഘട്ടത്തില്‍ തന്നെയാണ് യുവാവിനെ അവഗണിച്ചതും. ഡപ്യൂട്ടി മാനേജര്‍ക്ക് ഡയറക്ടര്‍ ബോര്‍ഡ് നിശ്ചയിച്ച 30,000 രൂപ ശമ്പളം 40,550 ആക്കി വര്‍ധിപ്പിച്ചതിനു പിന്നില്‍ മനുഷ്യവിഭവശേഷി വിഭാഗം കൈകാര്യം ചെയ്തിരുന്ന യൂണിയന്‍ നേതാവാണെന്നും ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.