തിരുവനന്തപുരം: ലിബറല്‍ മതേതര ജനാധിപത്യ രാഷ്ട്രത്തിനു ശക്തമായ അടിത്തറ ഇടാന്‍ ശ്രമിച്ചതാണ് സംഘികള്‍ക്ക് നെഹ്രുവിനോടുള്ള വിരോധത്തിന്റെ കാരണമെന്ന് വി.ടി ബെല്‍റാം എം.എല്‍.എ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇതറിയിച്ചത്.

വി.ടി ബെല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ രൂപത്തില്‍ ചുവടെ ചേര്‍ക്കുന്നു:

Loading...

ഹിന്ദുരാഷ്ട്രം എന്ന തോന്ന്യാസത്തെ തുറന്നെതിര്‍ത്തും അതിനായി വാദിച്ച അറുപിന്തിരിപ്പന്മാരെ അധികാരമുപയോഗിച്ച് മാത്രമല്ല, തന്റെ ധിഷണ കൊണ്ടും ദീര്‍ഗ്ഘവീക്ഷണം കൊണ്ടും അപാരമായ ജനപിന്തുണ കൊണ്ടും ഒന്നുമല്ലാതാക്കി ഇന്ത്യയില്‍ ഒരു ലിബറല്‍ മതേതര ജനാധിപത്യ രാഷ്ട്രത്തിനു ശക്തമായ അടിത്തറ ഇട്ടു എന്നതാണു ജവഹര്‍ലാല്‍ നെഹ്രുവിനോട് സംഘികള്‍ക്കുള്ള വിരോധത്തിന്റെ യഥാര്‍ത്ഥ കാരണം. ‘തള്ളേ, കലിപ്പ് തീരണില്ലല്ലാ…’ എന്ന മട്ടില്‍ അന്നുതൊട്ട് തുടങ്ങിയതാണു സ്ഥാനത്തും അസ്ഥാനത്തുമുള്ള ഈ ചൊറിച്ചില്‍. ഫോട്ടോഷോപ്പ് കാലത്ത് അത് ഏത് ലെവല്‍ വരെയും ആകാമെന്ന് മാത്രം. വ്യക്തിജീവിതത്തിലേക്കുള്ള സദാചാരവാദികളുടെ ഒളിഞ്ഞുനോട്ടം മുതല്‍ നീണ്ട പതിനേഴ് വര്‍ഷത്തെ ഭരണകാലത്തെ ചെറുതും വലുതുമായ വീഴ്ചകളുടെ പേരില്‍ വരെ ജവഹര്‍ലാല്‍ നെഹ്രു ക്രൂരമായ വ്യക്ത്യധിക്ഷേപങ്ങള്‍ക്ക് ഇരയായിട്ടുണ്ട്.

Viswam

വലിയ അനിശ്ചിതത്ത്വങ്ങള്‍ക്കിടയിലേക്കാണു ഒരു സ്വതന്ത്ര രാജ്യമായി ഇന്ത്യ പിറന്നുവീഴുന്നത്. ജനാധിപത്യം, മതേതരത്വം പോലുള്ള ആധുനിക സങ്കല്‍പ്പങ്ങളൊക്കെ ശൈശവദശപോലും പിന്നിട്ടിട്ടില്ല. ജാതിയും മതവുമൊക്കെ പറഞ്ഞ് തമ്മിലടിച്ച് തലതല്ലിക്കീറാന്‍ കാത്തുനില്‍ക്കുന്ന പത്ത് നാല്‍പ്പത് കോടി ജനങ്ങള്‍. അതില്‍ മഹാഭൂരിപക്ഷവും ഉടുതുണിക്ക് മറുതുണി ഇല്ലാത്ത പട്ടിണിപ്പാവങ്ങള്‍. അവരെ ഇളക്കിവിടാന്‍ കിട്ടുന്ന അവസരങ്ങളിലൊക്കെ നോക്കുന്ന വര്‍ഗ്ഗീയ, വിധ്വംസക വാദികള്‍. ഒരു ആഭ്യന്തര കലാപത്തിന്റെ സാധ്യതകള്‍ ശക്തമായി നിലനില്‍ക്കുന്ന രാഷ്ട്രീയ, സാമൂഹിക കാലാവസ്ഥ. ലോകമെമ്പാടുമാകട്ടെ വിവിധ രാജ്യങ്ങളില്‍ രാഷ്ട്രീയ അട്ടിമറികള്‍ നടക്കുന്നു. പട്ടാളങ്ങള്‍ ഭരണം പിടിച്ചെടുക്കുന്നു. ശീതയുദ്ധവും ആയുധപ്പന്തയവും കൊടുമ്പിരി കൊള്ളുന്നു.

