സൗരവ് ഗാംഗുലി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക്?

കൊല്‍ക്കത്ത: സൗരവ് ഗാംഗുലി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അടുത്ത പരിശീലകനായേക്കുമെന്ന് സൂചന. ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രമാണ് ബംഗാള്‍ ക്രിക്കറ്റ് ബോര്‍ഡ് വൃത്തങ്ങളെ സൂചിപ്പിച്ച് ഇത്തരം ഒരു വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ലോകകപ്പ് കഴിഞ്ഞതോടെ നിലവിലുള്ള കോച്ച് ഡങ്കന്‍ ഫ്ലെച്ചറുടെ കരാര്‍ അവസാനിപ്പിക്കാന്‍ ബിസിസിഐ തീരുമാനിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പുതിയ കോച്ചിനെ തേടുകയാണ് ബിസിസിഐ. ബിസിസിഐ പ്രസിഡന്റ് ജഗ്മോഹന്‍ ഡാല്‍മിയയ്ക്ക് ഗാംഗുലിയുടെ കാര്യത്തില്‍ താല്‍പ്പര്യമുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഗാംഗുലിയും ഡാല്‍മിയയും ഇത് സംബന്ധിച്ച് സംസാരിച്ചതായും എന്നാല്‍ ഏതെങ്കിലും സൂചന ഇരുവരും നല്‍കിയില്ലെന്നും ഇരുവരുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഏപ്രില്‍ 26ന് ചേരുന്ന ബിസിസിഐ വര്‍ക്കിംങ് കമ്മിറ്റിയോഗം മാത്രമായിരിക്കും കോച്ചിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കു. നേരത്തെ ബിസിസിഐക്ക് വിദേശ കോച്ചുമാരെ നിയമിക്കണം എന്ന് നിര്‍ബന്ധം ഇല്ലെന്ന് ബിസിസിഐ ജനറല്‍ സെക്രട്ടറി അനുരാഗ് താക്കൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.