വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഒബാമ, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരടക്കം ജി20 ഉച്ചകോടിക്കെത്തിയ ലോക നേതാക്കളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ന്നതില്‍ അന്വേഷണം. കഴിഞ്ഞവര്‍ഷം ആസ്ട്രേലിയയിലെ ബ്രിസ്ബേനില്‍ നടന്ന ജി20 ഉച്ചകോടിക്കത്തെിയ ലോകനേതാക്കളുടെ സ്വകാര്യവിവരങ്ങളാണ് ചോര്‍ന്നത്.

മൈക്രോസോഫ്‌റ്റിന്റെ ഇമെയില്‍ സോഫ്‌റ്റ്‌വെയറായ മൈക്രോസോഫ്റ്റ് ഔട്ട് ലുക്കിലെ ഓട്ടോ ഫില്ലില്‍ വന്ന പിഴവുമൂലമാണ് ലോകനേതാക്കളുടെ വിവരങ്ങള്‍ തെറ്റായ വ്യക്തിക്ക് അയച്ചു കൊടുത്തതെന്ന് അന്വേഷകര്‍ അറിയിച്ചു. അടിയന്തരനടപടി സ്വീകരിച്ചതിനാല്‍ വിവരങ്ങള്‍ പൊതു ജനങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് രഹസ്യാന്വേഷകര്‍ കരുതുന്നത്. കത്ത് ലഭിച്ച വ്യക്തിയുടെ മെയില്‍ ബോക്സില്‍നിന്ന് ഇ-മെയില്‍ നീക്കംചെയ്തിട്ടുണ്ട്. മാസങ്ങള്‍ക്കുമുമ്പ് നടന്ന സംഭവം ഏറെ വൈകിയാണ് പുറംലോകം അറിഞ്ഞത്.

Loading...

g20

ആസ്ട്രേലിയന്‍ കുടിയേറ്റവകുപ്പിലെ ഉദ്യോഗസ്ഥന്‍െറ അശ്രദ്ധയാണ് അതീവ നിര്‍ണായകമായ സ്വകാര്യവിവരങ്ങള്‍ പുറത്തുവരാനിടയാക്കിയതെന്ന് അധികൃതര്‍ പറഞ്ഞു. യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ, റഷ്യന്‍ പ്രസിഡന്‍റ് വ്ളാദ്മിര്‍ പുടിന്‍, ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കല്‍, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്, ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ, ഇന്തോനേഷ്യന്‍ പ്രസിഡന്‍റ് ജോകോ വിദോദോ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ തുടങ്ങി 31 ലോകനേതാക്കളുടെ പാസ്പോര്‍ട്ട് നമ്പര്‍, വിസാ വിവരങ്ങള്‍, ജനനത്തീയതി ഉള്‍പ്പെടെ സുപ്രധാന വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ട്.

ജനുവരിയില്‍ നടന്ന ഏഷ്യാകപ്പ് മത്സരങ്ങളുടെ പ്രാദേശിക സംഘാടകസമിതി അംഗത്തിനാണ് കുടിയേറ്റവകുപ്പിലെ ഉദ്യോഗസ്ഥന്‍ തന്ത്രപ്രധാന വിവരങ്ങളടങ്ങിയ മെയില്‍ തെറ്റായി കൈമാറിയത്. ഇതുസംബന്ധിച്ച് ലോകനേതാക്കളെ അപ്പോള്‍ തന്നെ വിവരം അറിയിക്കാഞ്ഞതില്‍ വിമര്‍ശനത്തിനിടയാക്കിയിരുന്നു. ആസ്ട്രേലിയന്‍ പ്രധാനമന്ത്രിയും കുടിയേറ്റവകുപ്പ് മന്ത്രിയും വിഷയത്തില്‍ വിശദീകരണം നല്‍കണമെന്ന് പ്രതിപക്ഷ ഉപനേതാവ് ടാനിയ പ്ളിബേഴ്സ്ക് പറഞ്ഞു. ചില ഫോണ്‍, വെബ് വിവരങ്ങള്‍ രണ്ടുവര്‍ഷം സൂക്ഷിക്കല്‍ ടെലികോം കമ്പനികള്‍ക്ക് നിര്‍ബന്ധമാക്കിയ നിയമം ചൂഷണം ചെയ്യപ്പെടാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതായും ആക്ഷേപമുയര്‍ന്നിരുന്നു.

പ്രസിഡന്റ് ഒബാമയുടെ വിവരങ്ങള്‍ ചോര്‍ന്നതില്‍ അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഭാഗത്ത് കാര്യമായ വീഴ്ച പറ്റിയിട്ടുണ്ടോ എന്നതില്‍ അന്വേഷണം നടക്കുന്നതായി വൈറ്റ്ഹൗസ് ഡെപ്യൂട്ടി പ്രെസ്സ് സെക്രട്ടറി എറിക് ഷൂള്‍സ് പറഞ്ഞു.