ഇങ്ങനെ ഒരു സാഹചര്യത്തില്‍ രാഷ്ട്രീയ രംഗത്ത് നില്‍ക്കുന്നവരേയും അവരുടെ കുടുംബാംഗങ്ങളേയുമൊക്കെ ഭരണകൂടം നിരീക്ഷണ വിധേയരാക്കുന്നത് സ്വാഭാവികം മാത്രമാണു, പ്രത്യേകിച്ചും ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടതായി കരുതപ്പെടുന്ന, എന്നാല്‍ മരണം സ്ഥിരീകരിക്കപ്പെടാത്ത ഒരു ഉന്നത ദേശീയ നേതാവിന്റെ കാര്യത്തില്‍. ഇക്കാര്യത്തിലുള്ള സത്യാവസ്ഥ പുറത്തുവരുന്നതിനെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ മറ്റ് കണക്കുകള്‍ തീര്‍ക്കുന്നതിനു ഈ വിഷയത്തെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നത് ദൗര്‍ഭാഗ്യകരമാണു.

നെഹ്രുവിനു പകരം പട്ടേല്‍ ആദ്യ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ എന്തോ വലിയ കോപ്പ് ഉണ്ടാകുമായിരുന്നു എന്ന മട്ടിലാണു കുറുവടി ശിബിരങ്ങളിലെ സ്ഥിരം പരിദേവനം. 1996 വരെ നീട്ടിവെക്കപ്പെട്ട സംഘ് പരിവാറിന്റെ അധികാരാരോഹണം 1950 കളില്‍ത്തന്നെ നടന്നുപോയേനെ എന്നതില്‍ക്കവിഞ്ഞ് ഗുണപരമായ ഒരു മാറ്റവും അതുകൊണ്ടുണ്ടാകുമായിരുന്നില്ല എന്നതാണു സത്യം. ആധുനികത, ജനാധിപത്യം, മതേതരത്വം, സോഷ്യലിസം, ചേരിചേരായ്മ, മിശ്ര സമ്പദ് വ്യവസ്ഥ, ആസൂത്രിത വികസനം, ശാസ്ത്രസാങ്കേതികവിദ്യാവികസനത്തിന്റെ അടിത്തറ ഒരുക്കല്‍, ബഹിരാകാശ ഗവേഷണം എന്നിവയില്‍പ്പലതും നെഹ്രുവിലൂടെയാണു ഇന്ത്യ പരിചയപ്പെടുന്നത്. നെഹ്രുവല്ലാതെ മറ്റാരു പ്രഥമ പ്രധാനമന്ത്രിയായിരുന്നെങ്കിലും ഇന്ന് ഇന്ത്യ നാമാഗ്രഹിക്കാത്ത മറ്റേതോ തരത്തിലുള്ള ഒരിന്ത്യ ആയി മാറുമായിരുന്നു എന്നതാണു വാസ്തവം. സ്വാഭാവിക വീഴ്ചകളുണ്ടാവാം, എന്നാലും ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച പ്രധാനമന്ത്രി ആയിരുന്നു ജവഹര്‍ലാല്‍ നെഹ്രു എന്ന് നിസ്സംശയം പറയാം. തന്റെ പിന്‍ഗാമികളേക്കാള്‍ എത്രയോ ഉയരത്തിലാണു എന്നും അദ്ദേഹത്തിന്റെ സ്ഥാനം. അടല്‍ ബിഹാരി വാജ്‌പേയി അഭിമാനപൂര്‍വ്വം ആ മാതൃക പിന്തുടരാന്‍ ആഗ്രഹിച്ചു. പൊളിച്ചടുക്കാന്‍ ആവും വിധം ശ്രമിച്ചിട്ടും നരേന്ദ്ര മോഡിക്ക് വഴങ്ങാതെ നെഹ്രുവിട്ട ശക്തമായ അടിത്തറ ഇന്നും ഇന്ത്യ എന്ന ആശയത്തെ ഉറപ്പിച്ചു നിര്‍ത്തുന്നു.

സ. ബിനോയ് വിശ്വത്തിനു അഭിനന്ദനങ്ങള്‍, നെഹ്രു എന്ന മഹാനായ നേതാവിനേയും അദ്ദേഹത്തിന്റെ ആശയങ്ങളുടെ സമകാലിക പ്രസക്തിയേയും തിരിച്ചറിഞ്ഞതിനു.

ഹിന്ദുരാഷ്ട്രം എന്ന തോന്ന്യാസത്തെ തുറന്നെതിർത്തും അതിനായി വാദിച്ച അറുപിന്തിരിപ്പന്മാരെ അധികാരമുപയോഗിച്ച്‌ മാത്രമല്ല, തന്…

Posted by VT Balram on Wednesday, April 15, 2015