(1) മതവെറിയര് ജോസഫ് മാഷിന്റെ കൈ വെട്ടി മാറ്റിയപ്പോള് തൊടുപുഴ ന്യൂമാന്സ് കോളേജ് അധികാരികള് ആ മുറിവ് വെച്ചു കെട്ടാന് പോലും അനുവദിക്കാതെ അദ്ദേഹത്തെ ജീവനോടെ കുഴിച്ചു മൂടിക്കളഞ്ഞു. പൗരോഹിത്യത്തില് നിന്നും അതിലധികം മാന്യത സാമാന്യബുദ്ധിയുള്ളവരാരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. പക്ഷെ ജോസഫ് മാഷിന്റെ ഭാര്യ സലോമി അത്തരമൊരു പ്രതീക്ഷ താലോലിച്ചിരുന്നതായി തോന്നുന്നു. മതപ്രഭുക്കന്മാര്ക്ക് എപ്പോഴെങ്കിലും കനിവുണ്ടായേക്കാമെന്ന് അവര് വൃഥാ സങ്കല്പ്പിച്ചു! നികൃഷ്ടജീവികള് എന്നൊക്കെ ഇക്കൂട്ടര് വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. എന്നാല് തങ്ങള്ക്ക് അതൊക്കെ ഒരു അലങ്കാരമാണെന്ന നിലപാടാണ് അവരില് പലര്ക്കുമുള്ളത്. കൂട്ടത്തില് പെട്ട ഒരുവനെ മതരോഗികള് വാഴത്തട പോലെ വെട്ടിക്കൂട്ടിയപ്പോഴും പറയാനുള്ളത് പോലും കേള്ക്കാന് തയ്യാറാകാതെ ഇരയുടെ ജീവിതം തന്നെ വെട്ടി പിളര്ക്കാനാണ് ഈ മഹിതജന്മങ്ങള് ഉന്മാദം കാട്ടിയത്. ഭ്രാന്തുപിടിച്ച മതവെറിയന്മാരെ തൃപ്തിപ്പെടുത്താന് മാത്രമല്ല സ്വമനസ്സിലെ വിഷം പുറത്തേക്ക് വമിപ്പിക്കാനും അവര്ക്കത് അത്യാവശ്യമായിരുന്നിരിക്കണം.

(2) ജോസഫ് മാഷിനെ മൃഗീയമായി ഒറ്റുകൊടുത്തവര് ഇന്നും ജീവിക്കുന്നത് യൂദാസിന്റെ കഥ പറഞ്ഞാണെന്നതാണ് കൗതുകകരം. ഒരു നിരപരാധിയെ നിയമവിരുദ്ധമായി ജോലിയില് നിന്ന് പുറത്താക്കിയവര് കുറ്റവിമുക്തനാക്കപ്പെട്ടിട്ടും ഒരു ദിവസമെങ്കിലും ജോലി ചെയ്യാന് അദ്ദേഹത്തെ അനുവദിച്ചില്ല. ശമ്പളവും ആനുകൂല്യങ്ങളും നല്കാനുള്ള ബാധ്യത സര്ക്കാരിനാണെന്നിരിക്കെ ഇത്ര കൊടിയ വിഷം പേറുന്ന ഒരു കൂട്ടം വ്യക്തികള് നമുക്കൊപ്പം ജീവിക്കുന്നുവെന്ന അറിവ് തന്നെ ഞെട്ടിപ്പിക്കുന്നതല്ലേ! ജോസഫ് മാഷിന്റെ ഭാര്യയുടെ മരണം ഈ മഹത്വപ്പെട്ടവരെ ആഴത്തില് സന്തോഷിപ്പിക്കുന്നുണ്ടാവും. ആ ശവം ആര്ത്തിയോടെ തിന്നാന് വട്ടം കൂടുന്നവരില് ഒടുങ്ങാത്ത പകയുമായി നിലവിളിക്കുന്ന മതവെറിയന്മാരൊപ്പം ഈ സവിശേഷജന്മങ്ങളുമുണ്ടാവും.

