സീതാറാം യെച്ചൂരി സിപിഎം ജനറല്‍ സെക്രട്ടറി

വിശാഖപട്ടണം: വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിരാമമിട്ടുകൊണ്ട് പ്രകാശ്‌ കാരാട്ടിന്റെ പിന്‍ഗാമിയായി സീതാറാം യെച്ചൂരി സിപിഎം ജനറല്‍ സെക്രട്ടറി. കേന്ദ്രക്കമ്മറ്റിയില്‍ ഭൂരിപക്ഷത്തിന്റെ പിന്തുണ സീതാറാം യെച്ചൂരിക്ക്‌ ലഭിച്ചു. അവസാനഘട്ടത്തില്‍ ആര്‍.എസ്.പി പിന്മാറിക്കൊടുത്തു. യെച്ചൂരിയുടെ പേര്‌ നിര്‍ദേശിച്ചത്‌ ബംഗാള്‍ ഘടകത്തില്‍ നിന്നുള്ള പി ബി അംഗം ബിമന്‍ ബോസായിരുന്നു. കേന്ദ്രക്കമ്മറ്റിയിലെ ഭൂരിപക്ഷം സംസ്‌ഥാന ഘടകങ്ങളും സീതാറാം യെച്ചൂരിയെയാണ്‌ പിന്തുണച്ചത്‌. പൊളിറ്റ്‌ ബ്യൂറോയില്‍ തര്‍ക്കം നിലനിന്നതിനെ തുടര്‍ന്ന്‌ ജനറല്‍ സെക്രട്ടറിയെ കണ്ടെത്താനുള്ള ചുമതല കേന്ദ്രക്കമ്മറ്റിക്ക്‌ വിട്ടിരുന്നു. സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവായ വി എസിനെ കേന്ദ്രക്കമ്മറ്റിയില്‍ നിന്നു ഒഴിവാക്കുകയും പ്രത്യേക ക്ഷണിതാവായി ഉള്‍പ്പെടുത്തുകയും ചെയ്‌തു. ദേശീയ തലത്തില്‍ ചെറുപ്പക്കാര്‍ വരട്ടെ എന്നുള്ള ആശയത്തിന്‌ മുന്‍തൂക്കം നല്‍കി 91 അംഗ കേന്ദ്രക്കമ്മറ്റിയില്‍ 14 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി നവീകരിച്ച കേന്ദ്രക്കമ്മറ്റിയുടെ യോഗത്തിലാണ്‌ തീരുമാനം ഉണ്ടായത്‌.