പോലീസ് സേനയ്ക്ക് നാണക്കേടുണ്ടാക്കി വീണ്ടും പോലീസിന്റെ മോഷണം

ഇടുക്കി. പോലീസുകാരുടെ മോഷണപരമ്പരയിൽ സേനയ്ക്ക് വീണ്ടും നാണക്കേടുണ്ടാക്കി ഒരു മോഷണം സംഭവം കൂടി. ഇവിടെയും പ്രതി സാക്ഷാൽ പോലീസുകാരന്‍. ഇടുക്കി പീരുമേട്ടിലാണ് സംഭവം. കടയില്‍ നിന്നും സ്ഥിരമായി പണം മോഷണം പോയതോടെ കള്ളനെ കാത്തിരുന്നു കയ്യോടെ കടയുടമ പൊക്കിയപ്പോൾ കൈയ്യിൽ കിട്ടിയത് പോലീസുകാരനെ. പാമ്പനാര്‍ ടൗണിലെ കടയിലാണ് സംഭവം നടക്കുന്നത്. മോഷണം കടയുടമ കയ്യോടെ പൊക്കി നാട്ടുകാർ കൂടിയതോടെ പോലീസുകാരന്‍ പണം മടക്കി നല്‍കി സ്ഥലം കാലിയാക്കി.

തന്റെ കടയില്‍ നിന്നും പണം പതിവായി നഷ്ടമാകുന്നത് ശ്രദ്ധിച്ച കടയുടമ കള്ളനെ കയ്യോടെ പിടികൂടാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി കടയില്‍ വരുന്നവരെയെല്ലാം രഹസ്യമായി നിരീക്ഷിച്ചു വരുകയും ചെയ്തു. പതിവുപോലെ കടയിലെത്തിയ പോലീസുകാരന്‍ ആയിരം രൂപ മോഷ്ടിക്കാന്‍ ശ്രമിക്കുന്നത് കടയുടമയുടെ ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ സമീപത്തെ വ്യാപാരികളെ കടയുടമ വിളിച്ചുകൂട്ടി. ആളുകള്‍ എത്തിയതോടെ 40,000 രൂപ നല്‍കാമെന്ന് പറഞ്ഞ് പ്രശ്‌നം ഒത്തുതീര്‍പ്പാക്കാമെന്നായി പോലീസുകാരൻ. 5000 രൂപ അപ്പോള്‍ തന്നെ നല്‍കുകയും ചെയ്തു. ഇതിനിടെ പോലീസുകാരന്റെ മോഷണം ചിലര്‍ പോലീസ് സ്റ്റേഷനിൽ അറിയിച്ചെങ്കിലും ഒരനക്കവും ഉണ്ടായില്ല.

Loading...

ഇതേ കടയില്‍ നിന്നും നേരത്തെ പുകയില ഉല്‍പ്പന്നങ്ങള്‍ പോലീസ് പിടിച്ചെടുത്തിരുന്നു. തുടർന്നാണ് ഈ പോലീസുകാരന്‍ കടയില്‍ സ്ഥിരമായി എത്താൻ തുടങ്ങിയത്. നാരങ്ങാവെള്ളം എടുക്കാനായി കടയുടമ തിരിഞ്ഞപ്പോഴാണ് പോലീസുകാരന്‍ പണം മോഷ്ടിക്കാന്‍ ശ്രമിച്ചത്. പോലീസുകാര്‍ പ്രതികളായ മാങ്ങാ മോഷണവും സ്വര്‍ണകവര്‍ച്ചയും സേനയ്ക്ക് നാണക്കേടുണ്ടാക്കിയതിന് പിന്നാലെയാണ് വീണ്ടും പോലീസുകാരന്‍ പ്രതിയായ മറ്റൊരു സംഭവം ഉണ്ടായിരിക്കുന്നത്.

കാഞ്ഞിരപ്പളളി പേട്ട കവലയില്‍ നിന്നും ഒരു പോലീസുകാരന്‍ മാങ്ങാ മോഷ്ടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചിക്കുകയും വിവാദമാവുകയും ചെയ്തിരുന്നു. മുണ്ടക്കയം വണ്ടന്‍പതാല്‍ പത്ത് സെന്റ് കോളനിയിലെ പിബി ഷിഹാബായിരുന്നു ആ കേസിലെ പോലീസുകാരൻ. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് വഴിയോരക്കടയില്‍നിന്നും മാങ്ങാ മോഷ്ടിച്ച് ബൈക്കില്‍ ഒളിപ്പിച്ച് ഷിഹാബ് കൊണ്ടുപോയത്. കിലോയ്ക്ക് 600 രൂപ വിലവരുന്ന 10 കിലോ മാങ്ങയാണ് മോഷണം പോയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് മോഷ്ടാവിനെ തിരിച്ചറിയുന്നത്.