ഇരുപത് വർഷം മുമ്പ് ഞാൻ ഫോണിലൂടെ കേട്ട ഒരു തെരഞ്ഞെടുപ്പ് ഫലമാണിത്. ഓരോ തെരഞ്ഞെടുപ്പ് ഫലം വരുമ്പോഴും എനിക്കിതോർമ്മ വരും. ഫോണിന്റെ അങ്ങേ തലക്കൽ എന്റെ അഛൻ തന്നെയായിരുന്നു.

”പിതാവിന്റെ വോട്ടെണ്ണൽ നടക്കുമ്പോൾ മക്കളുടെ നെഞ്ചിലും തീയാണേ… ഒരിക്കൻ അച്ചൻ തോറ്റശേഷം വീട്ടിലേക്ക് വിളിച്ചു.. ആ വിളി ഇന്നും ചെവിയിൽ മുഴങ്ങുകയാണ്‌. പിന്നീട് 2006ൽ കേരളാ നിയമസഭയുടെ ചരിത്രത്തിൽ ഇന്നേ വരെയില്ലാത്ത ഭൂരിപക്ഷത്തിൽ അച്ചൻ ജയിച്ചപ്പോഴും ഒരു ഫോൺ വിളി വീട്ടിലേക്ക് വന്നു. തോറ്റ് വിളിച്ച ആ പഴയ ഫോൺ വിളിയുടെ ശബ്ദമായിരുന്നു ചെവിയിൽ മുഴങ്ങുന്നത്. തോറ്റ് നില്ക്കുന്ന അച്ചന്റെ ഇടറിയ സ്വരം മനസിൽ കണ്ട് ഫോൺ എടുത്തു. കേരളാ നിയമ സഭയുടെ ചരിത്രത്തിലേ ഏറ്റവും ഉയർന്ന (47,615 വോട്ട്) ഭൂരിപക്ഷത്തിൽ വിജയിച്ച നിലവിലേ ആലത്തൂർ എം.എൽ.എയായ എം.ചന്ദ്രന്റെ മകൻ പിതാവിനെ പറ്റി എഴുതുന്നത്.” 

Loading...

1996-ലെ നിയമസഭാ തെരഞ്ഞെടുപ്പാണ് പശ്ചാത്തലം. അന്ന് ഇന്നത്തെ പോലെ TV യും, മൊബൈൽ ഫോണും ഒന്നും ഇല്ല. ഫലമറിയാൻ റേഡിയോ തന്നെ ശരണം. രാത്രി ഏറെയായിട്ടും ലീഡുകൾ മാറി മാറി വരുന്ന വിവരം മാത്രമാണ് അതിൽ നിന്നും കിട്ടിയത്.

ഇടക്ക് ഉറങ്ങി പോയപ്പോഴാണ് ഫോൺ ബെല്ലടിച്ചത്. എടുത്തപ്പോൾ അപ്പുറത്ത് അഛൻ. അഛൻ തോറ്റു എന്ന് പറഞ്ഞു. എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല. എല്ലാം അഛനായിരുന്ന കാലത്ത് അഛൻ തോറ്റാൽ പിന്നെ ലോകം തന്നെ ഇരുളടഞ്ഞ പോലെ. എന്താ പറയേണ്ടത് എന്നറിയാതെ ഞാൻ നിന്നു. അഛനും ഒന്നും പറയുന്നുണ്ടായിരുന്നില്ല. അഛന് സങ്കടമായോ എന്തോ? എപ്പൊഴാ വീട്ടിലേക്ക് വരുന്നതെന്ന് ചോദിച്ചു. നാളെ വരാമെന്ന് പറഞ്ഞു. കുറച്ചു നേരത്തെ നിശബ്ദതക്ക് ശേഷം ആ ഫോൺ സംഭാഷണം കട്ടായി.

