കനത്തമഴ തുടരുന്നു. ഇടിമിന്നലിൽ 3മരണം. വ്യാപക കൃഷിനാശം.

തിരുവനന്തപുരം: വേനൽ മഴ സസ്ഥാനത്ത് തുടരുന്നു. മിക്ക ജില്ലയിലും കനത്ത മഴയും കാറ്റും തുടരുകയാണ്‌. ഇടിമിന്നലിൽ 3പേർ മരിച്ചു. കണ്ണൂർ, കോഴിക്കോട്, എന്നിവിടങ്ങളിൽ മലയോരത്ത് പലയിടത്തും ഗതാഗതം താറുമാരായി. കാറ്റിലും മഴയിലും വിൾകൾക്ക് വ്യാപകനാശം ഉണ്ടായി.

തിരുവനന്തപുരത്ത് ആറുമണിക്കൂര്‍ നിര്‍ത്താതെ പെയ്ത മഴ തലസ്ഥാനനഗരത്തെ ഞെട്ടിച്ചു. മിക്കയിടങ്ങളിലും അഞ്ചടിയോളം വെള്ളം പൊങ്ങി. രാത്രി എട്ടരമണി വരെ നിരത്ത് നിറഞ്ഞ് വാഹനങ്ങള്‍ കിടന്നു. ഒരാള്‍പ്പൊക്കത്തോളം വെള്ളം നിറഞ്ഞ തമ്പാനൂര്‍ ദുരിതഭൂമിയായി. മൂന്നുപേരുടെ മരണത്തിനിടയാക്കിയ പേമാരിക്ക് നേരിയ ശമനമുണ്ടായത് രാത്രി ഒമ്പതോടെയാണ്. കനത്തമഴയില്‍ ട്രാക്കില്‍ വെള്ളം കയറി സിഗ്നല്‍ തകരാറിലായതിനെ തുടര്‍ന്ന് തീവണ്ടികള്‍ വൈകി. തമ്പാനൂര്‍ സെന്‍ട്രല്‍ സ്റ്റേഷനിലെ ട്രാക്കുകളിലാണ് വെള്ളം ഉയര്‍ന്നത്. സ്റ്റേഷനിലെ ഓട്ടോമെറ്റിക് സിഗ്നല്‍ സംവിധാനം നിശ്ചലമായതോടെ എത്തുന്ന തീവണ്ടികള്‍ സ്വീകരിക്കാന്‍ കഴിയാതെയായി. ജീവനക്കാര്‍ നേരിട്ട് ട്രാക്ക് പോയിന്റുകള്‍ ബന്ധപ്പെടുത്തിയാണ് തീവണ്ടികള്‍ സ്റ്റേഷനിലേക്ക് എത്തിച്ചത്.  പുതിയതുറ സ്വദേശികളായ ഉലിയരിക്കുന്ന് പുരയിടത്തില്‍ ഫ്രെഡി(54), ചക്കിട്ടവിളാകം വീട്ടില്‍ മിഖായേല്‍ അടിമ (66) എന്നിവര്‍ ഇടിമിന്നലേറ്റും കുന്നുകുഴി സ്വദേശി ജഗല്‍ പുരുഷോത്തമന്‍(56) ഷോക്കേറ്റുമാണ് മരിച്ചത്.
കനത്ത മഴ പെയ്തതിനെ തുടര്‍ന്ന് മത്സ്യഷെഡില്‍ കയറി നില്‍ക്കുന്നതിനിടെയാണ് ഫ്രെഡിക്കും മിഖായേലിനും ഇടിമിന്നലേറ്റത്. ഫ്രെഡിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു.ഇവരോടൊപ്പം ഉണ്ടായിരുന്ന നാല് പേര്‍ക്ക് മിന്നലില്‍ പരിക്കേറ്റു. പുതിയതുറ സ്വദേശികളായ സെബാസ്റ്റ്യന്‍ (45), യേശുദാസ് (38), ജോണി (45), ശെല്‍വരാജ് (45) എന്നിവരെ പരിക്കുകളോടെ മെഡിക്കല്‍കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കനത്ത മഴയില്‍ വീടിനോടു ചേര്‍ന്നുള്ള കാര്‍ ഷെഡ്ഢില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് മുറ്റത്തേക്കിറങ്ങിയതായിരുന്നു ജഗല്‍. ഇതിനിടയില്‍ വെള്ളത്തിലേക്കു വൈദ്യുതി കേബിള്‍ പൊട്ടിവീണതിനെ തുടര്‍ന്നാണ് ഷോക്കേറ്റത്.
 
സംസ്ഥാനത്തൊട്ടാകെ വ്യാപകമായി കൃഷിനാശമുണ്ടാവുകയും വൈദ്യുതി ബന്ധം താറുമാറാകുകയും ചെയ്തു. കനത്തമഴയില്‍ തിരുവനന്തപുരം ജില്ലയുടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ഇതേതുടര്‍ന്ന് ജില്ലാകലക്ടര്‍ ബിജു പ്രഭാകര്‍ അതീവ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ദുരന്തനിവാരണ വകുപ്പ്, താലൂക്ക്-വില്ലേജ് ഓഫീസ് ജീവനക്കാരോട് വൈകിട്ട് തിരികെ ഓഫീസില്‍ എത്താന്‍ അവശ്യപ്പെടുകയും കണ്‍ട്രോള്‍ റൂം തുറക്കുകയും ചെയ്തു