Loading...

salomi-joseph-1

(3) 2011 ഫെബ്രുവരിയില് ഏതാനും സുഹൃത്തുക്കളുമായി പ്രൊഫ.ടി.ജെ ജോസഫിനെ അദ്ദേഹത്തിന്റെ മൂവാറ്റുപുഴയിലെ വീട്ടില് ചെന്ന് സന്ദര്ശിച്ചിരുന്നു. അദ്ദേഹത്തെ സഹായിക്കാനായി ശേഖരിച്ച ഒരു തുക നേരിട്ട് കൈമാറുകയായിരുന്നു ലക്ഷ്യം. ഭാര്യ സലോമിയും സഹോദരിയും അദ്ദേഹത്തിനൊപ്പം വീട്ടിലുണ്ടായിരുന്നു. എന്ന് മതം മാറ്റി വെച്ച് മനുഷ്യന് ജീവിക്കാന് തുടങ്ങുന്നുവോ അന്നേ മനുഷ്യസമൂഹത്തിന് സ്വസ്ഥതയുണ്ടാവൂ എന്നൊക്കെ സലോമി ദേശാഭിമാനി പത്രത്തിന് നല്കിയ ഒരഭിമുഖത്തില് പറഞ്ഞിരുന്നു. ഇത് ശരിക്കും അവര് പറഞ്ഞതാണോ എന്നാരാഞ്ഞപ്പോള് താന് നന്നായി ആലോചിച്ച് തന്നെയാണത് പറഞ്ഞതെന്നാണ് മതവിശ്വാസിയായ സലോമി സ്ഥിരീകരിച്ചത്. ആത്മവിശ്വാസമുള്ള വ്യക്തിയായി കാണപ്പെട്ട അവര് ഞങ്ങളോട് കാര്യമായി സംസാരിച്ചു. കൈ വെട്ടിയ മതവെറിയരെക്കാള് തങ്ങളുടെ ജീവിതം തന്നെ തകര്ത്ത സ്വന്തം മതനേതൃത്വത്തെ കുറിച്ചുള്ള അമര്ഷമായിരുന്നു ആ വാക്കുകളില് കൂടുതലും പ്രകടമായത്.

(4) പ്രൊഫ.ജോസഫ് ആ സംഭവത്തെ കുറിച്ച് ഞങ്ങളോട് വിവരിച്ചത് മറക്കാനാവില്ല: കുടുംബത്തോടൊപ്പം പള്ളിയില് നിന്ന് പ്രാര്ത്ഥന കഴിഞ്ഞ് മടങ്ങുന്ന സമയം. പടക്കം പൊട്ടിച്ച് ഭീതിദമായ അന്തരീക്ഷം സൃഷ്ടിച്ചാണ് അവരെത്തിയത്. ജോസഫിനെ കണ്ടതും കാര് തടഞ്ഞ് വലിച്ച് പുറത്തിട്ടു. ശേഷം പിടിച്ച് വലിച്ച് സമീപത്തുള്ള പറമ്പില് കൊണ്ടുപോയി വെട്ടാന് തുടങ്ങി. അദ്ദേഹത്തിന്റെ ഉച്ചത്തിലുള്ള യാചനയും നിലവിളികളും അവരെ തെല്ലും സ്വാധീനിച്ചില്ല. ”നബിയെ നിന്ദിച്ച കൈ വെച്ച് നീ ഇനി ഒരിക്കലും എഴുതരുത്”എന്നതായിരുന്നു ആക്രോശം. തടുക്കാന് ശ്രമിച്ച മകനെ രണ്ടു തവണ അക്രമികള് പൊക്കിയെടുത്ത് അടുത്ത പറമ്പിലേക്ക് വലിച്ചെറിഞ്ഞു. വൃദ്ധ മാതാവ് തനിക്ക് കഴിയുംവിധം കുട കൊണ്ട് അക്രമികളെ പ്രതിരോധിക്കാന് ശ്രമിച്ചു. പിന്നീട് അവരും മോഹാലസ്യപ്പെട്ടു വീണു. കന്യാസ്ത്രീയായ സഹോദരിയാകട്ടെ, ആക്രമണം തീരുന്നതുവരെ സംസാരശേഷി വീണ്ടെടുക്കാനാവാത്ത വിധം വിറങ്ങലിച്ചുനിന്നു. മതവെറിയര് ആദ്യം ജോസഫ് മാഷിന്റെ വലതു കൈ വെട്ടി മാറ്റി. പിന്നീടവര് മതദൗത്യം നിര്വഹിക്കാനായി കാല് വെട്ടാനൊരുങ്ങി.

