ഇന്ത്യ ഒരു മുസ്ലീം രാജ്യമായി മാറാതിരിക്കണമെങ്കില്‍ ഹിന്ദുവര്‍ദ്ധന അനിവാര്യം: വിഎച്ച്പി

 

ന്യൂഡല്‍ഹി: ഇന്ത്യയില്‍ മുസ്ലീങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ മുസ്ലീം സമൂഹത്തിന്റെ ആധിക്യം തടയാന്‍ ഹിന്ദു കുടുംബങ്ങള്‍ കൂടുതല്‍ കുട്ടികളെ ഉല്‍പ്പാദിപ്പിക്കുകയും ഘര്‍വാപസി പോലുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്യണമെന്ന് വിശ്വഹിന്ദു പരിഷത്ത്‌. ജനസംഖ്യാ വര്‍ദ്ധനവിന്റെ കാര്യത്തില്‍ 2050 ല്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ മുസ്ലീങ്ങളുള്ള ഇന്തോനേഷ്യയെ മറികടക്കുമെന്ന പുറത്തുവന്ന പഠനത്തിന്റെ പശ്‌ചാത്തലത്തിലാണ്‌ ആഹ്വാനം.

Loading...

ഹിന്ദു കുടുംബങ്ങള്‍ കുട്ടികള്‍ ഒന്നോരണ്ടോ മതിയെന്ന കാര്യത്തില്‍ ഉറച്ചു നിന്നാല്‍ ഈ സ്‌ഥിതി കയ്യില്‍ വരുമെന്നും കുട്ടികളുടെ എണ്ണത്തിന്റെ കാര്യം മാതാപിതാക്കളെ മാത്രം ബാധിക്കുന്ന കാര്യമല്ലെന്നും അവര്‍ പറഞ്ഞു. കുട്ടികളെ കൂടുതല്‍ ഉല്‍പ്പാദിപ്പിച്ച്‌ ഘര്‍വാപസി തുടരുമെന്ന്‌ പ്രതിജ്‌ഞ ചെയ്യുകയാണ്‌ ഹിന്ദു കുടുംബനാഥന്മാര്‍ ചെയ്യേണ്ടത്‌. കുടുംബത്തിന്‌ ഒരു കുട്ടിയെന്ന നിലപാട്‌ ഹിന്ദു കുടുംബങ്ങള്‍ പിന്തുടര്‍ന്നാല്‍ മുസ്ലീങ്ങള്‍ രാജ്യം പിടിച്ചെടുക്കും. കുട്ടികള്‍ എത്ര വേണമെന്നത്‌ വ്യക്‌തിപരമായ തീരുമാനം അല്ലെന്നും രാജ്യം ഇനിയും വിഭജിക്കപ്പെടാനാകില്ലെന്നുമാണ്‌ വി എച്ച്‌ പിയുടെ പക്ഷം. നരേന്ദ്ര മോഡി സര്‍ക്കാരിന്‌ ഇഷ്‌ടപ്പെട്ടാലും ഇല്ലെങ്കിലും ഘര്‍വാപസിയുമായി വിഎച്ച്‌പി മുന്നോട്ട്‌ പോകുകതന്നെ ചെയ്യുമെന്നും ഘര്‍വാപസിയിലാണ്‌ തങ്ങളുടെ നിലനില്‍പ്പെന്നും അതിനാണ്‌ വിഎച്ച്‌പി ജനിച്ചതെന്നും നേതാക്കള്‍ പറയുന്നു.

പോ റിസര്‍ച്ച്‌ സെന്റര്‍ നടത്തിയ പഠനത്തിലാണ്‌ 2050 ഓടെ ഇന്ത്യ മുസ്ലീങ്ങളുടെ കാര്യത്തില്‍ ഇന്തോനേഷ്യയെ പിന്തള്ളുമെന്ന്‌ വ്യക്‌തമാക്കിയത്‌. വേണമെങ്കില്‍ നിങ്ങള്‍ ശമ്പളം 25,000 ല്‍ നിന്നും 50,000 മാക്കി കൂട്ടും പക്ഷേ കുട്ടികളുടെ എണ്ണം കൂട്ടുകയില്ല. കൂടുതല്‍ ചെലവഴിക്കണം എന്നത്‌ തന്നെ കാരണം. ഒരു കുട്ടിയില്‍ ഹിന്ദുസമൂഹം തൃപ്‌തിപ്പെട്ടാല്‍ ഇന്ത്യ മുസ്ലീങ്ങളുടെ രാജ്യമായി മാറുക തന്നെ ചെയ്യുമെന്ന്‌ പഠനങ്ങളോട്‌ വി എച്ച്‌ പി പ്രതികരിച്ചു. ലോകത്തെവിടെയാണെങ്കിലും ജനസംഖ്യാപരമായി അസന്തുലിതാവസ്‌ഥ ഉണ്ടെങ്കില്‍ അത്‌ പരിഹരിക്കാനായി സന്താനോല്‍പ്പാദനത്തിനായുള്ള സഹായം സര്‍ക്കാരാണ്‌ നല്‍കേണ്ടതെന്ന്‌ വിഎച്ച്‌പി നേതാക്കള്‍ പറഞ്ഞു.