ആരാധനയുടെ ആധിക്യം സ്വയം നിയന്ത്രിച്ചു. കുറ്റബോധം കൊണ്ട് മനസ്സ് വിതുമ്മി, ഞാന്‍ ക്രിസ്തുവിനെ ഓര്‍ത്തു

തൃശൂര്‍: മതഭീകരതയില്‍ നിന്നും നമ്മുടെ രാഷ്ട്രത്തിന്റെ വിമോചനത്തിനായുള്ള പോരാട്ടമാണ് ഈ ലോകസഭാ തെരഞ്ഞെടുപ്പ് എങ്കില്‍ ആ പോരാട്ടത്തിന്റെ കൊടിയടയാളമാണ് സഖാവ് പി.ജയരാജനെന്ന് എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍. വര്‍ഗ്ഗീയ കലാപങ്ങളൊഴിഞ്ഞ സുരക്ഷിത ഇന്ത്യന്‍ ജീവിതം എന്ന ജനലക്ഷങ്ങളുടെ ആഗ്രഹത്തിന്റെ പ്രതീകമാണ് അദ്ദേഹം. രാജ്യത്തോടും ജനങ്ങളോടുമുള്ള സ്‌നേഹത്തിലും കരുതലിലും ഒരിഞ്ചുപോലും വിട്ടുവീഴ്ചയില്ല എന്നതാണ് ഞാന്‍ അദ്ദേഹത്തില്‍ കാണുന്ന ഒരു കുറ്റം. അടിയേറ്റാലും പിന്മാറുകയില്ല. കൊല്ലപ്പെട്ടാലും ജനിച്ചു വരുമെന്ന് അശോകന്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം

Loading...

മതഭീകരതയില്‍ നിന്നും നമ്മുടെ രാഷ്ട്രത്തിന്റെ വിമോചനത്തിനായുള്ള പോരാട്ടമാണ് ഈ ലോകസഭാ തെരഞ്ഞെടുപ്പ് എങ്കില്‍ ആ പോരാട്ടത്തിന്റെ കൊടിയടയാളമാണ് സഖാവ് പി.ജയരാജന്‍. വര്‍ഗ്ഗീയ കലാപങ്ങളൊഴിഞ്ഞ സുരക്ഷിത ഇന്ത്യന്‍ ജീവിതം എന്ന ജനലക്ഷങ്ങളുടെ ആഗ്രഹത്തിന്റെ പ്രതീകമാണ് അദ്ദേഹം. രാജ്യത്തോടും ജനങ്ങളോടുമുള്ള സ്‌നേഹത്തിലും കരുതലിലും ഒരിഞ്ചുപോലും വിട്ടുവീഴ്ചയില്ല എന്നതാണ് ഞാന്‍ അദ്ദേഹത്തില്‍ കാണുന്ന ഒരു കുറ്റം. അടിയേറ്റാലും പിന്മാറുകയില്ല. കൊല്ലപ്പെട്ടാലും ജനിച്ചു വരും.

സ്വഭാവികമായും ഈ വിമോചനപ്പോരാളിയെ മതഭീകരരും അവരുടെ സംരക്ഷകരായ ധനസാമ്രാജ്യത്തവും നേരത്തേ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിന്റെ ഒന്നാമത്തെ തെളിവാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു തിരുവോണ ദിവസം അവരുടെ കിങ്കരന്മാര്‍ വീട്ടില്‍ കയറിച്ചെന്ന് അദ്ദേഹത്തിനു മേല്‍ നടത്തിയ ആക്രമണം. മരിച്ചു എന്ന് ഉറപ്പാക്കിയിട്ടാണ് അവര്‍ അന്നു തിരിച്ചു പോയത്. അദ്ദേഹം വീണ്ടും ജനിക്കുകയും കര്‍മ്മനിരതനാവുകയും ചെയ്തുവെങ്കില്‍ അത് ആയിരക്കണക്കിനു വര്‍ഷത്തെ പാരമ്പര്യമുള്ള ഇന്ത്യന്‍ മതേതര സംസ്‌കാരത്തിന്റെ ആത്മബലമാണ്.ശത്രു തിരിച്ചറിഞ്ഞു എന്നതിന്റെ രണ്ടാമത്തെ തെളിവ് നമ്മുടെ സാംസ്‌കാരിക വ്യവസായം അവരുടെ മാധ്യമങ്ങളിലൂടെ അദ്ദേഹത്തെക്കുറിച്ചു നടത്തിയിട്ടുള്ള നിര്‍മ്മിതികളാണ്.

എന്തെല്ലാം കഥകള്‍! പുറത്ത് വ്യാജപ്രചരണം കൊഴുക്കുന്നതിനുസരിച്ച് സത്യം അറിയുന്ന നാട്ടുകാര്‍ അദ്ദേഹത്തെ കൂടുതല്‍ കൂടുതല്‍ സ്‌നേഹിച്ചു. ആരാധിച്ചു. അവസാനം ആരാധനയുടെ ആധിക്യത്തെ അദ്ദേഹത്തിനു തന്നെ ഇടപെട്ട് നിയന്ത്രിക്കേണ്ടി വന്നതും ഓര്‍ക്കുന്നു. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ ആ നിയന്ത്രണമെല്ലാം അണപൊട്ടി ഒഴുകുകയാണ്.ഏതോ ഒരു സമ്മേളനത്തിന് ഇടക്കുള്ള ഉച്ചഭക്ഷണ സമയത്ത് എനിക്കു നേരെയുള്ള പന്തിയിലാണ് പി.ജയരാജന്‍ ഇരുന്നത്. ഭക്ഷണത്തോടും അദ്ദേഹം യുദ്ധം ചെയ്യുകയായിരുന്നു. ഒരു പിടി അന്നം വായിലാക്കാന്‍ അദ്ദേഹം നടത്തുന്ന നീണ്ട പരിശ്രമം കണ്ടപ്പോള്‍ കുറ്റബോധം കൊണ്ട് എന്റെ മനസ്സു വിതുമ്മി. എന്നേപ്പോലെ വീട്ടുജീവികളായ മതേതരവാദികള്‍ക്ക് വേണ്ടി ഏറ്റുവാങ്ങിയതാണല്ലോ ആ മുറിവുകള്‍. ഞാന്‍ ക്രിസ്തുവിനെ ഓര്‍മ്മിച്ചു.വടകരയില്‍ എതിര്‍ സ്ഥാനാര്‍ത്ഥി ആരെന്ന് വ്യക്തമായിട്ടില്ല. ആരൊക്കെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചാലും അവിടെ ആര്‍.എസ്.എസ്., കോണ്‍ഗ്രസ്, ആര്‍.എം.പി., എസ്.ഡി.പി.ഐ. എന്നിവരുടെ സംയുക്ത നീക്കമായിരിക്കും ജയരാജനു നേരെ ഉണ്ടാവുക. പക്ഷേ ഒരു കാര്യം ഉറപ്പ്. ഈ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെടുക സഖാവ് പി.ജയരാജനായിരിക്കും.