കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അദാനി ഫൗണ്ടേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ മാത്രം ആയിരം കുഞ്ഞുങ്ങള്‍ മരണപ്പെട്ടതായി ഗുജറാത്ത് സര്‍ക്കാര്‍

ഗാന്ധിനഗര്‍; കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അദാനി ഫൗണ്ടേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ മാത്രം ആയിരം കുഞ്ഞുങ്ങള്‍ മരണപ്പെട്ടതായി ഗുജറാത്ത് സര്‍ക്കാര്‍. ഗുജറാത്തിലെ കച്ച് ജില്ലയിലുള്ള അദാനി ഫൗണ്ടേഷന്റെ ജി കെ ആശുപത്രിയിലെ കുഞ്ഞുങ്ങളാണ് ഇത്ര അധികം കുഞ്ഞുങ്ങള്‍ മരിച്ചിരിക്കുന്നത്. നിയമസഭയിലെ ചോദ്യോത്തര വേളയില്‍ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലാണ് ഇത് സംബന്ധിച്ച് കണക്കുകള്‍ പുറത്തുവിട്ടത്.

1,018 ശിശു മരണങ്ങളാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ആശുപത്രിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതേപറ്റി അന്വേഷിക്കാന്‍ കഴിഞ്ഞ മെയില്‍ ഒരു കമ്മറ്റി സര്‍ക്കാര്‍ രൂപീകരിച്ചിരുന്നതായും സഭയില്‍ മന്ത്രി പറഞ്ഞു. 2014-15 വര്‍ഷം 188 കുഞ്ഞുങ്ങളാണ് മരണപ്പെട്ടത്. 2015-16ല്‍ 187 ഉം, 2016-17ല്‍ 208, 2017-18ല്‍ 276, 2018-19ല്‍ 159 കുഞ്ഞുങ്ങളുമാണ് മരണപ്പെട്ടിരിക്കുന്നത്. കോണ്‍ഗ്രസിന്റെ സന്തോക്‌ബെന്‍ അരേതിയയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നിതിന്‍ പട്ടേല്‍.

Loading...

വിവിധ കാരണങ്ങള്‍ കൊണ്ടാണ് കുഞ്ഞുങ്ങള്‍ മരിക്കാനിടയായതെന്ന് കമ്മറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നതായി പട്ടേല്‍ പറഞ്ഞു. എന്നാല്‍ ആശുപത്രിയുടെ ചികിത്സാ രീതികളില്‍ തെറ്റായ ഒന്നും തന്നെ കണ്ടെത്താന്‍ കമ്മിറ്റിക്ക് സാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.