കൊച്ചി: പ്രാദേശിക സംഘര്‍ഷത്തെ തുടര്‍ന്ന് യമനില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസി ഭാരതിയരെ കൊണ്ടുവരുന്നതിനായി ഇന്ത്യ യമനിലേക്ക് വിമാനം അയച്ചു. നേരത്തെ അയച്ച കപ്പലുകള്‍ക്കു പുറമെയാണ് ഈ നടപടി.

അതോടൊപ്പം യമനില്‍ നിന്ന് രണ്ട് മലയാളികള്‍ കൂടി തിരിച്ചെത്തി. ഈരാറ്റുപേട്ട സ്വദേശി ലിജോ, കാഞ്ഞിരപ്പള്ളി സ്വദേശി ജേക്കബ് കോര എന്നിവരാണ് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. ദോഹ വഴി ഖത്തര്‍ എയര്‍വേഴ്സിലാണ് ഇവര്‍ നാട്ടില്‍ എത്തിയത്.

Loading...

ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ സ്വന്തം ചെലവിലാണ് എത്തിയതെന്ന് ലിജോ പറഞ്ഞു. യമനിലെ സ്ഥിതി വളരെ മോശമാണ്. തലസ്ഥാനമായ സന്‍ആ വിമതരുടെ നിയന്ത്രണത്തിലാണ്. രാത്രിയിലാണ് ആക്രമണങ്ങള്‍ നടക്കുന്നത്. മലയാളികളടക്കം ഇന്ത്യക്കാര്‍ ഭീതിയിലാണ്. എല്ലാവരും നാട്ടിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നവരാണെന്നും ലിജോ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഹൂതികളെ ലക്ഷ്യം വെച്ചുള്ള ആക്രമണമാണ് നടക്കുന്നതെന്നും യമനിലുള്ളവരുടെ ബന്ധുക്കള്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ജേക്കബ് കോര അറിയിച്ചു. നേരത്തെ ചങ്ങനാശ്ശേരി സ്വദേശി റൂബന്‍ ജേക്കബ് ചാണ്ടി നാട്ടില്‍ തിരിച്ചത്തെിയിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലാണ് റൂബന്‍ എത്തിയത്.

അതേസമയം ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ സര്‍ക്കാര്‍ അയക്കുന്ന വിമാനം സന്‍ആയിലേക്ക് പുറപ്പെട്ടു. 180 സീറ്റുള്ള എയര്‍ബസ് എ320 വിമാനമാണ് ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ടത്. മസ്കറ്റ് വഴിയാണ് വിമാനം സന്‍ആയിലേക്ക് പോകുന്നത്. ദിവസം മൂന്നു മണിക്കൂര്‍ വിമാനം പറത്താന്‍ സൗദി അനുവദിച്ചതിനെ തുടര്‍ന്നാണ് വിമാനം വഴി ഇന്ത്യക്കാരെ എത്തിക്കാന്‍ സാധിക്കുന്നത്. അനുമതി ലഭിച്ചതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.

ഇന്ത്യക്കാരെ രക്ഷപ്പെടുത്താന്‍ രണ്ട് കപ്പലുകളും യമനിലേക്ക് പുറപ്പെട്ടിരുന്നു. 1500 പേരെ വീതം ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള കപ്പലുകളാണിത്.