പാറ്റൂരിലെ ഗുണ്ടാ ആക്രമണം ; ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചത് CPI നേതാവിന്റെ മകളെ ; ഒളിവിൽ പോയ പ്രതികൾ കീഴടങ്ങി

തിരുവനന്തപുരം: പാറ്റൂരിലെ ഗുണ്ടാ ആക്രമണത്തിൽ ഒളിവിൽ പോയ മൂന്നു പ്രതികൾ കോടതിയില്‍ കീഴടങ്ങി. ആസിഫ്, ആരിഫ്, ജോമോന്‍ എന്നിവരാണ് ശനിയാഴ്ച രാവിലെ തിരുവനന്തപുരം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 11-ല്‍ കീഴടങ്ങിയത്. മറ്റൊരു പ്രതിയായ രഞ്ജിത്തും കീഴടങ്ങാന്‍ എത്തിയിരുന്നെങ്കിലും ശാരീരികാസ്വാസ്ഥ്യം കാരണം ഇയാള്‍ കോടതിയില്‍ എത്താതെ ആശുപത്രിയിൽ ചികിത്സ തേടി.

പാറ്റൂരില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടമയായ നിഥിന്‍ അടക്കമുള്ള നാലുപേരെ കാര്‍ തടഞ്ഞുനിര്‍ത്തി വെട്ടിപ്പരിക്കേല്‍പ്പിച്ചു എന്നാണ് പ്രതികൾക്കെതിരായ കേസ്. ജനുവരി എട്ടിന് പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഗുണ്ടാത്തലവന്‍ ഓംപ്രകാശും സംഘവുമാണ് ആക്രമണത്തിന് പിന്നിലെന്നായിരുന്നു പരാതി. മൊബൈല്‍ഫോണ്‍ വിളികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ആരിഫും മറ്റുചിലരും ഊട്ടിയിലുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

Loading...

ഒളിവില്‍ കഴിയവേ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥയുമായും സി.പി.ഐ നേതാവിന്റെ മകളുമായും ആരിഫ് നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നതായും കണ്ടെത്തി. ഗുണ്ടാത്തലവന്‍ ഓംപ്രകാശ് ഡല്‍ഹി കേന്ദ്രീകരിച്ച് ഒളിവില്‍കഴിയുന്നതായാണ് പോലീസിന്റെ സംശയം. ഇയാളെ പിടികൂടാനായി ഇതരസംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് പോലീസിന്റെ അന്വേഷണം തുടരുകയാണ്. കേസിലെ രണ്ട് പ്രതികളെ ബെംഗളൂരുവില്‍നിന്ന് പോലീസ് പിടികൂടിയിരുന്നു.

ഓംപ്രകാശിന്റെ കൂട്ടാളികളായ ആരിഫിന്റെയും ആസിഫിന്റെയും വീട് ആക്രമിച്ചതിനെ തുടര്‍ന്നാണ് പാറ്റൂരിലെ ഏറ്റുമുട്ടലുണ്ടാകുന്നത്. ഇതിന് പിന്നാലെ പോലീസ് ഉദ്യോഗസ്ഥരും ഗുണ്ടാനേതാക്കളുമായുള്ള ബന്ധവും ചർച്ചയായി. തുടർന്നുള്ള അന്വേഷണത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയും ഉണ്ടായി.