പി.സി ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: പി.സി. ജോര്‍ജിനെ കേരളാ കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. തെരഞ്ഞെടുക്കപ്പെട്ട എല്ലാ കമ്മിറ്റികളില്‍ നിന്നും പി.സി ജോര്‍ജിനെ നീക്കിയതായി പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണി മാധ്യമങ്ങളെ അറിയിച്ചു. പാര്‍ട്ടി വൈസ് ചെയര്‍മാന്‍ സ്ഥാനം കൂടാതെ, ഉന്നതാധികാര സമിതി അടക്കമുള്ള പാര്‍ട്ടി കമ്മിറ്റികളില്‍ നിന്നും വിവിധ പദവികളില്‍ നിന്നും അന്വേഷണ വിധേയമായാണ് സസ്‌പെന്‍ഡ് ചെയ്തത്.

കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ ഉന്നതാധികാര യോഗത്തിലാണ് സസ്‌പെന്‍ഷന്‍ തീരുമാനം എടുത്തത്. പാര്‍ട്ടിയെ പൂര്‍ണമായും ധിക്കരിക്കുകയും പാര്‍ട്ടി നയങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയും ചെയ്തതിനാലാണ് ജോര്‍ജിനെതിരെ നടപടി. അന്വേഷണ വിധേയമായാണ് ജോര്‍ജിന്റെ സസ്‌പെന്‍ഷന്‍. കേരള കോണ്‍ഗ്രസ് ഭരണഘടനപ്രകാരം പാര്‍ട്ടി ചെയര്‍മാനില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ചാണ് പി.സി. ജോര്‍ജിനെ വൈസ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നും അദ്ദേഹം പ്രതിനിധാനം കമ്മിറ്റി സ്ഥാനങ്ങളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുന്നതെന്നും മാണി പറഞ്ഞു. ജോര്‍ജ് പാര്‍ട്ടി അംഗത്വത്തില്‍ തുടരുമെന്നും നടപടി ചെയര്‍മാന്റെ അധികാരം ഉപയോഗിച്ചെന്നും കെ.എം മാണി കൂട്ടിച്ചേര്‍ത്തു. പുതിയ ചെയര്‍മാനെ പിന്നീട് തീരുമാനിക്കുമെന്നും മാണി അറിയിച്ചു.

Loading...

പാര്‍ട്ടി ഭരണഘടനയുടെ 28(1) പ്രകാരം ചെയര്‍മാനില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ചാണ് ജോര്‍ജിനെതിരായ നടപടി. ഇതോടെ കേരളാ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വം മാത്രമുള്ള പ്രവര്‍ത്തകനായി പി.സി ജോര്‍ജ് മാറി. ജോര്‍ജിനെതിരായ അന്വേഷണത്തിന് കമ്മീഷന് നിയോഗിക്കുമെന്നും പ്രതികാര മനോഭാവത്തോടെയുള്ള നടപടിയല്ല പാര്‍ട്ടി സ്വീകരിച്ചിട്ടുള്ളതെന്നും കെ.എം മാണി വ്യക്തമാക്കി.

അതേസമയം മാണി ചെയ്തത് ഊളത്തരമെന്ന് പി.സി ജോര്‍ജ് പ്രതികരിച്ചു.