കൊച്ചി: യെമനില്‍ ഹൂതി വിമതരും ദശരാഷ്ട്ര സഖ്യവും തമ്മിലുള്ള പോരാട്ടം ശക്തമായതിനെ തുടര്‍ന്ന് ആശങ്കയില്‍ കഴിയുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ സായുധ അകമ്പടിയോടെ രണ്ട് ഇന്ത്യന്‍ കപ്പലുകള്‍ കൊച്ചിയില്‍നിന്നു തിരിച്ചു. എംവി കവരത്തി, കോറല്‍ സീ എന്നീ കപ്പലുകളാണ് യെമനിലേക്കു പുറപ്പെട്ടത്. ഇരു കപ്പലുകളുടെയും നിയന്ത്രണം പൂര്‍ണമായും നാവിക സേന ഏറ്റെടുത്തു. ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയ ശേഷമാണു വെള്ളവും ഭക്ഷ്യ വസ്തുക്കളും കപ്പലില്‍ കയറ്റിയത്. ഇന്നലെ 2.15ന് 652 യാത്രക്കാരെയുമായി ലക്ഷദ്വീപിലേക്കു പുറപ്പെട്ട എംവി കവരത്തിയെ യെമനിലേക്ക് അയയ്ക്കുന്നതിനായി തിരിച്ചു വിളിക്കുകയായിരുന്നു.

സംഘര്‍ഷബാധിതമായ യമനില്‍നിന്ന് ഇന്ത്യക്കാരെ വിമാനമാര്‍ഗം രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തുടക്കംകുറിച്ചു. ദിവസം മൂന്നുമണിക്കൂര്‍ വിമാനം പറത്താന്‍ സൗദി അധികൃതരില്‍നിന്ന് അനുമതി ലഭിച്ചതോടെയാണിത്. ഇന്ത്യക്കാരുമായുള്ള ആദ്യവിമാനം തിങ്കളാഴ്ച യമന്‍ തലസ്ഥാനമായ സന്‍ആയില്‍നിന്ന് പറന്നുയരും. എംബസിയില്‍ രജിസ്റ്റര്‍ ചെയ്ത 200 പേരോട് തിങ്കളാഴ്ച യാത്രക്ക് തയാറാകാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. യെമനില്‍ നിന്ന് ഇന്ത്യക്കാരുമായി പുറപ്പെട്ട വിമാനത്തില്‍ 15 മലയാളികളുണ്ടെന്നും മടങ്ങുന്നവരെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ എല്ലാശ്രമങ്ങളും നടത്തുന്നുണ്ടെന്നും മന്ത്രി കെ.സി. ജോസഫ് പാലക്കാട്ട് അറിയിച്ചു.

Loading...

yemen_10

ഏതാണ്ട് 3500 ഇന്ത്യക്കാര്‍ യെമനില്‍ ഉണ്ട്. ഇതില്‍ 1500 ഓളം മലയാളികളുണ്ടാവും. ഇതില്‍ത്തന്നെ ഭൂരിഭാഗവും നഴ്‌സുമാരാണ്. യെമനില്‍ നിന്ന് തിരിച്ചെത്തിക്കാന്‍ ആവശ്യപ്പെട്ട് 371 പേര്‍ വെബ്‌സെറ്റില്‍ രജിസ്റ്റര്‍ ചെയ്തതായി നോര്‍കറൂട്ട്‌സിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ആര്‍.എസ്.കണ്ണന്‍ പറഞ്ഞു. ഇവരുടെ വിവരങ്ങള്‍ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.

