പള്ളിമേടയിലെ പീഡനം: പുരോഹിതന്‍ രാജ്യം വിടാന്‍ സാധ്യത

കൊച്ചി: പള്ളിമേടയില്‍ വെച്ച് പതിന്നാലുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയും പ്രമുഖ ധ്യാനഗുരുവുമായ ഫാ. എഡ്‌വിന്‍ സിഗ്രേസ് വിദേശത്തേക്ക് കടക്കുന്നത് തടയാന്‍ വിമാനത്താവളങ്ങളില്‍ നീരീക്ഷണം ശക്തമാക്കി. ധ്യാനം നടത്തുന്നതിനായി അടിക്കടി ഫാ. എഡ്‌വിന്‍ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാറുള്ളതിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് നീക്കം. ലത്തീന്‍ കത്തോലിക്കാ സഭയുടെ കോട്ടപ്പുറം രൂപതയില്‍പ്പെട്ട പുത്തന്‍വേലിക്കര പറങ്കിനാട്ടിയ കുരിശ് ലൂര്‍ദ്മാതാ പള്ളിവികാരിയായ ഫാ.എഡ്‌വിന്‍ സിഗ്രേസിനെതിരെ പെണ്‍കുട്ടിയുടെ അമ്മയാണ് പുത്തന്‍വേലിക്കര പൊലീസില്‍ ബുധനാഴ്ച പരാതി നല്‍കിയത്.

പരാതിക്ക് നല്‍കുന്നതിന് മുമ്പേ വികാരി ഞായറാഴ്ച തന്നെ ഇടവകയിലെ പ്രമുഖ വ്യവസായിയുടെ സഹായത്തോടെ മുങ്ങുകയായിരുന്നു. നാല് ദിവസമായിട്ടും ഇയാളക്കുറിച്ച് പൊലീസിന് ഒരു വിവരവും ലഭിച്ചിട്ടില്ല. ഒമ്പതാം ക്‌ളാസുകാരിയും പഠിക്കാന്‍ മിടുക്കിയുമായ കുട്ടിയെ വികാരി പലവട്ടം പീഡിപ്പിച്ചതായാണ് പരാതി. പീഡനം നടന്നതായി മെഡിക്കല്‍ പരിശോധനയില്‍ വ്യക്തമായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച തന്നെ മജിസ്‌ട്രേട്ടിന് മുമ്പാകെ പെണ്‍കുട്ടിയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തി.

Loading...

fr. Edvin

ഓശാന ഞായറിന് തലേന്ന് കുമ്പസാരം കഴിഞ്ഞ് പെണ്‍കുട്ടി വീട്ടിലെത്താത്തതിനെ തുടര്‍ന്ന് അമ്മ പള്ളിയില്‍ ചെന്നപ്പോള്‍ കുട്ടി പള്ളിമേടയിലായിരുന്നു. പലപ്പോഴും പെണ്‍കുട്ടിയെ അച്ചന്‍ മേടയിലേക്ക് വിളിച്ചുകൊണ്ടുപോകാറുമുണ്ടത്രെ. ഇതിനെ ചോദ്യം ചെയ്ത് അമ്മയും വികാരിയുമായി വാക്കുതര്‍ക്കമുണ്ടായപ്പോഴാണ് ഇടവകക്കാര്‍ വിവരം അറിഞ്ഞത്.

200 ഓളം അംഗങ്ങള്‍ മാത്രമുള്ള ചെറിയ ഇടവകയില്‍ കഴിഞ്ഞ ശനിയാഴ്ച മുതല്‍ ഈ സംഭവം വിവാദങ്ങള്‍ക്കിടയാക്കിയിരിക്കുകയാണ്. കോട്ടപ്പുറം ബിഷപ്പിന്റെ അസിസ്റ്റന്റായ പുരോഹിതനാണ് ഇപ്പോള്‍ പള്ളിയില്‍ ശുശ്രൂഷകള്‍ ചെയ്യുന്നത്. അതിനിടെ വികാരിയുടെ പീഡനത്തിനെതിരെ ഫേസ് ബുക്കില്‍ പ്രതികരിച്ച പള്ളിയിലെ ഗായകസംഘത്തില്‍പ്പെട്ട യുവാവിനും കുടുംബത്തിനും ഇടവകയിലെ പ്രമുഖന്റെ നേതൃത്വത്തില്‍ പള്ളിയില്‍ വിലക്കേര്‍പ്പെടുത്തി. ദു:ഖവെള്ളിയാഴ്ച ഇവര്‍ക്ക് പള്ളിയിലെ ചടങ്ങുകളില്‍ പങ്കെടുക്കാനായില്ല.

സംഗീതജ്ഞനും ഗായകനും മികച്ച പ്രഭാഷകനുമായ ഫാ. എഡ്‌വിന്‍ സിഗ്രേസ് സഭയിലെ പുരോഹിതര്‍ക്കുള്‍പ്പെടെ ധ്യാനങ്ങള്‍ സംഘടിപ്പിക്കുന്നയാളാണ്. നിരവധി ക്രിസ്തീയഭക്തിഗാന ആല്‍ബങ്ങള്‍ ഇദ്ദേഹത്തിന്റേതായുണ്ട്. അടുത്തിടെ ഒരു ന്യൂജനറേഷന്‍ സിനിമയ്ക്ക് വേണ്ടി സംഗീതസംവിധാനവും നിര്‍വഹിച്ചിരുന്നു.

വികാരിയെ പുറത്താക്കണമെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍
14 കാരിയെ പീഡിപ്പിച്ച ഫാ. എഡ്‌വിന്‍ സിഗ്രേസിനെ പൗരോഹിത്യത്തില്‍ നിന്ന് പുറത്താക്കണമെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. വികാരിയെ സംരക്ഷിക്കുന്ന രൂപതാ അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പോപ്പിന് പരാതി നല്‍കും. പ്രതിയെ സംരക്ഷിക്കാന്‍ പൊലീസും രൂപതയും ഒത്തുകളിക്കുകയാണ്. വികാരി ഒളിവിലാണെന്ന് പറയുന്നത് ദുരൂഹമാണെന്നും കൗണ്‍സില്‍ ജനറല്‍സെക്രട്ടറി വര്‍ഗീസ് പറമ്പില്‍ അറിയിച്ചു. യോഗത്തില്‍ പ്രസിഡന്റ് ലാലന്‍ തരകന്‍ അദ്ധ്യക്ഷത വഹിച്ചു.