ആശയവിനിമയവും നവമാധ്യമങ്ങളും.

ലിപികളും അക്ഷരങ്ങളും ഭാഷയും രൂപം കൊള്ളുന്നതിനു മുന്‍പേ മനുഷ്യര്‍ തമ്മിലും മൃഗങ്ങളും മനുഷ്യരും തമ്മിലും എന്തിനു, പ്രകൃതിയും മനുഷ്യരും തമ്മില്‍ പോലും ആശയവിനിമയം സാധ്യമായിരുന്നു. ഭാഷയുടെ വിപുലീകരണം ആശയവിനിമയത്തെ അനന്തസാധ്യതകള്‍ നിറഞ്ഞ ഒന്നാക്കിത്തീര്‍ത്തു, തല്‍ഫലമായി വിവരങ്ങളും വിവരണങ്ങളും തലമുറകള്‍ കൈമാറി സ്ഥിരവും ആധികാരികവുമായ രേഖകളായി പരിണമിച്ചു, ഇവ നൂറ്റാണ്ടുകളുടെ ഇടയിലെ ആശയങ്ങളുടെ ഇടപാടുകാര്‍ ആയി വര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

മാധ്യമം എന്നാല്‍ അക്ഷരാര്‍ത്ഥത്തില്‍ മധ്യവര്‍ത്തി എന്നാണ് നാം മനസിലാക്കേണ്ടത്, സാധാരണജീവിതത്തെയും അതിന്റെ ഉല്പന്നങ്ങളും അതേസമയം സാധാരണ ജീവിതത്തിന്റെ നെടുംതൂണുകളുമായ മേഖലകളെയും തമ്മില്‍ ബന്ധിപ്പിച്ചു നിര്‍ത്തുകയും സത്യസന്ധമായ വിവരങ്ങളെ വിശ്വാസയോഗ്യമായി അവതരിപ്പിക്കുകയും ചെയ്യുക എന്ന ധര്‍മ്മമാണ് മാധ്യമങ്ങള്‍ക്ക് നിര്‍വഹിക്കാന്‍ ഉള്ളത്.

Loading...

evolution-of-communication-300x205
സാധാരണജനങ്ങളും മാധ്യമങ്ങളും തമ്മില്‍ ഒരു കൈമാറ്റക്കച്ചവടമാണ് ഇന്ന് നിലവില്‍ ഉള്ളത്. വാര്‍ത്തകളെയും വിശകലനങ്ങളെയും വില കൊടുത്ത് വാങ്ങുകയാണ് നാം ചെയ്യുന്നത്. പക്ഷെ പലപ്പോഴും നല്‍കുന്ന വിലയുടെ ആനുപാതികമായ പ്രതിഫലം നമുക്ക് ലഭിക്കുന്നുണ്ടോ എന്ന സംശയം ബാക്കി നില്‍ക്കുന്നു.

രാഷ്ട്രീയപ്രേരിതമോ, സാമ്പത്തികാടിസ്ഥാനത്തിലോ വാര്‍ത്തകള്‍ നിര്‍മ്മിക്കപ്പെടുകയും മറുവശത്ത് വാര്‍ത്തകള്‍ വിസ്മരിക്കപ്പെടുകയും ചെയ്യുമ്പോള്‍ സാമൂഹ്യപ്രതിബദ്ധത വിലയ്ക്ക് വില്‍ക്കപ്പെട്ടു അടിമവേല ചെയ്യുന്നു.

മാധ്യമങ്ങള്‍ പത്രങ്ങളോ, ചാനലുകളോ എന്ത് തന്നെ ആയിരുന്നാലും അവ സ്ഥിരവിദ്യാഭ്യാസ പ്രസ്ഥാനങ്ങളാണ്. വാക്കുകളും വാര്‍ത്തകളും വളച്ചൊടിയ്ക്കുമ്പോള്‍ ഇരുമേഖലകള്‍ തമ്മിലുള്ള വാര്‍ത്താവിനിമയം തകരാറിലാകുന്നു. പുരോഗമനപരമായ ഭാവിയുടെ ദിശ മാറുന്നു. ആശയങ്ങളുടെ മധ്യവര്‍ത്തികളായി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളിലേക്ക് കണ്ണു നട്ടിരിക്കുന്ന സമൂഹത്തെ സുതാര്യതയുടെ വെളിച്ചം പ്രകാശിപ്പിക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം