യോഗേന്ദ്രയാദവും പ്രശാന്ത് ഭൂഷണും ആം ആദ്‌മിയ്ക്കു പുറത്ത്

ന്യൂഡല്‍ഹി: ശൈശവത്തില്‍ തന്നെ അധികാരപ്രതിസന്ധി ആം ആദ്‌മിയില്‍ രൂക്ഷമാകുന്നു. യോഗേന്ദ്ര യാദവും പ്രശാന്ത്‌ ഭൂഷനും ആം ആദ്‌മി പാര്‍ട്ടിയുടെ നാഷ്‌ണല്‍ എക്‌സിക്യൂട്ടീവില്‍ നിന്ന്‌ രാജിവച്ചു. അവസാനവട്ട അനുനയ ശ്രമം പാളിയ സാഹചര്യത്തിലാണ്‌ ഇരുവരും രാജി അംഗീകരിച്ചത്. ഇരു നേതാക്കളുമായും ഇനി ചര്‍ച്ചയില്ലെന്ന്‌ ആം ആദ്‌മി പാര്‍ട്ടി വ്യക്‌തമാക്കി.

അതേസമയം യോഗേന്ദ്ര യാദവും പ്രശാന്ത്‌ ഭൂഷനും കഴിഞ്ഞ പതിനേഴിന്‌ തന്നെ രാജി വച്ചിരുന്നതായി ആം ആദ്‌മി പാര്‍ട്ടി നേതാവ്‌ കുമാര്‍ ബിശ്വാസ്‌ പറഞ്ഞു. എന്നാല്‍ രാജിയില്‍ തീരുമാനമെടുക്കാതെ ഇരിക്കുകയായിരുന്നു. യോഗേന്ദ്ര യാദവും പ്രശാന്ത്‌ ഭൂഷനും പാര്‍ട്ടിക്ക്‌ മുന്നില്‍ വച്ച അഞ്ച്‌ ആവശ്യങ്ങള്‍ പാര്‍ട്ടി അംഗീകരിച്ചു. ദേശീയ കണ്‍വീനര്‍ സ്‌ഥാനത്ത്‌ നിന്ന്‌ കെജ്രിവാളിനെ നീക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നും കുമാര്‍ ബിശ്വാസ്‌ പറഞ്ഞു.

Loading...

പാര്‍ട്ടിയുടെ രാഷ്‌ട്രീയകാര്യ സമിതി യോഗത്തിന്‌ ശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു കുമാര്‍ ബിശ്വാസ്‌. ഡല്‍ഹി തെരഞ്ഞെടുപ്പ്‌ മുതല്‍ പ്രശാന്ത്‌ ഭൂഷനും യോഗേന്ദ്ര യാദവും അരവിന്ദ്‌ കേജ്‌റിവാളിനെ പാര്‍ട്ടി കണ്‍വീനര്‍ സ്‌ഥാനത്ത്‌ നിന്ന്‌ നീക്കം ചെയ്യണമെന്ന്‌ ആവശ്യപ്പെട്ടിരുന്നു. കെജ്രിവാളിന്‌ അഞ്ചുവര്‍ഷം എന്ന മുദ്രാവാക്യം ഉയര്‍ത്തി തെരഞ്ഞെടുപ്പ്‌ നേരിടുന്നതില്‍ ഇരു നേതാക്കള്‍ക്കും എതിര്‍പ്പുണ്ടായിരുന്നതായും കുമാര്‍ ബിശ്വാസ്‌ ആരോപിച്ചു.

എന്നാല്‍ തനിക്കെതിരെ തിരിഞ്ഞ ഇവരെ പാര്‍ട്ടിയില്‍ നിന്നു നീക്കണമെന്നുള്ള കേജ്റിവാളിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് പാര്‍ട്ടിയുടെ ഈ തീരുമാനമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.