(5) കൈ മുറിഞ്ഞു പോയിട്ടും ഇടയ്ക്കിടെ ബോധം വന്നുപോയുമിരുന്ന ജോസഫ് മാഷ് അക്രമികളോട് അരുതേ എന്ന് യാചിച്ചുകൊണ്ടിരുന്നു. അതു കേള്ക്കാതെ അക്രമികളില് ഒരുവന് ആദ്യം വലതു കാലില് മഴു കൊണ്ട് ആഞ്ഞുവെട്ടി. എന്നാല് കൂടെയുണ്ടായിരുന്ന മറ്റൊരു മതജീവി അവനെ കുറ്റപ്പെടുത്തി. ”ആ കാലല്ലെടാ മറ്റേതാണ് വെട്ടേണ്ടത്” എന്നായിരുന്നു അയാള് അറിയിച്ചത്. അള്ളാഹുവിനെയും മുഹമ്മദിനെയും എതിര്ക്കുന്നവന്റെ വിപരീതദിശകളിലുള്ള കരചരണങ്ങള് മുറിച്ച് കളയണമെന്ന കുര്-ആന് വചനം കൃത്യമായി പാലിച്ച് മതസ്വര്ഗ്ഗത്തില് പ്രവേശനം ഉറപ്പാക്കാത്തതിനായിരുന്നു ശകാരം. . (5.33:Those who make war with Allah and his messenger will be killed or crucified, or have their hands and feet on alternate sides cut off, or will be expelled out of the land. That is how they will be treated in this world, and in the next they will have an awful doom).

തെറ്റ് മനസ്സിലായ അയാള് വീണ്ടും ഇടതു കാലില് വെട്ടാന് തുടങ്ങി. ആയുധത്തിന് മൂര്ച്ചയില്ലാതിരുന്നതിനാല് കാല് വേര്പെട്ടില്ല. അങ്ങനെ നന്നായി മതശാസനം പഠിക്കാത്തതു കൊണ്ട് ജോസഫ് മാഷിന് വലതുകാലില് ഒരു വെട്ട് ബോണസ്സായി കിട്ടി. ഇനി പറയൂ, മതം ശരിക്കും പഠിച്ച് മനസ്സിലാക്കത്തതാണ് പ്രശ്നങ്ങള്ക്ക് കാരണമെന്ന് പറയുന്നതില് കാര്യമില്ലേ?! മതം ശരിക്കും പഠിച്ചിരുന്നെങ്കില് അയാള് വലതുകൈയ്യും ഇടതു കാലും മാത്രമെ വെട്ടുമായിരുന്നുള്ളു!

(6) ഈ ഹീനകൃത്യം ചെയ്തവര് ഇന്നും മുഖ്യധാരമതവിശ്വാസികള്ക്ക് വീരനായകരാണെന്നതാണ് ദു:ഖകരമായ സത്യം. അവര് മതത്തിന് വേണ്ടി പോരാടി ജയിലില് പോയവരാണ്. വളരെ ചെറിയ ഒരു ന്യൂനപക്ഷം മാത്രമേ ഒരു നിസ്സഹായന്റെ കൈവെട്ടി കരുത്ത് കാട്ടിയത് മനുഷ്യത്വഹീനവും കിരാതവുമാണെന്ന് കരുതുന്നുള്ളു. ബാക്കിയുള്ളവരില് ഭൂരിഭാഗവും അതിനെക്കുറിച്ച് സംസാരിക്കാന് പോലും താല്പര്യം കാണിക്കാത്തവരാണ്. പുറമെ അപലപിക്കുകയും ഉള്ളില് അഭിമാനിക്കുകയും ചെയ്യുന്നവരാണ് മറ്റൊരു വിഭാഗം. അപലപിച്ച് ആളുകളിക്കുന്നവരെ തട്ടി നടക്കാനാവാത്ത അവസ്ഥ ഈ സംഭവത്തിന് ശേഷമുണ്ടായി. അതിബുദ്ധികളായ മതജീവികളായിരുന്നു ഇത്തരം അധരവ്യായാമപ്രകടനങ്ങളുടെ മുന്പന്തിയില്.

