മുഖ്യമന്ത്രിക്കെതിരായ കള്ളക്കടത്താരോപണം രാജ്യത്ത് ഇതാദ്യം; വി മുരളീധരൻ

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണങ്ങൾ രാഷ്ട്രീയ ആയുധമാക്കി ഉപയോ​ഗിക്കുകയാണ് കോൺ​ഗ്രസും ബിജെപിയും. കോൺ​ഗ്രസ് യുവജന സംഘടകൾ എല്ലാം തന്നെ ഇതിനോടകം തന്നെ പ്രതിഷേധ പരിപാടികളുമായി രം​ഗത്ത് എത്തിക്കഴിഞ്ഞു.അതേസമയം ബിജെപിയും മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി രം​ഗത്ത് എത്തിയിരിക്കുകയാണ്. കേസിലെ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്കും സിപിഐഎമ്മിനും ഒളിച്ചോടാനാവില്ലെന്നാണ് കേന്ദ്രമന്ത്രി വി.മുരളീധരൻ പറയുന്നത്. രാജ്യത്താദ്യമായാണ് ഒരു മുഖ്യമന്ത്രിക്കെതിരെ കള്ളക്കടത്ത് ആരോപണം ഉയരുന്നത്.

മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ പിണറായി വിജയന് ധൈര്യമുണ്ടോയെന്ന് മുരളീധരൻ ചോദിച്ചു. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമെന്നു പറഞ്ഞ് സിപിഐഎം ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. കേസുകളിൽ ഇടനിലക്കാരുണ്ടായിരുന്നത് യുപിഎ ഭരണകാലത്താണെന്ന് വി.ഡി.സതീശൻ മനസിലാക്കണം. നരേന്ദ്രമോദി ഭരിക്കുന്നതു കൊണ്ടാണ് എല്ലാ കള്ളക്കടത്തുകാരും കരിഞ്ചന്തക്കാരും പിടിയിലാകുന്നതെന്നും വി.മുരളീധരൻ പറഞ്ഞു.അതേസമയം, സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങൾ ആർഎസ്എസ് തിരക്കഥയെന്ന് എ.എ.റഹീം എംപി പറഞ്ഞു. കേട്ടുകേൾവിയില്ലാത്ത തരത്തിൽ സംഭവത്തിൽ ഗൂഢാലോചന നടത്തി. ഇതിന് പിന്നിൽ ആർഎസ്എസ് ആണ്. ഗൂഢാലോചനയിൽ സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.

Loading...