ഡല്‍ഹി മേയര്‍ തിരഞ്ഞെടുപ്പ്: ബി.ജെ.പി കൗണ്‍സിലര്‍മാരെ വശത്താക്കാന്‍ ശ്രമിച്ച് എ.എ.പി

ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പേറഷനില്‍ മേയര്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, തങ്ങളുടെ കൗണ്‍സിലര്‍മാരെ പ്രലോഭിപ്പിച്ച് വോട്ട് നേടാന്‍ എ.എ.പി. ശ്രമിക്കുന്നുവെന്ന ആരോപണവുമായി ബി.ജെ.പി. എ.എ.പി. സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് പ്രലോഭനങ്ങളുമായി തങ്ങളുടെ കൗണ്‍സിലര്‍മാരെ എ.എ.പി സമീപിക്കുന്നുവെന്നാണ് പരാതി. കോര്‍പ്പറേഷനിലെ 206-ാം വാര്‍ഡ് കൗണ്‍സിലര്‍ മോണികാ പന്തിനെ ശിഖാ ഘാര്‍ഗ് എന്ന വനിത വാഗ്ദാനങ്ങളുമായി സമീപിച്ചുവെന്ന് ബി.ജെ.പി. നേതാക്കള്‍ പത്രസമ്മേളനത്തിലൂടെ പറഞ്ഞു.

ശിഖാ ഘാര്‍ഗ് തങ്ങളുടെ കൗണ്‍സിലര്‍മാരെ ഫോണില്‍ വിളിച്ചതിന്റെ രേഖകളുണ്ടെന്നും ബി.ജെ.പി. നേതാക്കള്‍ അവകാശപ്പെട്ടു. ഡല്‍ഹി ബി.ജെ.പി. വക്താവ് ഹരിഷ് ഖുറാനയും കൗണ്‍സിലര്‍ മോണികാ പന്തും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. സംഭവവുമായി ബന്ധമുള്ളതെന്ന് അവകാശപ്പെട്ട് ഏതാനും സി.സി.ടി.വി. ദൃശ്യങ്ങള്‍ ഷെഹ്‌സാദ് പൂനാവാല ട്വിറ്ററില്‍ പങ്കുവെച്ചു.

Loading...

‘ഏരിയാ ഫണ്ടുകളും മറ്റ് ഫണ്ടുകളും നല്‍കാമെന്നാണ് ശിഖാ ഘാര്‍ഗ് മോണികാ പന്തിനോട് പറഞ്ഞത്. മറ്റ് ഫണ്ടുകള്‍ എന്താണെന്ന് നമുക്ക് മനസ്സിലാകും. എ.എ.പിയുടെ നീക്കത്തിനെതിരെ ഞങ്ങള്‍ ആന്റി കറപ്ഷന്‍ ബ്യൂറോയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. അരവിന്ദ് കെജ്‌രിവാളിനെ ഒരു കാര്യം ഓര്‍പ്പിക്കുകയാണ്. ഇവര്‍ ബി.ജെ.പി. കൗണ്‍സിലര്‍മാരാണ്. കാശുകൊടുത്തുവാങ്ങാന്‍ എ.എ.പിയുടെ പ്രതിനിധികള്‍ അല്ല. ബി.ജെ.പി. നേതാക്കളെ പ്രലോഭിപ്പിക്കാന്‍ ശ്രമിക്കരുത്’ – ഹരിഷ് ഖുറാന മുന്നറിയിപ്പ് നല്‍കി.