അബ്ദുള്ളക്കുട്ടി എന്ന കീറാമുട്ടി; ദേശാടനപക്ഷിയെപ്പോലെ ഇടക്കിടെ വാസസ്ഥലം മാറ്റുന്ന അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസിലെത്തിയത് അധികാരമോഹവുമായാണ്; വിമര്‍ശനവുമായി വീക്ഷണം

എ പി അബ്ദുള്ളക്കുട്ടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം രംഗത്ത്. ഫെയ്‌സ്ബുക്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ചു പോസ്റ്റിട്ടതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. അബ്ദുല്ലക്കുട്ടി അധികാരമോഹം കൊണ്ടുനടക്കുന്ന ദേശാടനപക്ഷിയാണെന്നു വീക്ഷണം മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു. മഞ്ചേശ്വരം സീറ്റ് കണ്ടാണ് ഭാണ്ഡക്കെട്ടുമായി ബിജെപിയിലേക്കു പോകുന്നത്. രാഷ്ട്രീയ അഭയം നല്‍കിയ കോണ്‍ഗ്രസിനെ തിരിഞ്ഞുകൊത്തുന്നു. ഇത്തരം അഞ്ചാംപത്തികളെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണം. കോണ്‍ഗ്രസില്‍നിന്ന് ബിജെപിക്ക് മംഗളപത്രം രചിക്കരുതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

അതേസമയം എ.പി. അബ്ദുല്ലക്കുട്ടിയുമായി ബിജെപി നേതാക്കള്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയതായി സൂചന. അബ്ദുല്ലക്കുട്ടി ഉള്‍പ്പടെയുള്ള രാഷ്ട്രീയ നേതാക്കളെ സ്വാഗതം ചെയ്യുന്നതായി ബിജെപി കണ്ണൂര്‍ ജില്ലാ നേതൃത്വം വ്യക്തമാക്കി. അബ്ദുല്ലക്കുട്ടി പാര്‍ട്ടിയില്‍ തുടരില്ല എന്നതിന്റെ സൂചനയാണ് മോദി സ്തുതിയെന്ന് വി.എം.സുധീരന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് അച്ചടക്ക നടപടിയെടുത്തേക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് അബ്ദുല്ലക്കുട്ടിയെ പാര്‍ട്ടിയില്‍ ചേര്‍ക്കാനുള്ള ശ്രമങ്ങള്‍ ബിജെപി ഊര്‍ജിതമാക്കിയത്. അബ്ദുല്ലക്കുട്ടിയുമായി ജില്ലാ നേതൃത്വം അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയതായാണ് വിവരം. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട് നടപടിയുടെ രൂപത്തിലെത്താത്തതിനാല്‍ അബ്ദുല്ലക്കുട്ടി വ്യക്തമായ മറുപടിയും നല്‍കിയിട്ടില്ല.

Loading...