അച്ചാര്‍ ഫാക്ടറിയുടെ കെമിക്കല്‍ പ്ലാന്റിലെ ടാങ്കിനുള്ളില്‍ ഏഴു മൃതദേഹങ്ങള്‍

കറാച്ചിയിലെ അച്ചാര്‍ ഫാക്‌ടറിയില്‍ ഉടമ ഉള്‍പ്പെടെ ഏഴുപേരുടെ മൃതദേഹം കണ്ടെത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നു. കറാച്ചിയിലെ കോരംഗി ഇന്‍ഡസ്‌ട്രീയല്‍ ഏരിയയിലെ ഫാക്‌ടറികളില്‍ ഒന്നിലെ അച്ചാര്‍ കമ്പനിയുടെ കെമിക്കല്‍ പ്‌ളാന്റിനുള്ളില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ടാങ്കിനുള്ളില്‍ ഏഴുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അതില്‍ ഫാക്‌ടറി ഉടമ മെഹ്‌താബിന്റേത്‌ തിരിച്ചറിഞ്ഞിട്ടുണ്ട്‌. മറ്റ്‌ ആറു പേര്‍ ജീവനക്കാരാണെന്ന്‌ വിശ്വസിക്കുന്നതായി സീനിയര്‍ സൂപ്രണ്ട്‌ ജൂനൈദ്‌ ഷേയ്‌ഖ് പറഞ്ഞു. ഫാക്‌ടറി ഉടമ ടാങ്കിലേക്ക്‌ വീഴുകയായിരുന്നോ അതേ അയാളെ അപകടപ്പെടുത്തിയതാണോ തുടങ്ങിയ അന്വേഷണത്തിലാണ്‌ പോലീസ്‌. അതേസമയം ടാങ്കിലേക്ക്‌ വീണ ഉടമയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മറ്റുള്ളവരും ടാങ്കില്‍ വീണതായിരിക്കാമെന്നാണ്‌ പോലീസിന്റെ പ്രാഥമിക നിഗമനം.

Loading...

ഫാക്‌ടറിയില്‍ മൃതദേഹങ്ങള്‍ കിടക്കുന്നതായ വിവരം ലഭിക്കുകയായിരുന്നെന്ന്‌ രക്ഷാ പ്രവര്‍ത്തകര്‍ പറഞ്ഞു. എങ്ങിനെയാണ്‌ സംഭവം നടന്നതെന്ന അന്വേഷണത്തിലാണ്‌ പോലീസെന്ന്‌ ഷേയ്‌ഖ് പറഞ്ഞു. മൃതദേഹങ്ങള്‍ ജിന്നാ ആശുപത്രിയിലേക്ക്‌ മാറ്റിയിട്ടുണ്ട്‌. ശ്വാസം മുട്ടിയാണ്‌ എല്ലാവരും മരിച്ചിരിക്കുന്നത്‌. മരണകാരണം പോസ്‌റ്റു മാര്‍ട്ടത്തിന്‌ ശേഷമേ പൂര്‍ണ്ണമായും മനസ്സിലാക്കാന്‍ കഴിയൂ.