ഒരു മതത്തിന്റെയും പേരിൽ ആരെയും അഴിഞ്ഞാടാൻ വിടരുത് – കെ ടി ജലീൽ

തിരുവനന്തപുരം: വിഴിഞ്ഞത്ത് പൊലീസിന് നേരെയുണ്ടായ ആക്രമണത്തെ രൂക്ഷമായി വിമർശിച്ച് മുൻമന്ത്രി കെടി ജലീൽ എംഎൽഎ. പുരോഹിതൻമാർ ജനങ്ങളെ കലാപത്തിന് പ്രേരിപ്പിക്കുന്നത് കാര്യങ്ങളുടെ ഗൗരവം വർധിപ്പിക്കുന്നു. ബിഷപ്പായാലും തന്ത്രിയായാലും മൗലവിയായാലും നിയമത്തിന് വിധേയരാണെന്ന് അദ്ദേഹം പറഞ്ഞു. ജനക്കൂട്ടം നിയമം ലംഘിച്ച് പോലീസ് സ്റ്റേഷൻ അടിച്ചു തകർത്തത് കേരളത്തിൽ ആദ്യ സംഭവമാണ്.

പോലീസ് വാഹനങ്ങളുൾപ്പടെ പൊതുമുതൽ തകർത്ത് കോടിയിലധികം രൂപയുടെ നാശനഷ്ടങ്ങൾ വരുത്തിവെച്ചത് ലാഘവത്തോടെ കാണാനാവില്ല. പിണറായി വിരുദ്ധ വിഷം തുപ്പുന്ന ചില പുരോഹിതൻമാരുടെ ഉള്ളിലിരിപ്പ് അവരുടെ വാക്കുകളിൽ വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് വിമർശനം.

Loading...

ഒരു മതത്തിന്റെയും പേരിൽ ആരെയും അഴിഞ്ഞാടാൻ വിടരുത്. ഓരോ മത സമുദായത്തിലെയും പുരോഹിതൻമാർ വിവിധ സമരങ്ങളുടെ നേതൃത്വം ഏറ്റെടുത്ത് ആരാധനാലയങ്ങളെ സമര കേന്ദ്രങ്ങളാക്കിയാൽ ഇന്ത്യയെപ്പോലെ ഒരു ബഹുമത രാജ്യത്ത് അതുണ്ടാക്കുന്ന ഭവിഷ്യത്ത് ഊഹിക്കാവുന്നതേയുള്ളൂ. മതചിഹ്നങ്ങളുടെ പവിത്രത കളഞ്ഞ് കുളിച്ചവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം. ഒരു മതത്തിന്റെയും പേരിൽ ആരെയും അഴിഞ്ഞാടാൻ വിടരുത്.

35 പോലീസുകാരെയാണ് കലാപകാരികൾ അക്രമിച്ച് പരിക്കേൽപ്പിച്ചത്. പോലീസ് സ്റ്റേഷനിലെ വിലപിടിപ്പുള്ള രേഖകളാണ് നശിപ്പിക്കപ്പെട്ടത്. നിയമവാഴ്ച നില നിൽക്കുന്ന ഒരു സംസ്ഥാനത്ത് ഒരു പോലീസ് സ്റ്റേഷൻ മണിക്കൂറുകൾ നിയന്ത്രണത്തിലാക്കാൻ ഒരു സംഘത്തിന് സാധിച്ചത് എന്തിന്റെ ബലത്തിലാണെന്ന് പ്രത്യേകം അന്വേഷിക്കണമെന്ന് കെടി ജലീൽ ആവശ്യപ്പെട്ടു.