ദേശീയതലത്തില്‍ ഇരുചക്ര വാഹനാപകടങ്ങള്‍ കുറയുമ്പോള്‍ സംസ്ഥാനത്ത് ഉയരുന്നതായി റിപ്പോര്‍ട്ട്

തിരുവനന്തപുരം. രാജ്യത്ത് ഇരുചക്രവാഹനാപകടങ്ങള്‍ കുറയുമ്പോള്‍ കേരളത്തില്‍ കൂടുന്നതായി റിപ്പോര്‍ട്ട്. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ അപകട റിപ്പോര്‍ട്ട് പ്രകാരം 2018ല്‍ വാഹനാപകടങ്ങളുടെ 45 ശതമാനവും ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെട്ടതായിരുന്നു. എന്നാല്‍ 2022ല്‍ എത്തിയപ്പോള്‍ ഇത് 39 ശതമാനമായി കുറഞ്ഞു. കേരളത്തിലെ കണക്കുകള്‍ ഞെട്ടിക്കുന്നതാണ്.

2018ല്‍ സംസ്ഥാനത്ത് നടന്ന വാഹനാപകടങ്ങളില്‍ 61 ശതമാനവും ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെട്ടതാണ്. 2020 ല്‍ ഇത് 67 ശതമാനമായി ഉയര്‍ന്നു. പിന്നീട് 2022 എത്തിയപ്പോള്‍ 61 ശതമാനമായി. എന്നാല്‍ കേരളത്തിലെ 10 വര്‍ഷത്തെ ശരാശരി എടുത്താലും 60 ശതമാനം അപകടങ്ങളിലും ഇരുചക്രവാഹനം ഉള്‍പ്പെടുന്നു. കേരളത്തില്‍ റോഡുകളുടെ ഗുണനിലവാരം കുറഞ്ഞതും ഇരുചക്രവാഹനങ്ങളുടെ വന്‍തോതിലുള്ള ഉപയോഗവുമാണ് അപകടം കൂട്ടുവാന്‍ കാരണം.

Loading...

സംസ്ഥാന ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്ക് പ്രകാരം 2022ല്‍ 57 ശതമാനം അപകടങ്ങള്‍ക്കും കാരണം അമിതവേഗമാണ്. മദ്യപിച്ച് വാഹനം ഓടിക്കുക, തെറ്റായ ദിശയില്‍ ഡ്രൈവ് ചെയ്യുക, റോഡിലെ ശോച്യാവസ്ഥ, ഡ്രൈവര്‍മാരുടെ അശ്രദ്ധ എന്നിവയാണ് അപകടത്തിന് കാരണം. മോട്ടോര്‍ വാഹനവകുപ്പിന്റെ കണക്ക് പ്രകാരം സംസ്ഥാനത്ത് 1.08 കോടി ഇരുചക്രവാഹനങ്ങളാണ് ഉള്ളത്.