യുദ്ധം നടക്കുന്നതിനാല്‍ നഴ്‌സുമാരെ വിടുതല്‍ ചെയ്യാന്‍ യെമനിലെ പല ആശുപത്രികളും തയ്യാറായിരുന്നില്ല. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനപ്രകാരം അംബാസഡര്‍ ആശുപത്രികള്‍ സന്ദര്‍ശിച്ച് പിടിച്ചുവെച്ച രേഖകളും പാസ്‌പോര്‍ട്ടും വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. പലരും കിട്ടാനുള്ള ശമ്പളത്തിനായി കാത്തിരിക്കുകയാണ്. ചില ആശുപത്രികള്‍ നഴ്‌സുമാരോട് നഷ്ടപരിഹാരവും ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയും എംബസി ഇടപെട്ടിട്ടുണ്ട്.

എന്നാല്‍ യെമനിലെ സാഹചര്യങ്ങള്‍ വഷളാവുന്നതിനാല്‍ എല്ലാവരും തിരിച്ചുവരുന്നതാണ് നല്ലതാണെന്നാണ് എംബസിയുടെ അഭിപ്രായം. ഇതനുസരിക്കാന്‍ എല്ലാവരും തയ്യാറാവണമെന്ന് മന്ത്രി കെ.സി.ജോസഫും പ്രവാസികളുടെ കുടുംബങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അവിടെനിന്ന് രക്ഷപ്പെടുത്താന്‍ അഭ്യര്‍ത്ഥിച്ച് പല സന്ദേശങ്ങളും മന്ത്രിക്ക് ലഭിച്ചിരുന്നു.

യെമനില്‍ ഷിയാ വിഭാഗമായ ഹൂതി വിമതര്‍ക്കെതിരെ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള ദശരാഷ്ട്രസഖ്യം നടത്തിയ വ്യോമാക്രമണത്തില്‍ 35 പേരാണ് കൊല്ലപ്പെട്ടത്. 88 പേര്‍ക്കു പരുക്കേറ്റു. സനാ, സാഡ, ഹോഡിഡാ എന്നീ പ്രവിശ്യകളിലായിരുന്നു വ്യോമാക്രമണം. ഹൂതികള്‍ കീഴടങ്ങുന്നതുവരെ ആക്രമണം തുടരാനാണ് സൗദി സഖ്യത്തിന്റെ തീരുമാനം. ഇതിനിടെ, യെമനില്‍ നിന്ന് 86 വിദേശ നയതന്ത്ര പ്രതിനിധികളെയും ഏതാനും സൗദി പൗരന്മാരെയും സൗദി സേന കപ്പല്‍മാര്‍ഗം ജിദ്ദയിലെത്തിച്ചു. നൂറോളം യുഎന്‍ ഉദ്യോഗസ്ഥരെയും രാജ്യാന്തര എണ്ണ കമ്പനികളിലും മറ്റും പ്രവര്‍ത്തിക്കുന്ന 250 വിദേശികളെയും രാജ്യത്തിനു പുറത്തെത്തിച്ചു.

തെക്കന്‍ യെമനില്‍ ഹൂതികളും സുന്നി ഗോത്രവര്‍ഗ പോരാളികളും തമ്മില്‍ ഉഗ്ര പോരാട്ടം നടക്കുകയാണെന്നു പ്രദേശവാസികള്‍ പറഞ്ഞു. യെമന്‍ സൈന്യവും ഹൂതികളും തമ്മില്‍ ഏഡനില്‍ ഇന്നലെ വന്‍ പോരാട്ടം നടന്നു. മധ്യ ക്രേറ്റര്‍ ജില്ലയില്‍ നടന്ന യുദ്ധത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടുവെന്നും വിമാനത്താവളം തിരിച്ചുപിടിച്ചുവെന്നും ഹൂതി പോരാളികള്‍ പറഞ്ഞു.

യുദ്ധം അഞ്ചോ ആറോ മാസം നീണ്ടുപോയേക്കാമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതിനിടെ, യെമന്‍ മുതല്‍ ലിബിയ വരെ സുരക്ഷാഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇതിനെ നേരിടുന്നതിനായി സംയുക്ത സേന രൂപീകരിക്കാന്‍ ഈജിപ്തില്‍ ചേര്‍ന്ന അറബ് ഉച്ചകോടി തീരുമാനിച്ചു.