പബ്ജി ഭ്രാന്ത്;കൗമാരക്കാരന്‍ കാലിയാക്കിയത് മാതാപിതാക്കളുടെ 16 ലക്ഷം രൂപ

ചണ്ഡീഗഢ് : കൗമാരക്കാരില്‍ ഏറ്റവും കൂടുതല്‍ ആസക്തിയുണ്ടാക്കുന്ന ഗെയിമുകളില്‍ ഒന്നാണ് പബ്ജി. ലോക്ക്ഡൗണ്‍ കാലമായതിനാല്‍ വലിയ പ്രചാരമാണ് ഇ്‌പ്പോള്‍ ആ ഗെയിമിന് ഉള്ളതും. ഗെയിമിന് അടിമപ്പെട്ട് പല വിധത്തിലുള്ള ദുരന്തങ്ങള്‍ നമ്മുടെ കുട്ടികള്‍ക്ക് സംഭവിച്ചതായിട്ടുള്ള വാര്‍ത്തകള്‍ നാം നിരവധിയായി കണ്ടിട്ടുണ്ട്.എന്നാല്‍ ഗെയിം കളിയിലൂടെ മാതാപിതാക്കളുടെ ലക്ഷക്കണക്കിന് രൂപ കാലിയാക്കിയ സംഭവം ആദ്യമായിട്ടായിരിക്കും. പബ്ജി ഭ്രാന്തില്‍ പഞ്ചാബ് സ്വദേശിയായ പതിനേഴുകാരനാണ് ് മാതാപിതാക്കളുടെ 16 ലക്ഷത്തോളം രൂപ കാലിയാക്കിയത്. മാതാപിതാക്കള്‍ അറിയാതെയായിരുന്നു അവരുടെ അക്കൗണ്ടില്‍ നിന്നും പതിനേഴുകാരന്‍ 16 ലക്ഷം ചെലവഴിച്ചത്.

ഇന്ത്യയില്‍ ഏറെ ജനപ്രിയമായ ബാറ്റില്‍ റൊയേല്‍ ഗെയിമാണ് പബ്ജി. പബ്ജി സൗജന്യമായി ആര്‍ക്കും കളിക്കാം.എങ്കിലും അതില്‍ പുതിയ ആയുധങ്ങള്‍, വസ്ത്രങ്ങള്‍, വിവിധ സ്‌കിനുകള്‍, ടൂര്‍ണമെന്റ് പാസുകള്‍ ഉള്‍പ്പടെയുള്ളവയ്ക്കായി ഉപയോക്താക്കളുടെ താല്‍പര്യാര്‍ത്ഥം വാങ്ങാവുന്ന ചില സൗകര്യങ്ങളുണ്ട്. അവ വാങ്ങുന്നതിന് വേണ്ടിയായിരുന്നു കൗമാരക്കാരന്‍ ഇത്രയും ലക്ഷങ്ങള്‍ ചെലവഴിച്ചത്. മാതാപിതാക്കളോട് ലോക്ക്ഡൗണ്‍ സമയത്ത് പഠിക്കാനാണെന്ന് പറഞ്ഞായിരുന്നു കുട്ടി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നത്. ബാങ്ക് വിവരങ്ങളും കാര്‍ഡ് വിവരങ്ങളും ഫോണില്‍ തന്നെ ഉണ്ടായിരുന്നതിനാല്‍ തന്നെ ഓണ്‍ലൈന്‍ പണമിടപാടുകള്‍ നടത്തുന്നത് അവന് എളുപ്പമാവുകയും ചെയ്തു. ഒരു മാസം കൊണ്ടാണ് ഭൂരിഭാഗം പണമിടപാടുകളും നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Loading...

പണം പിന്‍വലിച്ചത് സംബന്ധിച്ച് ബാങ്കില്‍ നിന്നുള്ള എസ്.എം.എസുകള്‍ കുട്ടി ഡീലീറ്റ് ചെയ്യുകയും ചെയ്തു.അടുത്തിടെ അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് പണം നഷ്ടമായ വിവരം മാതാപിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്. പണം നഷ്ടമായത് മറയ്ക്കാന്‍ വേണ്ടി അമ്മയുടെയും അച്ഛന്റെയും അക്കൗണ്ടുകളിലെ പണം പരസ്പരം മാറ്റിയിടുകയും കുട്ടി ചെയ്തു. ഇതിനിടെ അമ്മയുടെ പ്രൊവിഡന്റ് ഫണ്ട് കാലിയാവുകയായിരുന്നു. അതേസമയം മകന്റെ ഭാവിയ്ക്ക് വേണ്ടി ശേഖരിച്ച പണമായിരുവെന്നും തന്റെ എല്ലാ പ്രതീക്ഷയും നഷ്ടമായെന്നും കുട്ടിയുടെ പിതാവ് വ്യക്തമാക്കുന്നു. ചെയ്ത കുറ്റത്തിന് ശിക്ഷയായി മകനെ ഒരു സ്‌കൂട്ടര്‍ റിപ്പയര്‍ ഷോപ്പില്‍ ജോലിക്ക് അയച്ചിരിക്കുകയാണെന്നും പണം ഉണ്ടാക്കുന്നത് എത്ര പ്രയാസകരമാണെന്ന് അവന്‍ മനസിലാക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.