കുവൈത്തിലേക്ക് കള്ളക്കടത്തു സാധനങ്ങളുമായി കടക്കാന്‍ ശ്രമിച്ച ഇന്ത്യാക്കാരന്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് കള്ളക്കടത്തുനടത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഇന്ത്യാക്കാരന്‍ പിടിയില്‍. വിമാനത്താവളത്തിലെ ഉദ്യോഗസ്ഥന്‍െറ സഹായത്തോടെ കസ്റ്റംസ് പരിശോധനയില്‍നിന്നും രക്ഷപ്പെട്ട് കുവൈത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച ഇന്ത്യക്കാരനെയാണ് സുരക്ഷാ വിഭാഗം പിടികൂടിയത്.

ലോക വിപണിയില്‍ വിലപിടിപ്പുള്ള വാച്ചുകളും മൊബൈല്‍ ഫോണുകളും ബാറ്ററികളും കസ്റ്റംസ് പരിശോധനക്ക് നല്‍കാതെ രക്ഷപ്പെടാനാണ് ഇയാള്‍ ശ്രമിച്ചത്. ഇയാള്‍ മറ്റൊരു അറബ് രാജ്യത്തുനിന്നാണ് കുവൈത്തിലേക്ക് വിലപിടിപ്പുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ കടത്താന്‍ ശ്രമിച്ചത്. ഇയാളെയും രക്ഷപ്പെടാന്‍ സഹായിച്ച ഉദ്യോഗസ്ഥനെയും വിശദമായ ചോദ്യം ചെയ്തുവരുകയാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Loading...

രഹസ്യാന്വേഷണ വിധാഗം അഴിമതിക്കാരായ ഉദ്യോഗസ്ഥരെ നിരീക്ഷിച്ചു വരുകയാണെന്നും തെളിവുകള്‍ ലഭ്യമാകുന്ന മുറക്ക് അത്തരക്കാര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങളും മറ്റും തെളിവായി സ്വീകരിച്ച് ഇത്തരക്കാര്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.