സുരവരം സുധാകര്‍ റെഡ്ഡി സിപിഐ ജനറല്‍ സെക്രട്ടറി.

പുതുച്ചേരി: സുരവരം സുധാകര്‍ റെഡ്ഡി (73) വീണ്ടും സിപിഐ ജനറല്‍ സെക്രട്ടറി. ഇന്നലെ സമാപിച്ച 22-ാം പാര്‍ട്ടി കോണ്‍ഗ്രസ് എഐടിയുസി ജനറല്‍ സെക്രട്ടറി ഗുരുദാസ് ദാസ്ഗുപ്തയെ (78) പാര്‍ട്ടി ഡപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ബിനോയ് വിശ്വത്തെ 31 അംഗ ദേശീയ നിര്‍വാഹക സമിതിയില്‍ ഉള്‍പ്പെടുത്തി. പാര്‍ട്ടി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു, കോഴിക്കോട് ജില്ലാ സെക്രട്ടറി ടി. വി. ബാലന്‍, തൃശൂരില്‍നിന്നുള്ള ലോക്‌സഭാംഗം സി. എന്‍. ജയദേവന്‍ എന്നിവരാണ് കേരളത്തില്‍നിന്നു 125 അംഗ നാഷനല്‍ കൗണ്‍സിലിലെ പുതുമുഖങ്ങള്‍.

പന്ന്യനും ബിനോയിക്കും പുറമേ ഇസ്മായില്‍, സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നിവരാണ് കേരളത്തില്‍നിന്നു നിര്‍വാഹക സമിതിയിലുള്ളത്. നിര്‍വാഹക സമിതിയിലുള്ളവര്‍ക്കു പുറമേ സി. ദിവാകരന്‍, സത്യന്‍ മൊകേരി, കമല സദാനന്ദന്‍, സി. എന്‍. ചന്ദ്രന്‍, ജെ. ചിഞ്ചുറാണി എന്നിവര്‍ കൗണ്‍സിലില്‍ തുടരും. കണ്‍ട്രോള്‍ കമ്മിഷന്‍ അംഗമെന്ന നിലയില്‍ സി. എ. കുര്യനും കൗണ്‍സിലില്‍ ഉള്‍പ്പെടും. പ്രകാശ് ബാബുവിനു വഴിയൊരുക്കാനെന്നോണം കെ. ആര്‍. ചന്ദ്രമോഹന്‍ കൗണ്‍സിിലില്‍നിന്ന് ഒഴിവായി.

Loading...

തിരുവനന്തപുരം സീറ്റ് വിവാദത്തെത്തുടര്‍ന്നു നിര്‍വാഹക സമിതിയില്‍നിന്നു രാജിവച്ച സി. ദിവാകരന്‍ തിരിച്ചുകയറാന്‍ നടത്തിയ ശ്രമങ്ങള്‍ വിജയിച്ചില്ല. ഇദ്ദേഹത്തിനായി കെ. ഇ. ഇസ്മായിലാണു ശക്തമായി വാദിച്ചത്. പന്ന്യന്‍ രവീന്ദ്രന്‍ കേന്ദ്ര സെക്രട്ടേറിയറ്റിലും സി. എ. കുര്യന്‍ കണ്‍ട്രോള്‍ കമ്മിഷനിലും കെ. രാജന്‍ ദേശീയ കൗണ്‍സിലിലെ കാന്‍ഡിഡേറ്റ് അംഗമായും തുടരും.

വനിതാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ആനി രാജ നിര്‍വാഹക സമിതിയിലും നാഷനല്‍ കൗണ്‍സിലില്‍ കേന്ദ്രത്തില്‍നിന്നുള്ള കാന്‍ഡിഡേറ്റ് അംഗമായി എന്‍. ചിദംബരവും മലയാളി സാന്നിധ്യങ്ങള്‍തന്നെ. ഡി. രാജ, അതുല്‍കുമാര്‍ അഞ്ജന്‍, ഷമീം ഫൈസി, അമര്‍ജീത് കൗര്‍, രാമേന്ദ്രകുമാര്‍, കെ. രാമകൃഷ്ണ എന്നിവരും ഉള്‍പ്പെടുന്നതാണ് ഒന്‍പതംഗ ദേശീയ സെക്രട്ടേറിയറ്റ്.

മുന്‍ ജനറല്‍ സെക്രട്ടറി എ. ബി. ബര്‍ദനാണ് എസ്. സുധാകര്‍ റെഡ്ഡിയുടെയും ഗുരുദാസ് ദാസ്ഗുപ്തയുടെയും പേരുകള്‍ നിര്‍ദേശിച്ചത്. ബര്‍ദന്‍ ദേശീയ സെക്രട്ടേറിയറ്റില്‍നിന്നു മാറി, പാര്‍ട്ടി പരിപാടി പുതുക്കാനുള്ള സ്ഥിരം കമ്മിഷന്റെ അധ്യക്ഷനായി. പട്‌നയില്‍ 21-ാം പാര്‍ട്ടി കോണ്‍ഗ്രസിലാണ് സുധാകര്‍ റെഡ്ഡി ആദ്യം ജനറല്‍ സെക്രട്ടറിയായത്.