മരിച്ചവരുടെ എണ്ണം 7,800 കടന്നു ; തുർക്കിയിലും, സിറിയയിലും കാണാതായ ആയിരങ്ങള്‍ക്കായി തിരച്ചില്‍ തുടരുന്നു

തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂചലനങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായിരത്തി എണ്ണൂറ് കടന്നു. തുര്‍ക്കിയില്‍ 5,894 പേരും സിറിയയില്‍ 1,932 പേരുമാണ് മരിച്ചത്. ആറായിരത്തിലേറെ കെട്ടിങ്ങള്‍ ഭൂകമ്പത്തില്‍ തകര്‍ന്നെന്നാണ് കണക്ക്. ഈ കെട്ടിടങ്ങള്‍ക്കിടയിലായി ആയിരത്തോളം പേര്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് വിലയിരുത്തല്‍.

രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം കാണാതായവരുടെ ബന്ധുക്കളും തിരച്ചിലിന് ഒപ്പം ചേര്‍ന്നു. ഇതിനിടെ ഇടയ്ക്കിടെ എത്തുന്ന തുടർചലനങ്ങളും രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നതായി റിപ്പോർട്ടുണ്ട്. കൊടുംതണുപ്പിലും ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഇന്നലെ രാത്രിയും തുടര്‍ന്നു. എന്നാൽ പലയിടത്തും റോഡുകളടക്കം തകര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്.

Loading...

ദുരിതാശ്വാസപ്രവർത്തനങ്ങൾക്കായി ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുളള രക്ഷാപ്രവർത്തകരും തുർക്കിയിൽ എത്തിത്തുടങ്ങി. അതേസമയം ഭൂകമ്പം നാശം വിതച്ച തുര്‍ക്കിയില്‍ മൂന്നുമാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഭൂകമ്പം ബാധിച്ച പത്ത് പ്രവിശ്യകളിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കു ന്നതെന്നു പ്രസിഡന്റ് തയ്യീപ് എര്‍ദോഗന്‍ അറിയിച്ചതായി വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

രക്ഷാപ്രവര്‍ത്തനങ്ങള്‍ അതിവേഗം നടത്താനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് തുര്‍ക്കി പ്രസിഡന്റ് പറഞ്ഞിട്ടുണ്ട്. ദുരിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. അതിശക്തമായ മഴയും മഞ്ഞുവീഴ്ചയും തുര്‍ക്കിയിലെ രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുകയാണ്.