(7) മതവെറിയര്ക്ക് മതമനസ്സുകളില് സ്ഥാനമില്ലെന്ന വാദം അസാധുവമാണ്. ഒരു മതത്തിലെ എല്ലാവരും കൊല്ലുകയും വെട്ടുകയും കത്തിക്കുകയും ചെയ്യുന്നുണ്ടാവില്ല. അത് സാധ്യമല്ലെന്ന് മാത്രമല്ല അതിന്റെ ആവശ്യവുമില്ല. തീവ്രവാദികളെയും പൗരോഹിത്യത്തെയുമാണ് ശരാശരി മതവിശ്വാസി പിന്പറ്റുന്നത്. മതത്തില് ആചരിക്കപ്പെടുന്നത് ഭൂരിപക്ഷത്തിന്റെ അഭിപ്രായമല്ല. മറിച്ച് ഭയം വിതയ്ക്കാനും സമ്പത്ത് വാരിക്കൂട്ടാനും ശേഷിയുള്ള മതവെറിയരും പൗരോഹിത്യവും അടങ്ങുന്ന ചെറു ന്യൂനപക്ഷമാണ് മതത്തെ നിര്മ്മിക്കുന്നതും നയിക്കുന്നതും. അവര് പറയുന്നതാണ് മതം. ന്യൂനപക്ഷം മാത്രം ആഗ്രഹിക്കുന്ന പര്ദ പൊതു മതവസ്ത്രമായി മാറുന്നത് അങ്ങനെയാണ്. യഥാര്ത്ഥ മതം പേടിപെടുത്ത ഒന്നാണ്;യഥാര്ത്ഥ മതവിശ്വാസി കലര്പ്പില്ലാത്ത ഭീഷണിയും. മതകാര്യങ്ങളില് വെള്ളം ചേര്ക്കുന്ന പ്രായോഗികമതികളായ ഭൂരിപക്ഷമാണ് സമൂഹത്തിന് അല്പ്പമെങ്കിലും ആശ്വാസം കൊണ്ടുവരുന്നത്.

(8) മതമനസ്സുകള് ഇന്നും ഈ ഹീനകൃത്യത്തില് നിഗൂഡമായി ആനന്ദിക്കുന്നത് കാണാം. മിതവാദികള് എന്ന് നെറ്റിയിലൊട്ടിച്ച് നടക്കുന്ന പലരും ”മുഹമ്മദിനെ പറഞ്ഞാല് ഇങ്ങനെയിരിക്കും”എന്ന രീതിയില് രഹസ്യമായി ഗൂഡാഹ്ളാദം പ്രകടമാക്കുന്നത് കാണാം. കൈവെട്ട് പാര്ട്ടിയുടെ സ്ഥാനാര്ത്ഥിയെ തൊട്ടടുത്ത പ്രാദേശിക തെരഞ്ഞെടുപ്പില് വിജയിപ്പിച്ചത് ഇതേ മതവാദികളാണ്. അതല്ലാതെ തീവ്രവാദികള്ക്ക് തെരഞ്ഞെടുപ്പ് വിജയം വെട്ടിപ്പിടിക്കാനുള്ള അംഗസംഖ്യയുണ്ടാവില്ലല്ലോ. ഓര്ക്കുക, മതവെറിയര് മതത്തിന്റെ സവിശേഷമായ ഉത്പ്പന്നമാണ്. സൗദി അറേബ്യ വരെ നീളുന്ന ഗൂഡാലോചയുടെ തിരക്കഥയാണ് കൈവെട്ടിനുള്ളത്. മതവെറിയര് എന്ന തീവ്ര ന്യൂനപക്ഷം വെറും കോടാലിക്കൈ മാത്രമാണ് ഇത് വ്യക്തമാക്കുന്നു. ജോസഫ് മാഷിന്റെ കൈ വേര്പെട്ടപ്പോള് ഒരുപാട് മനസ്സുകളില് ലഡ്ഡു പൊട്ടിയിട്ടുണ്ടാവണം. അദ്ദേഹത്തിന്റെ ഭാര്യയുടെ ശവവും ഇക്കൂട്ടരുടെ കണ്ണിന് കര്പ്പൂരമായി മാറുന്നുണ്ടാവാം.

