അമേരിക്കയില്‍ പീഡനക്കേസില്‍ ജാമ്യത്തില്‍ കഴിഞ്ഞിരുന്ന സൗദി രാജകുടുംബാംഗം വീണ്ടും അറസ്റ്റില്‍

സ്വന്തം ലേഖകന്‍

സാന്‍ഡിയാഗോ: പീഡനക്കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ പുറത്തിറങ്ങിയ സൗദി രാജകുടുംബാംഗം മെക്‌സിക്കോവഴി രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടയില്‍ സാന്‍ഡിയാഗോയില്‍ വച്ച് വീണ്ടും പിടിക്കപ്പെട്ടു. സ്റ്റുഡന്റ് വിസയില്‍ അമേരിക്കയില്‍ എത്തിയ യൂട്ടാ വാലി യൂണിവേഴ്സിറ്റി വിദ്യാര്‍ഥി മന്‍സൂര്‍ അല്‍ സമാരി (27) ആണ് പീഡനക്കേസില്‍ നിന്ന് രക്ഷപെടുവാനായി രാജ്യം വിടാന്‍ ശ്രമിച്ചത്.Monsoor

Loading...

ഫെബ്രുവരിയിലായിരുന്നു ഇയാള്‍ ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കോളേജില്‍ വച്ചു പരിചയപ്പെട്ട വിദ്യാര്‍ഥിനിയെ ഭക്ഷണത്തിനു ക്ഷണിക്കുകയും തുടര്‍ന്ന് ഇയാളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി അവിടെവച്ച് പീഡിപ്പിക്കുകയുമായിരുന്നു. സംഭവം നടന്ന് ഒരുമാസം കഴിഞ്ഞാണ് പെണ്‍കുട്ടി പോലീസില്‍ പരാതിപ്പെടുന്നത്. കൂടാതെ പെണ്‍കുട്ടിതന്നെയാണ് പോലീസിന് മന്‍സൂര്‍ താമസിച്ചിരുന്ന യൂട്ടാവാലി യൂണിവേഴ്സിറ്റിയുടെ അടുത്തുള്ള അപ്പാര്‍ട്ട്മെന്റ് കാണിച്ചുകൊടുത്തതും. തുടര്‍ന്ന് മാര്‍ച്ച് 26-ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ഏപ്രില്‍ 3-ന് ഇയാള്‍ 100,000 ഡോളര്‍ ജാമ്യത്തില്‍ പുറത്തിറങ്ങി. തുടര്‍ന്ന് ജാമ്യത്തില്‍ കഴിയുകയായിരുന്ന ഇയാല്‍ ഏപ്രില്‍ 17 (വെള്ളി)നാണ് മെക്‌സിക്കോ വഴി രക്ഷപെടുവാന്‍ തീരുമാനിച്ചതും പോലീസ് പിടിയിലാകുന്നതും.

ഇപ്പോള്‍ ജാമ്യമില്ലാതെ സാന്‍ഡിയാഗോ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്ന മന്‍സൂറിനെ താമസിയാതെ യൂട്ടായിലേക്ക് മാറ്റുമെന്നാണ് അറിയുന്നത്. ഇയാള്‍ സൗദി രാജകുടുംബാംഗമാണെന്നും അവിടുത്തെ ഗവണ്മെന്റില്‍ ശക്തമായ സ്വാധീനമുള്ളയാളാണെന്നും പോലീസ് പറയുന്നു. എന്നാല്‍ എങ്ങനെയാണ് ഇയാള്‍ രാജകുടുംബവുമായി ബന്ധപ്പെട്ടിട്ടുള്ളത് എന്നത് വ്യക്തമാക്കുന്നതില്‍ നിന്ന് പോലീസ് വിട്ടുനിന്നു.

പീഡനങ്ങള്‍ക്ക് തലയറുക്കുകയോ കല്ലെറിഞ്ഞുകൊല്ലുകയോ ശിക്ഷനല്‍കുന്ന ഒരു രാജ്യത്തെ രാജാവിന്റെ ബന്ധു മറ്റൊരു രാജ്യത്ത് വന്ന് ഇത്തരം ക്രൂരകൃത്യം ചെയ്തിട്ട് രക്ഷപെട്ടുപോകാന്‍ ഒരിക്കലും അനുവദിക്കില്ലെന്ന് പോലീസ് പറഞ്ഞു. കുറ്റം ചെയ്തവര്‍ എത്ര ഉന്നതരാണെങ്കിലും പരമാവധി ശിക്ഷ ലഭിക്കുമെന്നും പോലീസ് പറഞ്ഞു.