ഇന്ത്യയ്ക്ക് യു.എന്നില്‍ സ്ഥിരാംഗത്വം തന്നേതീരൂ: നരേന്ദ്രമോദി

പാരീസ്: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യവും, ജനസംഘ്യയില്‍ ലോകത്തില്‍ രണ്ടാമത്തെ ഏറ്റവും വലിയ രാജ്യവുമായി ഇന്ത്യയ്ക്ക് എന്തുകൊണ്ട് ഐക്യരാഷ്ട്ര സഭയില്‍ സ്ഥിരാംഗത്വം ലഭിക്കുന്നില്ല എന്ന് നരേന്ദ്രമോദി. ഐക്യരാഷ്ട്ര സഭാ രക്ഷാസമിതിയിലെ സ്ഥിരാംഗത്വം ഇന്ത്യയുടെ അവകാശമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബുദ്ധന്റെയും മഹാത്മ ഗാന്ധിയുടേയും നാട് സമാധാനത്തിന്റെ നാടാണ്-സ്ഥിരാംഗത്വത്തിനുള്ള അവകാശം ഇന്ത്യക്കുണ്ട്. അതാണ് ചോദിക്കുന്നത്-മോദി പറഞ്ഞു.

ശനിയാഴ്ച വൈകിട്ട് പാരീസിലെ ഇന്ത്യന്‍ സമൂഹം നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി. രാജ്യാതിര്‍ത്തി വിപുലപ്പെടുത്താന്‍ ഇന്ത്യ ഒരിക്കലും യുദ്ധം നടത്തിയിട്ടില്ല. എന്നും സമാധാനത്തിന് വേണ്ടി നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. ലോകസമാധാനത്തിനും ഇന്ത്യ എന്നും സംഭാവനങ്ങള്‍ നല്‍കിയിട്ടുണ്ട്. എന്നിട്ടും രക്ഷാസമിതിയിലെ സ്ഥിരാംഗത്വത്തിനായി ഇപ്പോഴും പോരാടുകയാണ്-മോദി പറഞ്ഞു.

Loading...

ലോകത്തിന് ഒരു സന്ദേശം നല്‍കാന്‍ ആഗ്രഹിക്കുകയാണ്. ‘ഇന്ത്യയെ നിങ്ങള്‍ വേര്‍തിരിച്ച് കാണണം. സ്വയവും മറ്റുള്ളവര്‍ക്കു വേണ്ടിയും ത്യാഗങ്ങള്‍ സഹിച്ച രാജ്യമാണ് ഇന്ത്യ. യു.എന്‍ സമാധാനസേനയിലേക്ക് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്ന രാജ്യവും ഇന്ത്യയാണ്.

ഒന്നാം ലോകമഹായുദ്ധത്തിന്റെ നൂറാം വാര്‍ഷികകാലമാണിത്. ഇന്ത്യയുടേതല്ലാത്ത യുദ്ധത്തിന് 14 ലക്ഷം സൈനികരെ വിട്ടുനല്‍കി. അതില്‍ 75,000 പേരെ നഷ്ടപ്പെട്ടു. ഗാന്ധിജിയുടേയും ബുദ്ധന്റെയും നാടിന്റെ അവകാശം അംഗീകരിക്കേണ്ട സമയമാണിത്. സഹായമായി ചോദിച്ചകാലം കഴിഞ്ഞു. ഇന്ന് ഇന്ത്യ അവരുടെ അവകാശമാണ് ചോദിക്കുന്നത്-മോദി പറഞ്ഞു.