(9) മതഭീകരത അഴിച്ചുവിടാനുള്ള സമ്പത്തും പോഷകവും ആള്ബലവും കണ്ടെത്തുന്നത് മതവെറിയരല്ല. രാജ്യാന്തര ഗൂഡാലോചന നടത്താനും വിമാനങ്ങള് റാഞ്ചാനുമുള്ള സമ്പത്ത് മതവെറിയര് പാറപ്പണി ചെയ്ത് ഉണ്ടാക്കുന്നതല്ലെന്നറിയുക. അവര് കേവലം മതത്തിന്റെ കൊട്ടേഷന് ടീമാണ്. അവരുടെ പെറ്റമ്മയും പോറ്റമ്മയും മതം തന്നെയാണ്. മതത്തില് ഇല്ലാത്തതൊന്നും അവരിലില്ല. മതവിശ്വാസികളില് ഭൂരിപക്ഷവും മതതീവ്രവാദികളുമായി അഗാധമായ രമ്യതയിലാണ്. അവരുമായി മാനസികമായി ഐക്യപ്പെടുകയും ഗൂഡമായി ആരാധിക്കുകയും ചെയ്യുന്നു. തങ്ങള് സദാ മനസ്സില് ആഗ്രഹിക്കുന്ന, അതേസമയം ജീവിതസുരക്ഷ ഓര്ത്ത് ചെയ്യാന് മടിക്കുന്നതുമായ കാര്യങ്ങളാണ് മതവെറിയര് നടപ്പിലാക്കുന്നത് എന്നവര് ചിന്തിക്കുന്നു. ഇരുകൂട്ടര്ക്കും ഇക്കാര്യം ബോധ്യമുണ്ട്. മതാചാരം തെറ്റിച്ച് വിവാഹം ചെയ്യുന്നവരെപ്പോലും ദയാശൂന്യമായി ഒറ്റപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്യുന്നവര് മതഭീകരത അഴിച്ചുവിടുന്നവര്ക്ക് ഊരുവിലക്ക് പ്രഖ്യാപിച്ചതായി കേട്ടിട്ടുണ്ടോ?

(10) ഏതെങ്കിലും ഭീകരവാദിയെ മതം ബഹിഷ്ക്കരിച്ചതായി കേട്ടിട്ടുണ്ടോ? അങ്ങനെ സംഭവിക്കില്ലെന്ന് മാത്രമല്ല മതഹൃദയമാണവന്റെ വാസസ്ഥാനം. വിശ്വാസിയുടെ കണ്ണില് പുലിജന്മങ്ങളാണവര്. രാജ്യത്തെ നശിപ്പിക്കാനെത്തിയ കസബിന് വേണ്ടി പ്രത്യേക പ്രാര്ത്ഥന നടന്ന നാടാണിത്. അഫ്ഗാനിസ്ഥാനില് ബെല്റ്റ് ബോംബ് പൊട്ടുമ്പോഴും യൂറോപ്യന് തെരുവുകളില് കഴുത്തറുക്കുമ്പോഴും ടെലിവിഷന് സെറ്റിന് മുന്നിലിരിക്കുന്ന മുഖ്യധാരാവിശ്വാസി അനുഭവിക്കുന്ന നീചവും ഗൂഡവുമായ സംതൃപ്തി മതവിശ്വാസം എന്ന കറുത്ത രോഗത്തിന്റെ അനിഷേധ്യമായ സംഭാവനയാണ്. മതവിശ്വാസിയുടെ മനം മതവെറിയന്റെ ക്ഷേമത്തിനായി അനുസ്യൂതമായി തുടിച്ചുകൊണ്ടിരിക്കും. തന്റെ മതത്തിലെ ഒരു തീവ്രവാദി പോലും നശിക്കുന്നത് അവനിഷ്ടപ്പെടുന്നില്ല. ഭീകരവാദിക്ക് മേല് പതിക്കുന്ന ഓരോ ബോംബും അവന് ഇടിത്തീയായി അനുഭവപ്പെടുന്നു. മാനവികബോധം അന്യം നിന്നിട്ടില്ലാത്ത മതവാദികളില്ലെന്ന് പറയാനാവില്ല. തീര്ച്ചയായും അത്തരക്കാരുണ്ട്. പക്ഷെ അവരുടെ എണ്ണം തള്ളിക്കളയാവുന്നത്ര നിസ്സാരമാണ്. എണ്ണം കൂടിയാല് മതം അവരെയും കൃത്യമായി കൈകാര്യം ചെയ്യും-അതവര്ക്കുമറിയാം.