“അച്ഛന്‍ തോറ്റു ല്ലെ?” പലരുടേയും ആ ചോദ്യം കുറെ കാലം എന്നെ കഷ്ടപ്പെടുത്തിയിട്ടുണ്ട്.  രൂപീകൃതമായതിനുതിശേഷം ഇന്നേവരെ പാർട്ടി തോറ്റിട്ടില്ലാത്ത കൊല്ലങ്കോട് നിയോജക മണ്ഡലത്തിലാണ്, പാലക്കാട്ടെ പാർട്ടിയുടെ കരുത്തൻ തോറ്റത്. പലരേയും പോലെ എനിക്കും, ഇന്നും അത് ബോധ്യപെട്ടിട്ടില്ല.

കാലം കുറെ കഴിഞ്ഞു. വീണ്ടുമൊരു നിയമസഭാ തെരഞ്ഞെടുപ്പ്. 2006-ൽ. അഛനെ പിന്നേയും മത്സരിപ്പിക്കുവാൻ  പാർട്ടി തീരുമാനിച്ചു. ‘മുമ്പത്തെ പോലെ’ മറ്റൊരു ഉറച്ച മണ്ഡലത്തിൽ. വോട്ടെടുപ്പിനു ശേഷം മറ്റൊരു വേട്ടെണ്ണൽ ദിനം. ആശങ്കയോടേയും, ആകാംക്ഷയോടേയും ഞാൻ കാത്തിരുന്നു. അപ്പോഴേക്കും ചാനലുകളും മൈബൈൽ ഫോണുകും സാർവത്രികമായി. എന്നാലും കൃത്യമായ വിവരം ലഭിച്ചില്ല. LDF സ്ഥാനാർത്ഥി ലീഡ് ചെയ്യുന്നു എന്ന് മാത്രം പറയുന്നു. ചിലരെയൊക്കെ വിളിച്ചു. നല്ല ഭൂരിപക്ഷം ഉണ്ടാവും എന്ന് പറഞ്ഞ് ധൃതിയിൽ ഫോൺ കട്ട് ചെയ്യുന്നു. എന്തോ കുഴപ്പമുണ്ട്. മനസു പറഞ്ഞു. ‘കാഞ്ഞ വെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും’ എന്നാണല്ലൊ.

അവസാനം ആ വിളിയെത്തി. മൊബൈൽ ഫോണിൽ അഛൻ എന്നു കാണുന്നു. ഓർമ്മകൾ ഒരു നിമിഷം പുറകോട്ടു പോയി. നെഞ്ചിടിപ്പോടെ ഫോൺ ചെവിയോട് ചേർത്തു. അപ്പുറത്ത് പിന്നേയും അഛന്റെ ശബ്ദം. ” അഛന്റെ ഭൂരിപക്ഷം നാൽപത്തി അയ്യായിരം കടന്നു ട്ടാ.” ഞാൻ സ്തംബ്ദനായി. കാലത്തിന്റെ കാവ്യനീതി എന്ന് പറയുന്നത് ഇതാണോ? അപ്പോഴേക്കും അപ്പുറത്ത് ബഹളം. ഫോൺ കട്ടായി. ഞാൻ ടിവിക്ക് മുന്നിലേക്കോടി. അവിടെ നികേഷ് കുമാർ അവിശ്വസനീയതയോടെ ആ വാർത്ത വായിക്കുന്നുണ്ടായിരുന്നു.

“ആലത്തൂരിൽ CPM സ്ഥാനാർത്ഥി M. ചന്ദ്രൻ നാലായിരത്തി……, ക്ഷമിക്കണം. നാൽപത്തി ഏഴായിരത്തി അറനൂറ്റി പതിനഞ്ച് വോട്ടിന് മുന്നിട്ടു നിൽക്കുന്നു. കേരള നിയമസഭയുടെ ചരിത്രത്തിൽ തന്നെ ഇതുവരെ ആർക്കും ഇത്രയും വലിയ ഭൂരിപക്ഷം ലഭിച്ചിട്ടില്ല. നിയമസഭയുടെ സർവ്വകാല റെക്കോർഡുമായാണ് M.ചന്ദ്രൻ തെരഞ്ഞെടുക്കപെടാൻ പോകുന്നത്…….”