കൊവിഡ് 19; ടോക്യോ ഒളിമ്പിക്‌സ് മാറ്റിവെച്ചു,ഇനി 2021ല്‍ നടത്തും

ടോക്യോ; ലോകമെമ്പാടും കൊറോണ ഭീതിയില്‍ അമരുമ്പോള്‍ ടോക്യോ ഒളിമ്പിക്‌സ് മാറ്റിവെക്കാനും തീരുമാനം ആയി. ഒളിമ്പിക്‌സ് മാറ്റിവെക്കാന്‍ സാവകാശം നല്‍കണമെന്ന് ജപ്പാന്‍ ആവശ്യപ്പെട്ടു. ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റിയോടാണ് ആവശ്യപ്പെട്ടത്. ഐഒസി പ്രസിഡന്റ് തോമസ് ബാഹുമായി നടത്തിയ ചര്‍ച്ചയ്ക്കിടെയാണ് തീരുമാനം ആയത്. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സൊ ആബെയാണ് ചര്‍ച്ച നടത്തിയത്. ഇത് ഐഒസി അംഗീകരിക്കുകയും ചെയ്തു. ഇക്കാര്യം ഷിന്‍സൊ ആബെയുടെ ഓഫീസും സ്ഥിരീകരിച്ചു.

ബാഹുമായി ടെലഫോണിലാണ് ആബെ ചര്‍ച്ച നടത്തിയത്. ആബെയും ബാഹുമായി നടത്തിയ ചര്‍ച്ചയില്‍, ടോക്യോ ഒളിമ്പിക്സ് റദ്ദാക്കില്ലെന്നും 2021ല്‍ നടത്തുമെന്ന് തീരുമാനിച്ചതായും ഷിന്‍സോ ആബെയുടെ ഓഫീസ് വ്യക്തമാക്കി.

Loading...

അതേസമയം ചൈനയില്‍ കൊറോണ കേസുകള്‍ കുറഞ്ഞെന്ന ആശ്വാസത്തിനിടയിലും 75 കേസുകള്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്തു. ഒറ്റ ദിവസം കൊണ്ട് 75 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാണ് വീണ്ടും ആശങ്ക ജനിപ്പിച്ചിരിക്കുന്നത്. തിങ്കളാഴ്ചത്തെ അപേക്ഷിച്ച രോഗം സ്ഥിരീകരിച്ചവര്‍ ചൊവ്വാഴ്ചയായപ്പോള്‍ ഇരട്ടിയായി. വിദേശത്തുനിന്ന് വന്നവരിലാണ് ഇതില്‍ ഏറിയ പങ്കും സ്ഥിരീകരിച്ചത്.

കൊറോണ വ്യാപനത്തിന്റെ രണ്ടാം ഘട്ടമാകുകയാണോ എന്ന ആശങ്കയും ആരോഗ്യവകുപ്പിനുണ്ട്. ഒരാഴ്ചയായി പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്ന വുഹാനിലും ഒരാള്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. വുഹാനില്‍ ഏഴ് പേര്‍ കൂടി മരിച്ചതായാണ് ഒടുവിലത്തെ റിപ്പോര്‍ട്ട്.

രണ്ടാം ഘട്ട വ്യാപന സാധ്യത എന്ന മുന്നറിയിപ്പോടെയാണ് ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പത്രത്തിന്റെ പ്രധാന വാര്‍ത്ത പറയുന്നത്, സമ്പര്‍ക്ക വിലക്ക് പര്യാപ്തമല്ല. രണ്ടാം ഘട്ട വ്യാപനത്തിനാണ് എല്ലാ സാധ്യതയും എന്നാണ്.