മേഘാലയയില്‍ വിഷക്കായ കൊണ്ടുണ്ടാക്കിയ ചട്ണി കഴിച്ച 14 തൊഴിലാളികള്‍ മരിച്ചു

ഷില്ലോങ്: മേഘാലയയിലെ സായ്പങ് ഗ്രാമത്തില്‍ വിഷക്കായ ചേര്‍ത്ത ഭക്ഷണം അബദ്ധത്തില്‍ കഴിച്ച് 14 തൊഴിലാളികള്‍ മരിച്ചു. അസമില്‍നിന്ന് റോഡുപണിക്ക് എത്തിയവരാണ് മരിച്ചത്. ഞായറാഴ്ച ഇവര്‍ ഭക്ഷണത്തിനൊപ്പം കഴിച്ച ചട്ണി വിഷക്കായകൊണ്ട് തയ്യാറാക്കിയതാണെന്ന് സംശയിക്കുന്നതായി പോലീസ്‌ െഎ.ജി. ജി.എച്ച്.പി. രാജു പറഞ്ഞു. മരണത്തില്‍ മറ്റ് അസ്വാഭാവികതകളൊന്നും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രാദേശികമായി ലഭിക്കുന്ന വിഷക്കായ ഉള്ളില്‍ ചെന്നതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ പറഞ്ഞു. ഇത് ഭക്ഷ്യയോഗ്യമെന്ന് കരുതി കഴിച്ചതാവാം ദുരന്തത്തിനിടയാക്കിയതെന്നും അവര്‍ സൂചിപ്പിച്ചു.