ചായപ്പൊടിയിലും മായം

കേരളം അതിവേഗം ബഹുദൂരത്തിലേക്ക് കുതിക്കുകയാണ്. സകലതിലും മായചേര്‍ത്തുകൊണ്ടാണെന്ന് മാത്രം. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പത്താം ക്ലാസ് ഫലത്തിലും, കുടംപുളിയിലും, അരിയിലും, വെള്ളത്തിലും എല്ലാം മായം. എന്തിന് രാഷ്ട്രീയക്കാരുടെ സംസാരത്തിലും ഈ മായം തന്നെ! രാവിലെ എഴുന്നേറ്റ് ഒരു വായിക്കോട്ടയും വിട്ട് അല്പം ഊര്‍ജത്തിനായി അകത്താക്കുന്ന ചായയിലും മായമാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ചായപ്പൊടിയിലും മായം. മായം ചേര്‍ത്ത ചായപ്പൊടി വിപണികളില്‍ സുലഭം. വയനാട്, പാലക്കാട് ജില്ലകളിലെ ചായക്കടകളിലേക്കാണ് നിറംചേര്‍ത്ത ചായപ്പൊടി കൂടുതലായി വിറ്റഴിക്കുന്നത്. ഒലവക്കോട്ടു നിന്നും ലഭിച്ച ചായപ്പൊടിയിലാണ് ചായക്കോപ്പയില്‍ നിറയുന്ന മായം കണ്ടെത്തിയിരിക്കുന്നത്. പോളിത്തീന്‍ പേപ്പറിനുളളില്‍ പൊതിഞ്ഞ് പ്രത്യേകിച്ച് പേരോ ഉല്‍പ്പാദന കേന്ദ്രമോ രേഖപ്പെടുത്താതെ വിറ്റഴിക്കുന്ന ചായപ്പൊടിയാണിത്. കാഴ്ചയില്‍ തട്ടിപ്പ് പെട്ടെന്ന് മനസിലാകില്ലെങ്കിലും രുചിയിലും നിറത്തിലൂടെയും ഇത് കണ്ടുപിടിക്കാം. ഗുണനിലവാരമില്ലാത്ത തേയിലപ്പൊടിയില്‍ ടെറാസിന്‍, സണ്‍സെറ്റ് യെല്ലോ , ഓറഞ്ച് രണ്ട് , കാര്‍മോസിന്‍ തുടങ്ങിയ നിറങ്ങള്‍ ചേര്‍ത്താണ് വില്‍പ്പന. ഒലവക്കോട്ടെ ചായക്കടയില്‍ നിന്ന് 20 കിലോ മായംചേര്‍ന്ന തേയില ഇതിനോടകം ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയിട്ടുണ്ട്. ചായയ്ക്ക് കൂടുതല്‍ കടുപ്പം കൂട്ടാനാണ് ഇത് ഉപയോഗിക്കുന്നത്.

Loading...