(11) ഭീകരവാദിക്ക് മതമില്ല (Terrorism/st has no Religion)എന്ന വിലക്ഷണമായ കാട്ടുഫലിതം അനുസ്യൂതം വിളമ്പുന്നവര് സത്യത്തില് സ്വയം വഞ്ചിക്കുന്നവരാണ്. മതമാറ്റത്തിനായി നടത്തുന്ന ജീവകാരുണ്യപ്രവര്ത്തനം പോലും മതമാഹാത്മ്യമായി കൊണ്ടാടപ്പെടുമ്പോള് മതത്തിന്റെ പേരില് പൊട്ടിത്തെറിപ്പിക്കുകയും വെട്ടിക്കീറുകയും ചെയ്യുന്നവരെ മതം സമൂഹത്തിന്റെ തലയില് വെച്ചുകെട്ടി കൈ കഴുകുന്നു! മികച്ചതും നല്ലതും മതം, അതേസമയം, മതം സമൂഹമധ്യത്തിലേക്ക് വലിച്ചെറിയുന്ന മാലിന്യത്തിന് മതം ഉത്തരവാദിയല്ല! ഇത്തരം മതപ്രീണനവാദങ്ങള് നിസ്സഹായമായി ചുമന്ന് നടക്കുന്നവരുടെ കൊടിയുടെ നിറം എന്തു തന്നെ ആയിക്കൊള്ളട്ടെ, അവര് മനുഷ്യന്റെ എതിര്ചേരിയിലാണ്. തങ്ങളുടെ മാത്രം ഉത്ക്കര്ഷം ഇച്ഛിക്കുന്ന ആത്മവഞ്ചകരാണവര്. യഥാര്ത്ഥ മതം സ്നേഹസമൃദ്ധമാണെന്നും ഉമ്മവെച്ച് തളരാനാണ് അതാവശ്യപ്പെടുന്നതെന്നും വാദിക്കുന്നവര് വിജയകരമായി സ്വയം വഞ്ചിക്കാന് ശീലിച്ചവരാണ്. മലയാളിയുടെ നിസംഗതയക്ക് മുകളിലൂടെ മതഭീകരതയുടെ കരിഞ്ചേര ഇഴഞ്ഞുകയറുകയാണ്. വെട്ട് വീഴുന്നത് മനുഷ്യന്റെ നേരെയാണ്;അവന്റെ പിടച്ചിലാണ് കാണപ്പെടാതെ പോകുന്നത്. സഹജീവിയുടെ മേല് വീഴുന്ന ഓരോ വെട്ടും തനിക്ക് വേണ്ടി ഉപയോഗിക്കുന്നവനല്ല ഓരോ വെട്ടും തനിക്ക് നേരെയാണെന്ന് തിരിച്ചറിയുന്നവനാണ് മനുഷ്യനൊപ്പം നടക്കുന്നത്.