പോപ്പുലര്‍ ഫ്രണ്ട് കേരളത്തില്‍ നിന്നും ആയുധങ്ങള്‍ തമിഴ്‌നാട്ടിലേക്ക് കടത്തി

കൊച്ചി. കേന്ദ്രസര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെ വന്‍ ആയുധ ശേഖരം പോപ്പുലര്‍ ഫ്രണ്ട് തമിഴ്‌നാട്ടിലേക്ക് കടത്തിയതായി വിവരം. കേന്ദ്ര അന്വേഷണ ഏജന്‍സികളും പോലീസും പരിശോധന ശക്തമാക്കിയതോടെയാണ് കേരളത്തില്‍ നിന്നും വന്‍തോതില്‍ ആയുധങ്ങള്‍ തമിഴ്‌നാട്ടിലേക്ക് കടത്തിയത്. കേരളത്തിലെ വിവിധ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ സൂക്ഷിച്ചിരുന്ന ആയുധങ്ങള്‍ കൂയമ്പത്തൂരിലടക്കം എത്തിച്ചതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നു.

പോപ്പുലര്‍ ഫ്രണ്ട് മതഭീകരവാദികള്‍ക്ക് ശക്തമായ സ്വാധീനമുള്ള പ്രദേശമാണ് കോയമ്പത്തൂര്‍. പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ നിന്നും നിരോധനത്തിന് ശേഷം പലവസ്തുക്കളും സംശയകരമായ സാഹചര്യത്തില്‍ കൊണ്ടുപോയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കേരളത്തില്‍ പോലീസ് പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകള്‍ സീല്‍ ചെയ്യുവാന്‍ താമസിച്ചതാണ് ഇത്തരത്തില്‍ വലിയ തോതില്‍ ആയുധങ്ങള്‍ കടത്തുവാന്‍ ഭീകരര്‍ക്ക് കഴിഞ്ഞതിന് കാരണം.

Loading...

പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങള്‍ക്ക് അടുത്ത് കാട് പിടിച്ച സ്ഥലങ്ങളിലാണ് ആയുധങ്ങള്‍ ഉള്‍പ്പെടെ സൂക്ഷിക്കുന്നത്. എന്നാല്‍ പോലീസ് ഇത്തരം സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഒന്നും കണ്ടെത്തുവാന്‍ കഴിഞ്ഞില്ല. എന്നാല്‍ ആയുധങ്ങള്‍ ഇത്തരം സ്ഥലങ്ങളില്‍ സൂക്ഷിച്ചിരുന്നതായി പിടിയിലായ ഭീകരര്‍ മൊഴി നല്‍കിയിട്ടുണ്ട്.

നിരോധനത്തിന് പിന്നാലെ പോലീസ് നടത്തിയേക്കാവുന്ന പരിശോധനകള്‍ മുന്‍കൂട്ടി കണ്ടാണ് ഇവര്‍ ഇത്തരമൊരു നീക്കം നടത്തിയത്. വാളും, കത്തികളും ഉള്‍പ്പെടെയുള്ള മാരകായുധങ്ങളാണ് ഇത്തരത്തില്‍ മാറ്റിയത്. അതേസമയം തമിഴ്‌നാട്ടിലും പരിശോധനകള്‍ ശക്തമാക്കണമെന്ന് ഐബി തമിഴ്‌നാട് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കര്‍ണാടകയില്‍ പരിശോധന ശക്തമായതോടെ കേരളത്തെയും തമിഴ്‌നാടിനെയും ഭീകരര്‍ സുരക്ഷിത താവളമാക്കുകയാണ്.