മുസ്ലീങ്ങള്‍ക്ക് വോട്ട് ചെയ്യാനുള്ള അവകാശം എടുത്തുകളയണം: ശിവസേന

മുംബൈ: ഹിന്ദു മഹാസഭ മുസ്ലീംകളിലും ക്രിസ്ത്യാനികളിലും വന്ധ്യംകരണം നടത്തണമെന്ന ആവശ്യവുമായി എത്തിയതിനു പിന്നാലെ മുസ്ലീങ്ങളുടെ വോട്ടവകാശം എടുത്തു കളയണമെന്ന്‌ ശിവസേന. മുസ്ലീങ്ങള്‍ വോട്ട്‌ ബാങ്ക്‌ രാഷ്‌ട്രീയം കളിക്കുകയാണ്‌ അതിനാല്‍ അവരുടെ വോട്ടവകാശം റദ്ദാക്കണമെന്ന്‌ ശിവസേന ആവശ്യപ്പെട്ടു. ശിവസേനയുടെ മുഖപ്പത്രമായ സാംമ്‌നയിലെ ലേഖനത്തി ശിവസേനയുടെ രാജ്യസഭാംഗമായ സഞ്‌ജയ്‌ റാവത്താണ്‌ ഒരു ലേഖനത്തിലൂടെ ഈ വിവാദം സൃഷ്ടിച്ചിരിക്കുന്നത്.

മുസ്ലീങ്ങളെ വോട്ട്‌ ബാങ്ക്‌ രാഷ്‌ട്രീയത്തിനായി ഉപയോഗിക്കന്നടത്തോളം കാലം അവര്‍ക്ക്‌ ഉന്നമനം ഉണ്ടാകില്ല. ശിവസേന സ്‌ഥാപകന്‍ ബാല്‍ താക്കറെ ഇക്കാര്യം നേരത്തെ ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ നിലപാട്‌ ഇപ്പോള്‍ ശരിയെന്ന്‌ തെളിഞ്ഞിരിക്കുകയാണെന്നും ലേഖനം കൂട്ടിച്ചേര്‍ത്തു. മുസ്ലീങ്ങളുടെ വോട്ടവകാശം എടുത്തു കളഞ്ഞാല്‍ മതേതര മുഖംമൂടി അണിഞ്ഞിരിക്കുന്ന പാര്‍ട്ടികളുടെ യഥാര്‍ത്ഥ മുഖം വെളിപ്പെടുമെന്നും സഞ്‌ജയ്‌ റാവത്ത്‌ പറഞ്ഞു.

Loading...

ഓള്‍ ഇന്ത്യ മജിലിസ്‌-ഇ-ഇത്തിഹാദുള്‍ മുസ്ലിമീന്‍ എന്ന സംഘടനയും ഒവൈസി സഹോദരന്‍മാരും ന്യൂനപക്ഷ സമുദായങ്ങളെ ചൂഷണം ചെയ്യുന്ന വിഷപാമ്പുകളാണെന്നും ശിവസേന ആരോപിച്ചു. അതേസമയം ലേഖനത്തിലെ പരാമര്‍ശങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌ മനു അഭിഷേക്‌ സിങ്‌വി പ്രതികരിച്ചു. നാം ജീവിക്കുന്നത്‌ ഒരു ജനാധിപത്യ രാഷ്‌ട്രത്തിലാണ്‌, താലിബാനിലല്ലെന്ന്‌ ഓര്‍ക്കണമെന്നും അഭിഷേക്‌ സിങ്‌വി പറഞ്ഞു. നേരത്തെ മുസ്ലീങ്ങളെയും ക്രിസ്‌ത്യാനികളെയും വന്ധ്യംകരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ അഖിലേന്ത്യ ഹിന്ദു മഹാസഭ വൈസ്‌ പ്രസിഡന്റ്‌ സാധ്വി ദേവ ഠാക്കൂറും രംഗത്തു വന്നിരുന്നു.