വിജയ് നായര്‍ക്കെതിരായ ആക്രമണം;ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരെ മോഷണക്കുറ്റം ചുമത്തി

തിരുവനന്തപുരം: യൂട്യൂബര്‍ വിജയ് നായരെ ആക്രമിച്ച സംഭവത്തില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരെ മോഷണക്കുറ്റം ചുമത്തി. വീട് കയറി ആക്രമിച്ച് മൊബൈല്‍, ലാപ്‌ടോപ്പ് എന്നിവ അപഹരിച്ചെന്ന വിജയ് നായരുടെ പരാതിയിലാണ് നടപടി. ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിയിരിക്കുന്നത്. ദേഹോപദ്രവം ഏല്‍പ്പിക്കല്‍,അസഭ്യം പറയല്‍ എന്നീ വകുപ്പുകള്‍ എന്നിവയും ചുമത്തിയിട്ടുണ്ട്.

അതേസമയം അശ്ലീല പരാമർശം നടത്തിയ ഡോ. വിജയ്.പി.നായർക്കെതിരെ പൊലീസ് കേസെടുത്തു. ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ പരാതിയിലാണ് നടപടി. വിജയ്.പി.നായർ യൂട്യൂബിൽ സ്ത്രീവിരുദ്ധമായ പരാമർശങ്ങൾ അടങ്ങുന്ന വീഡിയോ പങ്കുവച്ചിരുന്നു. പലരുടെയും പേര് പരാമർശിക്കാതെ അവർ അലങ്കരിച്ച സ്ഥാനങ്ങളും മറ്റും ചൂണ്ടിക്കാട്ടിയായിരുന്നു മോശം പരാമർശങ്ങൾ നടത്തിയത്. കേരളത്തിലെ ഫെമിനിസ്റ്റുകളെയും ലൈംഗിക ചുവയോടെ അധിക്ഷേപിക്കുന്നതായിരുന്നു വീഡിയോയിലെ പരാമർശങ്ങൾ.

Loading...

സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം നടത്തിയ വിജയ്.പി.നായർക്കെതിരെ ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിൽ പ്രതിഷേധം അരങ്ങേറിയിരുന്നു. ആക്ടിവിസ്റ്റ് ദിയ സന, ആക്ടിവിസ്റ്റും അധ്യാപികയുമായ ശ്രീലക്ഷ്മി അറയ്ക്കലും പ്രതിഷേധത്തിൽ പങ്കെടുത്തു. പ്രതിഷേധത്തിന്റെ വീഡിയോ ഫേസ്ബുക്കിലൂടെ ലൈവായി നൽകുകയും ചെയ്തു.