ദില്ലി കലാപം കവര്‍ന്നത് പതിനൊന്ന് ദിവസത്തെ ദാമ്പത്യ ജീവിതം

ദില്ലി: ദില്ലി കലാപം കവര്‍ന്നത് പ്രണയദിനത്തില്‍ വിവാഹിതരായ ദമ്പതികളുടെ പതിനൊന്ന് ദിവസം മാത്രം നീണ്ടു നിന്ന ദാമ്പത്യം. പൗരത്വനിയമഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനെതിരെ ഒരു കൂട്ടം ആക്രമികള്‍ നടത്തിയ വെടിവെപ്പ് ദില്ലിയില്‍ വലിയ കലാപമാണ് സൃഷ്ടിച്ചത്. നിലവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കലാപത്തില്‍ 22 ഓളം പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. മരിച്ചവരില്‍ ഭൂരിഭാഗവും നിരപരാധികളായ ജനങ്ങളാണ്. മരിച്ചവരെക്കുറിച്ചുള്ള വിവരങ്ങള്‍ പൂര്‍ണമായും പുറത്ത് വിട്ടിട്ടില്ലെങ്കിലും ചില ആളുകളുടെ വിവരങ്ങള്‍ പുറത്ത് വരുന്നുണ്ട്. കലാപത്തില്‍ മരിച്ചവരില്‍ 22 കാരനായ ദില്ലി സ്വദേശി അഷ്ഫാക്ക് എന്ന ഇലക്ട്രീഷനും ഉള്‍പ്പെടുന്നു.സിനിമാക്കഥകളെ വെല്ലുന്നതാണ് അഷ്ഫാക്കിന്റെ കഥ. കഴിഞ്ഞ ഫെബ്രുവരി 14 പ്രണയദിനത്തില്‍ ആയിരുന്നു അഷ്‌റഫിന്റെ വിവാഹം.

മുസ്തഫബാദിലായിരുന്നു അഷ്ഫാക്ക് താമസിച്ചിരുന്നത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അഷ്ഫാക്ക് വെടിയേറ്റ് മരിച്ചതെന്ന് അദ്ദേഹത്തിന്‍റെ അമ്മാവന്‍ ഷരീഫുള്‍ ഹുസൈന്‍ വ്യക്തമാക്കി. ദില്ലി പൊലീസാണ് അഷ്ഫാക്കിനെ വെടിവച്ച് കൊന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞതായും അദ്ദേഹം വിവരിച്ചു. ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ കേസ് കൊടുത്തിട്ടുണ്ടെന്നും നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും അഷ്ഫാക്കിന്‍റെ അമ്മാവന്‍ വ്യക്തമാക്കി. ദില്ലിയിലെ ജിടിബി ആശുപത്രിയില്‍ അഷ്ഫാക്കിന്‍റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

Loading...

ഡല്‍ഹിയില്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയിലുള്ളവര്‍ സംയമനം പാലിക്കണമെന്ന് മോദി ആവശ്യപ്പെട്ടു. എത്രയും പെട്ടന്ന് മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്നും മോദി ട്വിറ്ററില്‍ പറഞ്ഞു.ഡല്‍ഹി സംഘര്‍ഷത്തില്‍ സാഹചര്യം വിശദമായി വിലയിരുത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാധാനം ഉറപ്പിക്കാന്‍ പൊലീസും സുരക്ഷാ ഏജന്‍സികളും രംഗത്തുണ്ട്. ഡല്‍ഹിയിലെ സഹോദരങ്ങള്‍ സമാധാനം പാലിക്കണം. ഡല്‍ഹിയിലെ സുരക്ഷാസ്ഥിതി വിശദമായി വിലയിരുത്തിയെന്നും മോദി ട്വീറ്റ് ചെയ്തു.

അതിനിടെ, ഡല്‍ഹി കലാപത്തില്‍ കൊല്ലപ്പെട്ടവരില്‍ ഇന്‍റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥനും. ഐബി ഓഫിസര്‍ അങ്കിത് ശര്‍മയുടെ മൃതദേഹം ചാന്ദ് ബാഗ് മേഖലയില്‍നിന്ന് കണ്ടെത്തി. ഡല്‍ഹി കലാപത്തില്‍ മൗനം പുലര്‍ത്തുന്ന കേന്ദ്രസര്‍ക്കാര്‍ സമീപനം നാണംകെട്ടതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. അമിത് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രിസ്ഥാനം രാജിവയ്ക്കണം. സമാധാനം പാലിക്കാന്‍ ജനങ്ങളോട് അഭ്യര്‍ഥിച്ച പ്രിയങ്ക സമാധാന ശ്രമങ്ങള്‍ക്ക് മുന്നിട്ടിറങ്ങാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.

ഡല്‍ഹി കലാപത്തിന്‍റെ ഉത്തരാവദിത്വം ഏറ്റെടുത്ത് ആഭ്യന്തര മന്ത്രി അമിത്ഷാ രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. ബിജെപി സൃഷ്ടിച്ച വെറുപ്പിന്റെ ഫലമാണ് കലാപം. നിയമസഭാതിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബിജെപി ഗൂഢാലോചന ദൃശ്യമായിരുന്നു. ഡല്‍ഹി സര്‍ക്ക‍ാരും മുഖ്യമന്ത്രി കേ‍ജ്‍രിവാളും നിഷ്ക്രിയരായി നിന്നുവെന്നും സോണിയാഗാന്ധി കുറ്റപ്പെടുത്തി. സമാധാനം പുനഃസ്ഥാപിക്കാന്‍ ഉടന്‍ വേണ്ടത്ര സുരക്ഷാഭടന്മാരെ വിന്യസിക്കണമെന്നും ഡല്‍ഹി മുഖ്യമന്ത്രി കലാപബാധിതമേഖലകളില്‍ പോകണമെന്നും സോണിയ ആവശ്യപ്പെട്ടു.

ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പൊലീസിന് കഴിയുന്നില്ലെന്നും പട്ടാളം രംഗത്തിറങ്ങണം എന്നുമാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ സ്ഥിതി നിയന്ത്രണവിധേയമെന്നാണ് വടക്കുകിഴക്കന്‍ ഡല്‍ഹി ഡിസിപി പറയുന്നത്. ആവശ്യത്തിന് പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും അക്രമത്തിനെതിരെ ശക്തമായ നടപടി ഉണ്ടാവുമെന്നും ഡിസിപി പറഞ്ഞു.