കൊച്ചി: ബലാത്സംഗത്തിന് താന്‍ ഇരയായി എന്ന് സോളര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ് നായര്‍ പറഞ്ഞതായി മജിസ്‌ട്രേറ്റിന്റെ വെളിപ്പെടുത്തല്‍. സോളാര്‍ കേസ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന്‍ മുമ്പാകെയാണ് എറണാകുളം എ.സി.ജെ.എമ്മായിരുന്ന എം.വി രാജു ഇപ്രകാരം മൊഴി നല്‍കിയത്. ആരെങ്കിലും ബലാല്‍സംഗം ചെയ്‌തോ എന്ന ചോദ്യത്തിന് ‘ഉവ്വ് എന്നായിരുന്നു സരിതയുടെ മറുപടി.

തുടര്‍ന്ന് ഉണ്ടായ കാര്യങ്ങള്‍ സരിതയോട് എഴുതി നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. കേസുമായി നേരിട്ട് ബന്ധമില്ലാത്ത കാര്യമായതിനാല്‍ മൊഴി രേഖപ്പെടുത്തിയില്ല. സരിതയുമായി സംസാരിച്ചത് അഞ്ചോ ആറോ മിനിറ്റ് മാത്രമാണ്. സരിത അന്നു പറഞ്ഞ പേരുകള്‍ ഓര്‍മയില്ലെന്നും ലൈംഗീകമായി പലരും തന്നെ ഉപയോഗിച്ചെന്നും മജിസ്‌ട്രേറ്റ് എന്‍.വി.രാജു സോളര്‍ കമ്മീഷന് മൊഴി നല്‍കി.

Loading...

അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ രണ്ട് പ്രതികളോടും പരാതികള്‍ എന്തെങ്കിലുമുണ്ടോ എന്ന് ആരായുകയുണ്ടായി. ബിജു രാധാകൃഷ്ണന്‍ പരാതിയൊന്നുമില്ല എന്ന് പറഞ്ഞു. സരിതയോട് ചോദിച്ചപ്പോള്‍ അവര്‍ പരാതിയുണ്ടെന്ന് പറഞ്ഞു. പോലീസ് കസ്റ്റഡിയില്‍ വച്ചുള്ളതിനെക്കുറിച്ചായിരിക്കാം എന്നാണ് താന്‍ ധരിച്ചത്.

സോളര്‍ കേസില്‍ സരിതയുടെ മൊഴിരേഖപ്പെടുത്താതിരുന്നതിന് കുറ്റാരോപിതനായ മജിസ്‌ട്രേട്ടാണ് എന്‍.വി.രാജു. ഹൈക്കോടതി മുഖേനയാണ് കമ്മിഷന്‍ മജിസ്‌ട്രേട്ടിന് നോട്ടീസ് അയച്ചത്. അടച്ചിട്ട കോടതിമുറിയില്‍ സരിത പറഞ്ഞതെന്തെന്നത് സംബന്ധിച്ച് ഏറെ വിവാദങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സോളര്‍ അന്വേഷണ കമ്മിഷന്‍ എന്‍.വി.രാജുവിനെ വിസ്തരിച്ചത്.

പരാതിയുടെ സാഹചര്യവും സ്വഭാവവവും കണക്കിലെടുത്താണ് മൊഴി രേഖപ്പെടുത്താറുള്ളത്. ജീവന് ഭീഷണിയുണ്ടെന്ന് സരിത പറഞ്ഞു. അപ്പോള്‍ വേണ്ട സുരക്ഷാനടപടികള്‍ നിര്‍ദേശിക്കാം എന്ന് പറഞ്ഞു. ശാരീരികമായി ചൂഷണം ചെയ്യപ്പെട്ടുവെന്ന് സരിത പറഞ്ഞപ്പോള്‍ പരാതി എഴുതിത്തരാന്‍ താന്‍ ആവശ്യപ്പെടുകയായിരുന്നു. സരിതയുടെ പരാതിയെക്കുറിച്ച് പെരുമ്പാവൂര്‍ ഡി.വൈ.എസ്.പി ഇക്കാര്യം വന്ന് തന്നോട് പറഞ്ഞിരുന്നു. അന്വേഷണം നടക്കുന്നതിനാല്‍ കേസ് കേള്‍ക്കുന്നതിന് തടസ്സമുണ്ടായിരുന്നുവെന്നും മജിസ്‌ട്രേറ്റ് എം.വി രാജു പറഞ്ഞു.

കേരളാ കോണ്‍ഗ്രസ് നേതാവ് ആര്‍.ബാലകൃഷ്ണപിള്ളയും ഇന്ന് കമ്മിഷന്‍ മുന്‍പാകെ ഹാജരായി മൊഴിനല്‍കിയിരുന്നു. സരിതയുടെതെന്ന പേരില്‍ പുറത്തു വന്ന കത്തുകള്‍ എല്ലാം ഒന്നുതന്നെയെന്ന് മൊഴി നല്‍കിയ ശേഷം ആര്‍.ബാലകൃഷ്ണ പിള്ള മാധ്യമങ്ങളോട് പറഞ്ഞത്.