രാഹുൽ വരും.കൊടുങ്കാറ്റായി ആഞ്ഞടിക്കാൻ.

രാഷ്ട്രീയ അജ്ഞാത വാസം അവസാനിപ്പിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മടങ്ങിവരുന്നത് കേന്ദ്രം ഭരിക്കുന്ന മോഡി സര്‍ക്കാരിനെതിരെ കൊടുങ്കാറ്റായി ആഞ്ഞടിക്കാനാണെന്ന് സൂചന.പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്ത് അജ്ഞാത വാസത്തില്‍ കഴിയുന്ന രാഹുല്‍ ഗാന്ധി ഏപ്രില്‍ 19-ന് ന്യൂഡല്‍ഹിയില്‍ നടത്താന്‍ നിശ്ചയിച്ചിട്ടുള്ള കര്‍ഷക റാലിയില്‍ പ്രത്യക്ഷപ്പെടുമെന്നാണ് കരുതുന്നത്. ഭൂമിയേറ്റെടുക്കല്‍ ബില്ലിനെതിരെയുള്ള കര്‍ഷക റാലിയില്‍ രാജ്യമെമ്പാടുംനിന്നും ലക്ഷക്കണക്കിന് പ്രവര്‍ത്തകരെ അണിനിരത്താനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്. ലക്ഷങ്ങല്‍ റാലിയില്‍ അണിചേരുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിങ് പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഭൂമിയേറ്റെടുക്കല്‍ നിയമത്തിന്റെ പേരില്‍ സര്‍ക്കാരിനെതിരെ ജനലക്ഷങ്ങളെ അണിനിരത്തുന്ന പടുകൂറ്റന്‍ റാലികളും ജനകീയ പ്രക്ഷോഭങ്ങളും സംഘടിപ്പിക്കാനാണ് രാഹുല്‍ ഗാന്ധിയുടെ പദ്ധതിയെന്നാണ് വിവരം.

പാര്‍ലമെന്റിന്റെ ബജറ്റ് സെഷന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്നതിന് തൊട്ടുതലേന്നാണ് കര്‍ഷക റാലി കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്. ഭൂമിയേറ്റെടുക്കല്‍ ബില്ലിനെതിരെ പരമാവധി പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരികയാണ് കോണ്‍ഗ്രസ്സിന്റെ ലക്ഷ്യം. അതേസമയം കോണ്‍ഗ്രസിനെയും പ്രതിപക്ഷ കക്ഷികളെയും നേരിടാന്‍ മഹാ സമ്പര്‍ക്ക് അഭിയാന്‍ എന്ന ജനസമ്പക്കര്‍ക്ക പരിപാടി കേന്ദ്രസര്‍ക്കാരും ബിജെപിയു പ്രഖ്യാപിച്ചിട്ടുണ്ട്. അതിലൂടെ കോണ്‍ഗ്രസ് ഉയര്‍ത്തിക്കൊണ്ട് വരുന്ന കൊടുങ്കാറ്റിനെ ചായക്കോപ്പയില്‍ ഒതുക്കാമെന്നാണ് ബിജെപി കരുതുന്നത്.

Loading...

പാവങ്ങള്‍ക്കും കര്‍ഷകര്‍ക്കും എതിരാണ് ബിജെപി സര്‍ക്കാരെന്ന് സ്ഥാപിക്കുന്നതിനായും രാഹുല്‍ ഗാന്ധിയേക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമമിടുന്നതിനായുമാണ് റാലികൊണ്ട് കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നത്. എന്നാല്‍ തന്ത്രങ്ങള്‍ മെനഞ്ഞ് ആരോപണത്തിന്റെ മുനയൊടിക്കാനും പ്രതിപക്ഷത്തെ പ്രതിരോധത്തിലാഴ്ത്താനുമാണ് ബിജെപി കാത്തിരിക്കുന്നത്.