പ്രധാനമന്ത്രിയെ ആക്രമിക്കാൻ പോപ്പുലർ ഫ്രണ്ട് ആസൂത്രണം നടത്തിയെന്ന് ഇഡി

ന്യൂഡല്‍ഹി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആക്രമിക്കുവാന്‍ പോപ്പുലര്‍ ഫ്രണ്ട് ആസൂത്രണം നടത്തിയെന്ന് ഇഡി. ജൂലൈ 12ന് ബിഹാറിലെ പട്‌നയില്‍ നടന്ന റാലിയില്‍ പ്രധാനമന്ത്രിയെ ആക്രമിക്കുവനായിരുന്നു പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ പദ്ധതി. കേരളത്തില്‍ നിന്ന് അറസ്റ്റിലായ കണ്ണൂര്‍ സ്വദേശിയായ പോപ്പുലര്‍ ഫ്രണ്ട് ഭീകരന്‍ ഷെഫീക്ക് പായത്തിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇഡി ഇക്കാര്യങ്ങള്‍ പറയുന്നത്. ഇതിനായി പരിശീലന പരിപാടികള്‍ ഉള്‍പ്പെടെ പോപ്പുലര്‍ ഫ്രണ്ട് നടത്തിയിരുന്നു.

ഭീകരപ്രവര്‍ത്തനം, രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, കലാപമുണ്ടാക്കല്‍ എന്നിവയ്ക്കായി 120 കോടിരൂപ എന്‍ആര്‍ഐ അക്കൗണ്ട് വഴി പോപ്പുലര്‍ ഫ്രണ്ട് സമാഹരിച്ചതായും ഇഡി കണ്ടെത്തി. വിദേശത്ത് നിന്നും എന്‍ആര്‍ഐ അക്കൗണ്ടുകള്‍ വഴി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പണം അയക്കുകയാണ് ചെയ്തിരുന്നത്.

Loading...

എന്‍ഐഎ അറസ്റ്റ് ചെയ്ത പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ക്കെതിരെ യുഎപിഎ അനുസരിച്ചുള്ള വകുപ്പുകള്‍ ചുമത്തും. പോപ്പുലര്‍ ഫ്രണ്ട് മുന്‍ ചെയര്‍മാന്‍ ഇ അബുബക്കര്‍ ഉള്‍പ്പെടെ 18 പേരെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. നാല് ദിവസമാണ് ഇവരെ കോടതി എന്‍ഐഎയുടെ കസ്റ്റഡിയില്‍ വിട്ടത്. ചോദ്യം ചെയ്യലില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തേക്കും. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട് 19 കേസുകളാണ് എന്‍ഐഎ അന്വേഷിക്കുന്നത്.

സമൂഹത്തില്‍ ഭീതിവിതയ്ക്കുന്ന പ്രവര്‍ത്തനമാണ് ഇവര്‍ നടത്തുന്നതെന്ന് എന്‍ഐഎ കോടതിയെ അറിയിച്ചു. പ്രഫ.ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടിയ സംഭവം. മറ്റ് മതസംഘടന പ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടായ ആക്രമണം. സ്ഫോടകവസ്തുക്കളുടെ ശേഖരണം എന്നിവയെല്ലും നിരന്തരം പോപ്പുലര്‍ ഫ്രണ്ട് ആവര്‍ത്തിക്കുന്നതായി എന്‍ഐഎ കോടതിയെ അറിയിച്ചു. തീവ്രവാദ പ്രവര്‍ത്തനത്തിന് യുവാക്കളെ സജ്ജരാക്കുവാന്‍ ഭീകരന്‍ യാസര്‍ ഹസനും മറ്റ് ചിലരും ശ്രമിച്ചു. ഇതിനായി ആയുധ പരിശീലന ക്യാംപുകള്‍ പോപ്പുലര്‍ ഫ്രണ്ട് സംഘടിപ്പിച്ചിരുന്നു.