അച്ഛനെ കൊന്നയാളെ തിരഞ്ഞുപിടിച്ച് മകന്‍ കുത്തിക്കൊന്നു, 28 വര്‍ഷങ്ങള്‍ക്ക് ശേഷം

തൃശൂര്‍ : സ്വന്തം അച്ഛനെ കൊന്നയാളെ തിരഞ്ഞുപിടിച്ച് മകന്‍ 28 വര്‍ഷത്തിന് ശേഷം കുത്തിക്കൊന്നു. നാടിനെ ഞെട്ടിച്ച ഈ സംഭവം നടന്നത് തൃശൂരിലെ ചെങ്ങാലൂരിലാണ്. കൊലയ്ക്ക് ശേഷം മുങ്ങാന്‍ ശ്രമിച്ച ഇയാളെ പുതുക്കാട് പൊലീസ് പിടികൂടുകയും ചെയ്തു. പുളിഞ്ചോട് കള്ളുഷാപ്പിന് മുന്നില്‍ വെച്ചായിരുന്നു പുളിഞ്ചോട് സ്വദേശിയായ സുധനെ കുത്തിക്കൊന്നത്. സംഭവം ഇങ്ങനെയാണ്. ചെങ്ങാലൂരിലെ കള്ളുഷാപ്പില്‍ കള്ള് വാങ്ങാനായി വരി നില്‍ക്കുകയായിരുന്നു കൊല്ലപ്പെട്ട സുധന്‍. ഈ സമയമാണ് ഓട്ടോയില്‍ എത്തിയ യുവാവ് സുധനെ ആക്രമിച്ചത്. ഇതിനിടെ സുധന്‍ കുത്തേറ്റ് വീഴുകയായിരുന്നു. ഇതോടെ ഓട്ടോ സംഘം സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു.

പിന്നീട് സംഭവത്തെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് 28 വര്‍ഷം മുമ്പത്തെ പകയാണെന്ന് കണ്ടെത്തിയത്. അതേസമയം പ്രതിയെക്കുറിച്ച് പൊലീസ് പറയുന്നത് ഇയാള്‍ രന്തരപ്പിള്ളി സ്വദേശി രതീഷാണെന്നും, ഇയാള്‍ തന്നെയാണ് ആക്രമണം നടത്തിയതെന്നുമാണ്. പിതാവ് രവിയെ 28 വര്‍ഷം മുമ്പ് കൊലപ്പെടുത്തിയ കേസില്‍ സുധനായിരുന്നു പ്രതി. എന്നാല്‍ തെളിവുകള്‍ ഇല്ലെന്ന് പറഞ്ഞ് സുധനെ കോടതി വെറുതെ വിടുകയായിരുന്നു. ഇത്രയും കാലം സുധന്‍ ഇവിടെ തന്നെയുണ്ടായിരുന്നു. അതേസമയം രതീഷ് കഴിഞ്ഞ മൂന്ന് വര്‍ഷമായി ഈ കൊലപാതകം ആസൂത്രണം ചെയ്യുന്നുണ്ടെന്നും, ഒടുവില്‍ അത് നടപ്പാക്കിയെന്നും പോലീസ് പറഞ്ഞു. സുധനെ കൊല്ലുമെന്ന് രതീഷ് നാട്ടുകാരോടൊക്കെ പലപ്പോഴായി പറയാറുണ്ടായിരുന്നു. സുധന്റെ നെഞ്ചില്‍ ആഴത്തിലുള്ള എട്ട് കുത്തുകളാണ് ഉള്ളത്. രതീഷിനൊപ്പം ഉണ്ടായിരുന്ന രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Loading...